സി സദാനന്ദൻ വധശ്രമക്കേസ്: പ്രതികൾ നിരപരാധികളെങ്കിൽ യഥാർത്ഥ പ്രതികളാര്?


● നിയമപരമായി ശിക്ഷിക്കപ്പെട്ടവരെയാണ് നിരപരാധികളെന്ന് പാർട്ടി പറയുന്നത്.
● പഴയ രാഷ്ട്രീയ കൊലപാതക കേസുകളും ചർച്ചയാവുന്നു.
● കണ്ണൂരിൽ വീണ്ടും പഴയ കാലത്തേക്ക് മടങ്ങരുതെന്ന ആശങ്കയുണ്ട്.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ബിജെപി സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാ എംപിയുമായ സി. സദാനന്ദനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് പ്രഖ്യാപിച്ച് ഭരണകക്ഷിയായ സിപിഎം രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. എംഎൽഎമാരും മുൻ മന്ത്രിമാരും പാർട്ടി നേതാക്കളും ഈ നിലപാട് ആവർത്തിച്ച് പറയുന്നു. സോഷ്യൽ മീഡിയയിൽ അണികളും ഇതേ പ്രചരണം നടത്തുന്നുണ്ട്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതോടെയാണ് ചാരമായിക്കിടന്ന കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം വീണ്ടും ചർച്ചയായത്.
ഇതിനു പിന്നാലെ, സദാനന്ദൻ മാസ്റ്ററുടെ ഇരുകാലുകളും വെട്ടിമാറ്റിയ കേസിലെ പ്രതികൾ 30 വർഷത്തിനുശേഷം ജയിലിലേക്ക് പോയതോടെ വിഷയം വീണ്ടും ആളിക്കത്തി.
സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം പ്രതികളെ ആഘോഷപൂർവം ജയിലിലേക്ക് അയച്ച കാഴ്ച പതിവായി. മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ. ശൈലജയടക്കം മുദ്രാവാക്യം വിളികളോടെയാണ് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചത്. ഇത് വലിയ മാധ്യമവിവാദങ്ങൾക്ക് വഴി തുറന്നു. സിപിഎം നേതാക്കൾ ഈ യാത്രയയപ്പിനെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കഴിഞ്ഞ ദിവസം നടത്തിയ മാധ്യമ പ്രതികരണത്തിൽ, കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കി. കോടതി വിധി അംഗീകരിക്കുന്നുവെന്നും, നാട്ടിൽ നല്ല നിലയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നവരാണെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
പിന്നീട് പ്രതികരിച്ച മറ്റു മുതിർന്ന നേതാക്കളും ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ ആവർത്തിച്ചു. സ്ഥലം എംഎൽഎ കെ.കെ. ശൈലജയും ശിക്ഷിക്കപ്പെട്ടവർ കേസിലെ യഥാർത്ഥ പ്രതികളല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
സി. സദാനന്ദൻ മാസ്റ്ററുടെ കാൽ വെട്ടിയ സംഭവം നടന്നിട്ട് 30 വർഷം പിന്നിട്ടു. കേസ് കോടതിയിൽ നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അപ്പോഴൊന്നും യഥാർത്ഥ പ്രതികൾ ആരാണെന്ന് സിപിഎം വ്യക്തമാക്കിയിട്ടില്ല.
ഇപ്പോൾ ശിക്ഷിക്കപ്പെട്ടവർ സംഭവത്തിൽ പങ്കെടുത്തവരല്ലെന്ന് സിപിഎം നേതാക്കൾ പറയുമ്പോൾ, നിരപരാധികളായ പാർട്ടി പ്രവർത്തകർ ശിക്ഷ അനുഭവിക്കുന്നത് തെറ്റാണ്. അതുകൊണ്ട് യഥാർത്ഥ പ്രതികൾ ആരാണെന്ന് ഉടൻ വെളിപ്പെടുത്തുകയാണ് വേണ്ടതെന്നാണ് പൊതുജനാഭിപ്രായം.
കാലുകൾ വെട്ടിമാറ്റപ്പെട്ട സദാനന്ദൻ നൽകിയ മൊഴിയുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് സിപിഎം പ്രവർത്തകരായ പ്രതികൾക്കെതിരെ കേസെടുത്തത്. പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് കോടതി കേസെടുത്തത്.
കേസിൻ്റെ വിചാരണയും വിധിയും, കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീലുമായി വർഷങ്ങൾ മുന്നോട്ടുപോയി. ഇതിനുശേഷം കണ്ണൂരിൽ നടന്ന നിരവധി വധക്കേസുകളിലും വധശ്രമക്കേസുകളിലും നേരത്തെ വിധി വന്നു. പലരും ജയിലിലായി, ചിലർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. സദാനന്ദൻ മാസ്റ്റർ വധശ്രമക്കേസിൽ ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു പെറ്റീഷൻ വന്നതോടെയാണ് ശിക്ഷ നടപ്പാക്കാൻ ഉത്തരവുണ്ടായത്. കോടതി ശിക്ഷ വിധിച്ചിട്ടും പ്രതികൾ ഹാജരാവാതിരുന്ന കേസാണിത്.
സിപിഎം ഭരിക്കുമ്പോൾ രാഷ്ട്രീയ കേസുകളിലെ പ്രതികൾക്ക് ജയിലിൽ വലിയ പരിഗണനകൾ ലഭിക്കുന്നതും തുടർച്ചയായി പരോൾ കിട്ടുന്നതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടി നേതാക്കൾ ഇവരെ രക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പരാജയപ്പെട്ടതോടെയാണ് പ്രതികൾ ഇവരല്ല എന്ന ന്യായവുമായി രംഗത്തിറങ്ങിയതെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ ആരോപണം.
