SWISS-TOWER 24/07/2023

ശബരിമല വോട്ടിനായുള്ള കളിയിൽ സിപിഎം; ബിജെപിക്ക് കിട്ടുമോ തിരിച്ചടി?

 
Sabarimala temple in Kerala, an important site in a political and religious debate.
Sabarimala temple in Kerala, an important site in a political and religious debate.

Photo Credit: Facebook/ Communist Party Of India (Marxist)

● സിപിഎം നിലപാട് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
● ആഗോള അയ്യപ്പ സംഗമത്തിന് ബദൽ സംഗമം നടത്താൻ ബിജെപി ശ്രമിക്കുന്നു.
● യുവതീപ്രവേശം അടഞ്ഞ അധ്യായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി.
● പുരോഗമന ചിന്തയിൽ നിന്നുള്ള വ്യതിചലനം തിരിച്ചടിയാകുമെന്ന് വിമർശനം.

ഭാമനാവത്ത്

(KVARTHA) തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തിയതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചോർന്ന വോട്ടുകൾ തിരിച്ചുപിടിക്കാനുള്ള തീവ്രയത്‌നത്തിലാണ് സംസ്ഥാനം ഭരിക്കുന്ന സി.പി.എം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് ഭരണ തുടർച്ചയാണ് പാർട്ടി ലക്ഷ്യമിടുന്നത്.

Aster mims 04/11/2022

ഒരുവശത്ത് ന്യൂനപക്ഷ പ്രീണനം നടത്തി രാഷ്ട്രീയ മുതലെടുപ്പിനും വോട്ട് ബാങ്ക് സമവാക്യങ്ങൾ പൊളിച്ചെഴുതാനും ശ്രമിച്ച സി.പി.എമ്മിന് അതിൽ പൂർണമായി വിജയിക്കാനായില്ല. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യു.ഡി.എഫിനൊപ്പം നിൽക്കുന്നുവെന്നാണ് സി.പി.എം. പറയുന്നത്.

അതുകൊണ്ടുതന്നെ ബി.ജെ.പി. ലക്ഷ്യമിടുന്ന ഹൈന്ദവ വോട്ടുബാങ്കിലേക്ക് കൂടുതൽ സ്വാധീനമുറപ്പിക്കാനാണ് സർക്കാരും പാർട്ടിയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മുൻനിർത്തി നീക്കം നടത്തുന്നത്. ശബരിമല യുവതീപ്രവേശ വിഷയത്തിൽ നിന്ന് പിന്നോട്ട് പോയ സർക്കാരും പാർട്ടിയും എങ്ങനെയെങ്കിലും തങ്ങളുടെ വോട്ടുബാങ്ക് വളർത്താനാണ് ശ്രമിക്കുന്നത്.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ നഷ്ടമായ ഹൈന്ദവ വോട്ടുകളിലാണ് ഇത്തവണ സി.പി.എമ്മിൻ്റെ കണ്ണ്. അതിൻ്റെ ഭാഗമാണ് ആഗോള അയ്യപ്പ സംഗമം എന്ന സർക്കാർ പരിപാടിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബി.ജെ.പി. നേതാക്കളും ഒരേ സ്വരത്തിൽ പറയുന്നു.

ഭക്തിയോടും വിശ്വാസത്തോടും മുൻപുണ്ടായിരുന്ന വിരോധവും അകൽച്ചയും തുടർന്നാൽ അണികളുൾപ്പെടെ അകലുമെന്ന തിരിച്ചറിവിലാണ് കളംമാറിയുള്ള പുതിയ കളിക്കൊരുങ്ങാൻ സി.പി.എം. തീരുമാനിച്ചത്.

എന്നാൽ പാർട്ടിയും സർക്കാരും പ്രതീക്ഷിക്കുന്ന വഴിയിലേക്ക് കാര്യങ്ങളെത്തിക്കുക എളുപ്പമല്ല. സി.പി.എം. സ്പോൺസേർഡ് പരിപാടിയെന്നാണ് അയ്യപ്പ സംഗമത്തെ യു.ഡി.എഫും ബി.ജെ.പി.യും വിശേഷിപ്പിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കിയാണ് അയ്യപ്പ സംഗമത്തിന് സർക്കാർ നീക്കം നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ വിമർശനം.

ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് പയറ്റിയ ന്യൂനപക്ഷ രക്ഷകവേഷം ഫലിച്ചില്ലെന്ന ബോധ്യമാണ് ഇത്തവണ ഭൂരിപക്ഷ കാർഡിറക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പൗരത്വഭേദഗതി ബില്ലിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പിന്തുണയുമായെത്തിയിട്ടും അതിൻ്റെ ഉദ്ദേശ്യശുദ്ധിയിൽ പല മുസ്ലിം സംഘടനകളും സംശയം പ്രകടിപ്പിച്ചിരുന്നു.

