Employment Scheme | തൊഴിലുറപ്പ് തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണിട്ടത് സംസ്ഥാന സര്‍ക്കാരുകളോ, കേന്ദ്രമന്ത്രി പറയുന്നത് ശരിയോ?
● കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 10.43 കോടി തൊഴിലുറപ്പ് തൊഴിലാളികളുടെ പേരുകള്‍ ഒഴിവാക്കി.
● 2022-23 വര്‍ഷത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ആധാര്‍ അടിസ്ഥാനത്തില്‍ വേതനം നല്‍കാന്‍ തീരുമാനിച്ചതും നിര്‍ബന്ധമാക്കിയതും.
● അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പേരൊഴിവാക്കുന്നത്.
ആദിത്യൻ ആറന്മുള
(KVARTHA) തൊഴിലുറപ്പ് തൊഴിലാളികളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ചന്ദ്ര ശേഖര്‍ പെമ്മസാനി ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചു. ഇതിന് യാഥാര്‍ത്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഗ്രാമീണ കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ഉറപ്പുനല്‍കുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎന്‍ആര്‍ഇജിഎ) കീഴില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയതുമൂലം തൊഴില്‍ കാര്‍ഡുകള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യോത്തര വേളയിലാണ് ചന്ദ്ര ശേഖര്‍ പെമ്മസാനിയുടെ പ്രതികരണം.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 10.43 കോടി തൊഴിലുറപ്പ് തൊഴിലാളികളുടെ പേരുകള്‍ ഒഴിവാക്കി. 2021-2022 വര്‍ഷത്തില്‍ 1.49 കോടി പേരെയും 2022-2023 വര്‍ഷത്തില്‍ 5.53 കോടി പേരെയും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കി. തൊഴിലാളികളുടെ പേര് ഒഴിവാക്കുന്ന നടപടി കൂടുമ്പോള്‍ ബജറ്റ് വിഹിതം കൂടുന്നുമില്ല. 2022-23 വര്‍ഷത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ആധാര്‍ അടിസ്ഥാനത്തില്‍ വേതനം നല്‍കാന്‍ തീരുമാനിച്ചതും നിര്‍ബന്ധമാക്കിയതും. ഇതേ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികളുടെ പേര് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്.
തുക നേരിട്ട് ബാങ്കില്‍ എത്തിക്കാനാണ് ആധാര്‍ അടിസ്ഥാനത്തില്‍ വേതനം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പേരൊഴിവാക്കുന്നത്. വ്യാജ കാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, ഒരു പഞ്ചായത്തില്‍ നിന്ന് മറ്റൊരു പഞ്ചായത്തിലേക്ക് മാറുകയോ വ്യക്തിയുടെ കാലാവധി കഴിയുകയോ ചെയ്യുക, ആ വ്യക്തിക്ക് ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അല്ലെങ്കില്‍ പ്രദേശം നഗരവല്‍ക്കരിക്കപ്പെടുക. ജോലി ഇല്ലാതാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇവയാണ്. അതിനാല്‍ ഇത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. തൊഴില്‍ ഇല്ലാതാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2024 ജനുവരി ഒന്നിന് നിര്‍ബന്ധമാക്കിയ ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയതുകൊണ്ടാണോ കൂടുതല്‍ പേരെ ഒഴിവാക്കിയതെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിവര്‍ഷം ശരാശരി 30 ലക്ഷം പേരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. ശരാശരി ഒഴിവാക്കലുകളുടെ കണക്ക് പറയുകയാണെങ്കില്‍ ഓരോ വര്‍ഷവും 60 ലക്ഷം പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന കാര്യം മറക്കരുത്. മൊത്തം തൊഴിലാളിള്‍ ഏകദേശം 13-14 കോടിയാണെന്നും വ്യക്തമാക്കി. 2022-23ല്‍ 65 ലക്ഷവും 2023-24ല്‍ 50 ലക്ഷവും ജോബ് കാര്‍ഡുകള്‍ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. 'സജീവമായ തൊഴിലാളികളുടെ ആകെ എണ്ണം ഏകദേശം 9.2 കോടിയാണെന്നും പറഞ്ഞു.
ജനുവരിയില്‍, വേതനം നല്‍കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനത്തില്‍ നിന്നുള്ള ഇളവുകള്‍ പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അക്കാദമിക് വിദഗ്ധരുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ലിബ്‌ടെക് ഇന്ത്യ നല്‍കിയ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 84.8 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ പദ്ധതിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി രജിസ്ട്രിയില്‍ നിന്ന് എട്ട് കോടി ആളുകളെ നീക്കം ചെയ്തതായി കഴിഞ്ഞ വര്‍ഷം ലിബ്‌ടെക് ഡാറ്റ കാണിക്കുന്നു.