പാർട്ടി ആരെയും ആക്രമിക്കാറില്ലെന്നാണ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജൻ പറഞ്ഞത്. ആരുടെയും കാൽ വെട്ടുന്ന പാർട്ടിയല്ല ഇതെന്നും, ആക്രമിക്കാൻ വരുന്നവരോടുപോലും സൗമ്യമായി പെരുമാറുന്നതാണ് പാർട്ടിയുടെ രീതിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അപ്പോഴും സദാനന്ദൻ മാഷിൻ്റെ കാൽവെട്ടിയ കേസിൽ പ്രതികൾ ഇവരല്ലെന്ന് അദ്ദേഹവും പറയുന്നുണ്ട്. ഇവർക്കെല്ലാം സത്യം അറിയാം, യഥാർത്ഥ പ്രതികൾ ആരാണെന്ന് അറിയാം, പക്ഷേ അത് തുറന്നുപറയില്ലെന്നാണ് നേതാക്കൾ പറയുന്നത്.
പണ്ടൊക്കെ ഒരു കൊലപാതകമോ വധശ്രമമോ നടന്നാൽ പ്രതികൾ ആരാണെന്ന് തീരുമാനിച്ചിരുന്നത് പാർട്ടി നേതാക്കളായിരുന്നുവെന്ന ആരോപണമുണ്ട്. പാർട്ടി ഓഫീസിൽനിന്ന് ഒരു ലിസ്റ്റ് കൊടുക്കും, അവർ പ്രതികളാകും. ഇതാണ് നടപ്പുരീതി. പോലീസിനും ഇതറിയാം, പാർട്ടി പറയുന്നത് പോലീസും അംഗീകരിക്കും.
സ്ഥിരം കൊലയാളികൾ പുറത്തും, പാർട്ടി ഉണ്ടാക്കുന്ന ഹിറ്റ്‌ലിസ്റ്റിൽപ്പെട്ടവർ പ്രതികളുമാകും. ഈ കാൽവെട്ട് കേസ് അക്കാലത്ത് നടന്നതാണ്. മൂന്നു പതിറ്റാണ്ടുമുമ്പ് നടത്തിയ ആക്രമണത്തിൽ ഇങ്ങനെയൊരു വിധി നടപ്പാക്കുമെന്ന് പാർട്ടിയിൽ ആരും കരുതിയിരുന്നില്ലായിരിക്കാം.
ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതക കേസുകളിൽ ഒന്നായ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ കൊലക്കേസിലും സമാനമായ പ്രതികരണം ഉണ്ടായിരുന്നു. പ്രതികളെ തൂക്കിലേറ്റാൻ വിധിച്ചപ്പോൾ പ്രതികളിൽ പലരും സത്യം പറഞ്ഞു. ‘ഞങ്ങളല്ല പ്രതികൾ, പാർട്ടി തീരുമാനിച്ചു പ്രതികളാക്കപ്പെട്ടവരാണ് ഞങ്ങൾ, ഞങ്ങളെ തൂക്കിലേറ്റരുത്’ എന്നായിരുന്നു അവരുടെ പ്രതികരണം. തൂക്കിക്കൊല്ലാനുള്ള കോടതി വിധി പിന്നീട് ജീവപര്യന്തമായി മാറിയെന്നത് മറ്റൊരു ചരിത്രം.
ബിജെപിയുടെ പ്രാദേശിക നേതാവായിരുന്ന സി. സദാനന്ദൻ പിന്നീട് കൃത്രിമകാലുമായി രാഷ്ട്രീയ പ്രവർത്തനം തുടർന്നു. അദ്ദേഹം ഇപ്പോൾ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റും രാജ്യസഭാംഗവുമാണ്. സദാനന്ദൻ മാസ്റ്ററുടെ കാൽ വെട്ടിയ സംഭവത്തെ തുടർന്നാണ് എസ്എഫ്ഐ നേതാവും ജില്ലാ കൗൺസിൽ അംഗവുമായിരുന്ന വി.ആർ. സുധീഷ് കൊല്ലപ്പെട്ടത്.
കണ്ണൂർ ജില്ലയെ കൊലക്കളമാക്കിയ സംഭവങ്ങളുടെ തുടക്കം മട്ടന്നൂരിനടുത്ത ഉരുവച്ചാലിൽ വെച്ച് നടന്ന സി. സദാനന്ദൻ വധശ്രമമായിരുന്നു. വർഷങ്ങൾക്കുശേഷം ഈ കൊലപാതകശ്രമവും കേസും വീണ്ടും ചർച്ചാവിഷയമാവുമ്പോൾ, പ്രതികളെ വെള്ളപൂശാൻ ഉത്തരവാദിത്തപ്പെട്ട ഭരണകക്ഷി തന്നെ രംഗത്തിറങ്ങുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കണ്ണൂർ ചോര മണക്കുന്ന പഴയ കാലത്തേക്ക് പോകാൻ ആരും ആഗ്രഹിക്കുന്നില്ല.
സദാനന്ദൻ വധശ്രമക്കേസിലെ സിപിഎം നിലപാടുകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: CPIM claims convicts in Sadanandan case are innocent.
#KeralaPolitics #SadanandanCase #CPM #BJP #Kannur #PoliticalViolence