LS Result | യുപിയിൽ സമാജ്‌വാദി പാർട്ടിയുടെ ചിറകിലേറി കുതിച്ച് ഇൻഡ്യ സഖ്യം; കൂപ്പുകുത്തി ബിജെപി
ന്യൂഡെൽഹി: (KVARTHA) 80 എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന രാഷ്ട്രീയമായി നിർണായകമായ ഉത്തർപ്രദേശിൽ പ്രതിപക്ഷമായ ഇൻഡ്യ സഖ്യം സമാജ്‌വാദി പാർട്ടിയുടെ ചിറകിലേറി കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒടുവിലത്തെ കണക്കുകൾ പ്രകാരം എസ്പി 35 സീറ്റുകളിലും ബിജെപി 34 സീറ്റുകളിലും ലീഡ് ചെയ്യുന്നു. അമേഠി, റായ്ബറേലി ശക്തികേന്ദ്രങ്ങൾ ഉൾപ്പെടെ ഏഴ് സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനം 2004ൽ 36 സീറ്റ് നേടിയതായിരുന്നു. അതിനൊപ്പമെത്തുന്ന പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 സീറ്റുകളിൽ 62 സീറ്റും ബിജെപിയും സഖ്യകക്ഷികളും കൂടി നേടിയപ്പോൾ സമാജ്‌വാദി പാർട്ടിക്ക് അഞ്ച് സീറ്റുകൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ. 2009ലെ തിരഞ്ഞെടുപ്പിലെ 23ൽ നിന്ന് 2014ലെ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് അഞ്ച് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു ആധിപത്യം. സംസ്ഥാനത്തെ 417 സീറ്റുകളിൽ 255 എണ്ണത്തിൽ വിജയിച്ച് അധികാരം നിലനിർത്തി. 111 സീറ്റുകൾ കരസ്ഥമാക്കി എസ്പി മുന്നേറിയെങ്കിലും ഭരണം ലഭിച്ചില്ല. ഈ തിരഞ്ഞെടുപ്പിൽ യുപി വലിയ വിസ്മയമായി മാറിയിരിക്കുകയാണ്. എൻഡിഎ 68 സീറ്റുകളുമായി ശക്തിപ്രകടനം തുടരുമെന്ന് എക്‌സിറ്റ് പോൾ സർവേകൾ സൂചിപ്പിച്ചിരുന്നു. ഇൻഡ്യ സഖ്യത്തിന് വെറും 12 സീറ്റുകൾ മാത്രമാണ് പ്രവചിച്ചിരുന്നത്. അതിനെയെല്ലാം മറികടക്കുന്ന വിധിയാണ് ജനം കുറിച്ചത്.