Conference | ആർഎസ്എസ് സമന്വയ ബൈഠക്ക് പാലക്കാട് ആരംഭിച്ചു
ആർഎസ്എസ് സമന്വയ ബൈഠക്ക് പാലക്കാട് ആരംഭിച്ചു. 300-ഓളം പ്രതിനിധികൾ പങ്കെടുക്കുന്നു.
പാലക്കാട്: (KVARTHA) രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക്ക് പാലക്കാട് അഹല്യ ക്യാമ്പസിൽ തുടക്കമായി.
ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ, സംഘത്തിന്റെ ആറ് സഹസർകാര്യവാഹകന്മാർ, മറ്റ് ദേശീയ ഭാരവാഹികൾ തുടങ്ങി 300-ഓളം ഭാരവാഹികളും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്. രാഷ്ട്ര സേവിക സമിതി പ്രമുഖ സഞ്ചാലിക ശാന്തക്ക, പ്രമുഖ കാര്യവാഹിക സീത അന്നദാനം, വനവാസി കല്യാൺ ആശ്രമം അധ്യക്ഷൻ സത്യേന്ദ്ര സിംഗ്, പൂർവ്വ സൈനിക സേവാ പരിഷത്ത് അധ്യക്ഷൻ ലെഫ്.ജന. (റിട്ട.) വി.കെ. ചതുർവേദി, ഗ്രാഹക് പഞ്ചായത്ത് അധ്യക്ഷൻ നാരായൺ ഭായ് ഷാ, വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ, ജനറൽ സെക്രട്ടറി ബജ്രംഗ് ബഗ്ര, എബിവിപി സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാൻ, ബിജെപി അധ്യക്ഷൻ ജെ. പി നദ്ദ, ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, വിദ്യാഭാരതി അധ്യക്ഷൻ ശ്രീരാമകൃഷ്ണ റാവു, ബി എം എസ് അധ്യക്ഷൻ ഹിരൺമയ് പാണ്ഡ്യ, ആരോഗ്യഭാരതി അധ്യക്ഷൻ ഡോ. രാകേഷ് പണ്ഡിറ്റ് എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ചടങ്ങിൽ വയനാട്ടിൽ അടുത്തിടെയുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ചും സ്വയംസേവകർ നടത്തിയ ദുരിതാശ്വാസ-സേവന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഇത് കൂടാതെ ദേശീയ പ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ, സമകാലിക സാഹചര്യം, സമീപകാല സുപ്രധാന സംഭവങ്ങൾ, സാമൂഹിക പരിവർത്തനത്തിനായുള്ള വിവിധപദ്ധതികൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യും. വിവിധ വിഷയങ്ങളിൽ പരസ്പര സഹകരണവും സമന്വയവും കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ചും ആലോചിക്കും.
ബൈഠക്ക് സെപ്റ്റംബർ 2ന് വൈകിട്ട് 6ന് സമാപിക്കും
#RSS #India #Kerala #Palakkad #meeting #HinduNationalism #SanghParivar #MohanBhagwat