പദ്ധതിയുടെ ബജറ്റ് കുറയ്ക്കുന്നതിനെക്കുറിച്ചും മന്ത്രി പറഞ്ഞു, ഈ പദ്ധതി 'ഡിമാന്‍ഡ് ബേസ്ഡ്' ആണ്, കൂടാതെ 2009-10 മുതല്‍ 2012-13 വരെയുള്ള യുപിഎ ഭരണത്തിന്‍ കീഴിലുള്ള ബജറ്റുകളെ പരാമര്‍ശിച്ച് മോദി സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിച്ചതായി ചൂണ്ടിക്കാണിച്ചു. എംജിഎന്‍ആര്‍ഇജിഎയ്ക്കുള്ള ബജറ്റ് വിഹിതത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയില്‍, കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ബജറ്റ് എസ്റ്റിമേറ്റുകളിലെ വിഹിതം 2019-20 ല്‍ 60,000 കോടി രൂപയില്‍ നിന്ന് 2024-25 ല്‍ 86,000 കോടി രൂപയായി ഉയര്‍ന്നതായി പറഞ്ഞു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം അനുവദിച്ച ഫണ്ടുകളുടെ അടിസ്ഥാനത്തില്‍, വിഹിതം 2019-20ല്‍ 71,687.71 കോടി രൂപയില്‍ നിന്ന് 2024-25ല്‍ 74,976.84 കോടിയായി ഉയര്‍ന്നു. വേണുഗോപാല്‍, കോണ്‍ഗ്രസ് എംപി ശശികാന്ത് സെന്തില്‍, ദ്രാവിഡ മുന്നേറ്റ കഴകം എംപി ടിആര്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായായിരുന്നു പ്രതികരണം.
ചോദ്യോത്തര വേളയില്‍, ബജറ്റ് വിഹിതം മുന്‍ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റിനേക്കാള്‍ തുടര്‍ച്ചയായി കുറവാണെന്ന് ശശികാന്ത് സെന്തില്‍ എംപി ചൂണ്ടിക്കാട്ടി , 'ഈ പരിപാടി അവസാനിപ്പിക്കാന്‍ നിങ്ങള്‍ എല്ലാ അടവുകളും അവതരിപ്പിച്ചു. ഹാജര്‍ രേഖപ്പെടുത്തേണ്ട ഒരു ആപ്പ് അവതരിപ്പിച്ചു. ആപ്പില്‍ എത്ര പേര്‍ക്ക് ഹാജര്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല എന്ന് സര്‍ക്കാരിന് ധാരണയുണ്ടോ? എത്ര തൊഴില്‍ കാര്‍ഡുകള്‍ കുറഞ്ഞു എന്നതിന് എന്തെങ്കിലും കണക്ക് ഉണ്ടോ? ഈ പരിപാടി പ്രധാനമാണെന്ന് ജനങ്ങള്‍ സര്‍ക്കാരിനോട് പറഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് ബജറ്റ് വിഹിതം കുറയ്ക്കുന്നത്. എല്ലാ വര്‍ഷവും ബജറ്റ് പരിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ വര്‍ഷവും ബജറ്റ് വര്‍ധിപ്പിക്കുകയും അത് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തീരുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. 'ബജറ്റ് മുന്‍ വര്‍ഷത്തെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്... അപാകതകള്‍ ഉണ്ടാകും, അവ പരിഹരിക്കപ്പെടും,' മന്ത്രി പറഞ്ഞു. 'തൊഴില്‍ കാര്‍ഡ് ഇല്ലാതാക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ്. കേന്ദ്ര സര്‍ക്കാരിന് പങ്കില്ല. ജോലി ഇല്ലാതാക്കുന്ന രീതി, വ്യാജ, ഡ്യൂപ്ലിക്കേറ്റ് അപേക്ഷകരോ അല്ലെങ്കില്‍ ഒരു ഗ്രാമം നഗരവല്‍ക്കരിക്കപ്പെട്ടാലോ, പലരെയും ഒഴിവാക്കും. അത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി കല്യാണ് ബാനര്‍ജിയുടെ പശ്ചിമ ബംഗാളില്‍ പദ്ധതിക്ക് കീഴിലുള്ള ഫണ്ട് തടസ്സപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, മമതാ സര്‍ക്കാര്‍ ഗുണഭോക്താക്കളെ ഗുണഭോക്താക്കളല്ലാത്തവരും അല്ലാത്തവരെ ഗുണഭോക്താക്കളും ആക്കി മാറ്റിയതായി മന്ത്രി പറഞ്ഞു. ഗ്രാമീണ പദ്ധതികളുടെ പേരുകള്‍ മാറ്റി. പ്രധാനമന്ത്രി ആവാസ് യോജന മാറ്റി സ്വന്തം പേര് നല്‍കി. ആ പദ്ധതിയിലും ഗുണഭോക്താക്കളല്ലാത്തവരെ ഗുണഭോക്താക്കളാക്കി, യഥാര്‍ത്ഥ ഗുണഭോക്താക്കളെ ഒഴിവാക്കി. ഈ പണം (MGNREGA) ദുരുപയോഗം ചെയ്യാനുള്ളതല്ലെന്നും ചൂണ്ടിക്കാണിച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം മുന്‍കൈ എടുത്താണ് തൊഴിലുറപ്പ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. ഇന്ത്യയിലെ ഗ്രാമങ്ങളിലെ നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന പദ്ധതിക്ക് തുരങ്കംവയ്ക്കുകയാണ് പിന്നീട് വന്ന മോദി സര്‍ക്കാര്‍ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
#NREGA #JobExclusions #AadharPayment #RuralDevelopment #EmploymentScheme #IndianPolitics