പൗരത്വഭേദഗതി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 7913 പേർക്കെതിരേ 835 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ 114 കേസുകൾ പിൻവലിക്കുകയും 241 കേസുകളിൽ ശിക്ഷ വിധിക്കുകയും ചെയ്തു. അഞ്ഞൂറോളം കേസുകളിൽ ഇപ്പോഴും വിചാരണ തുടരുകയാണ്.

ശബരിമല യുവതീപ്രവേശന വിഷയത്തിലും സി.പി.എം. ഇരട്ടത്താപ്പ് തുടരുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 2018-ൽ ഹൈന്ദവ സംഘടനകൾ ശബരിമലയിൽ വിശ്വാസസംരക്ഷണ യജ്ഞം സംഘടിപ്പിച്ചപ്പോൾ അതിനെതിരേ നവോത്ഥാന മതിൽ ഉണ്ടാക്കിയവരാണ് സി.പി.എം. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തുന്നു.

നവോത്ഥാന സമിതിയുടെ നേതൃത്വത്തിലായിരുന്നു കാസർകോട് മുതൽ തിരുവനന്തപുരം വരെ നവോത്ഥാന മതിൽ തീർത്തത്. ആ നവോത്ഥാന സമിതി ഇതുവരെ പിരിച്ചുവിടാത്തവരാണ് അയ്യപ്പ സംഗമവുമായി വരുന്നതെന്നും സതീശൻ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ഏഴുകൊല്ലമായി നടത്താത്ത അയ്യപ്പ സംഗമം ഇപ്പോൾ നടത്തുന്നതിലെ പൊള്ളത്തരവും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു.

എന്നാൽ, അയ്യപ്പ സംഗമത്തിന് അനുകൂല നിലപാടാണ് എൻ.എസ്.എസ്സിനും എസ്.എൻ.ഡി.പി.ക്കും. സർക്കാർ നിർദേശപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളാണ് സമുദായ സംഘടനകളുമായി ചർച്ച നടത്തുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്തത്. ഇത് യു.ഡി.എഫിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

സമുദായ സംഘടനകളുടെ ഈ നിലപാട് അയ്യപ്പ സംഗമത്തെ തുടക്കം മുതൽ എതിർക്കുന്ന ബി.ജെ.പി.ക്കും ഭീഷണിയാണ്. അതിനാൽ ആഗോള അയ്യപ്പ സംഗമത്തിനു ബദലായി അയ്യപ്പ വിശ്വാസ സംഗമം നടത്താനുള്ള ഒരുക്കത്തിലാണ് ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ സംഗമത്തിലെത്തിക്കാനാണ് സംഘ്പരിവാർ സംഘടനകളുടെ പദ്ധതി. ഫലത്തിൽ വിശ്വാസികളെ ഒപ്പം നിർത്താനുള്ള ഈ കളിയിലും സി.പി.എമ്മും സംസ്ഥാന സർക്കാരും ദയനീയ പരാജയമാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

പാർട്ടിയും സർക്കാരും വിശ്വാസികൾക്കൊപ്പമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്. യുവതീപ്രവേശം അടഞ്ഞ അധ്യായമാണെന്നും അത്തരം ചർച്ചകളിലേക്ക് അയ്യപ്പ സംഗമത്തെ വലിച്ചിഴയ്ക്കുന്നതിന് പിന്നിൽ ഗൂഢ താൽപര്യങ്ങളുണ്ടെന്നും സി.പി.എം. നേതാവ് ഓർമിപ്പിക്കുന്നു.

ശബരിമല യുവതീപ്രവേശ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോകരുതെന്നാണ് കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറയുന്നത്. പുരോഗമന ചിന്തയിൽ നിന്നുള്ള വ്യതിചലനം സി.പി.എമ്മിനും സർക്കാരിനും തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വിവിധ രംഗങ്ങളിൽ നിന്ന് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ഉയർന്നു വരുമ്പോഴും അയ്യപ്പ സംഗമത്തിൽ ലോകമെമ്പാടുമുള്ള വിശ്വാസികളെ ലക്ഷ്യമിട്ട് വലിയ പങ്കാളിത്തം ഉറപ്പാക്കാനാണ് സർക്കാരും ദേവസ്വം ബോർഡും ശ്രമിക്കുന്നത്.

ശബരിമലയിലെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: CPI(M)'s political strategy targets Hindu votes in Kerala, stirring controversy.

#KeralaPolitics #Sabarimala #CPIM #BJP #UDF #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia