Revelations | കേരളത്തിൽ ആർഎസ്എസ് നേതാക്കളെ ആരെല്ലാം കണ്ടു? എ ജയകുമാറിന്റെ വെളിപ്പെടുത്തലുകൾ ചർച്ചയായി
● ആർഎസ്എസ് നേതാക്കളുമായി ഉന്നത ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച പതിവാണ്.
● പലരും ആർഎസ്എസ് കാര്യാലയങ്ങൾ സന്ദർശിച്ചിട്ടുണ്ട്
● ആർഎസ്എസ് 20 കോടി അംഗങ്ങൾ ഉള്ള സംഘടനയാണ്.
തിരുവനന്തപുരം: (KVARTHA) ആർഎസ്എസ് ജനറൽ സെക്രടറി ദത്താത്രേയ ഹൊസബലേയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തിൽ ആർഎസ്എസ് നേതാവ് എ ജയകുമാറിന്റെ വെളിപ്പെടുത്തലുകൾ ചർച്ചയായി. കേരളത്തിൽ ഉന്നത ഉദ്യോഗസ്ഥർ ആർഎസ്എസ് നേതാക്കളെ കാണുന്നത് പുതിയ കാര്യമല്ലെന്നും ഇത്തരം കൂടിക്കാഴ്ചകൾ പതിവാണെന്നുമാണ് ജയകുമാർ ഫേസ്‌ബുക് പോസ്റ്റിൽ വ്യക്തമാക്കിയത്.
കേരളത്തിൽ ആദ്യമായി അല്ല ഏതെങ്കിലും എഡിജിപി ആർഎസ്എസ് നേതാക്കളെ കാണാൻ വരുന്നത്. ഉന്നത ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിമാർ വരെയും ആർഎസ്എസ് നേതാക്കളെ കണ്ടിട്ടുണ്ട്. ഇതിൽ പലരും ആർഎസ്എസ് കാര്യാലയങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും ജയകുമാർ പറയുന്നു.
'എന്റെ പൊതു ജീവിതത്തിൽ ഞാൻ ചെന്നു കണ്ടവരുടെയും, എന്നെ വന്നു കണ്ടവരുടെയും, എന്നൊടൊപ്പം വന്ന് സംഘ അധികാരികളെ കണ്ട മറ്റു ഉദ്യോഗസ്ഥന്മാരുടെയും ലിസ്റ്റ് തെരഞ്ഞുപോയാൽ അതിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും, മത വിഭാഗങ്ങളിലും പെടുന്ന നൂറു കണക്കിനു നേതാക്കൾ ഉണ്ടാകും. അതിനൊക്കെ എനിക്കു നോട്ടീസ് അയക്കാൻ തുടങ്ങിയാൽ ഇതിനായി ഒരു പുതിയ ഡിപ്പാർട്ട്മെന്റ് സർക്കാർ ആരംഭിക്കേണ്ടി വരും', ജയകുമാർ പ്രതികരിച്ചു.
ആർഎസ്എസ് ഒരു ലക്ഷത്തോളം ശാഖകളുള്ള 40 ഓളം മറ്റു സംഘടനങ്ങളിലൂടെ 20 കോടിയിലധികം അംഗങ്ങളുള്ള പ്രസ്ഥാനം ആണ്. അതുകൊണ്ട് തന്നെ ഭാവനാ സമ്പന്നരും ക്രിയാ ശേഷിയുള്ളവരും ആയ നിസ്വാർത്ഥരായ ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും എല്ലാ കാലത്തും ആർ എസ് എസുമായി സംവദിച്ചിരുന്നു. അത് തുടരുകയും ചെയ്യുമെന്നും ജയകുമാർ കൂട്ടിച്ചേർത്തു.
എഡിജിപി – ദത്താത്രേയ ഹൊസബലേ കുടിക്കാഴ്ച നടന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് എ ജയകുമാറിന്റെ വാക്കുകൾ. ഈ കൂടിക്കാഴ്ചയിൽ സർക്കാർ അന്വേഷണം തുടരുന്നുണ്ട്. എഡിജിപിയുടെ മൊഴി ഡിജിപി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, മുന്നണിക്കുള്ളിൽ വ്യാപകമായ അമർഷം ഉണ്ടായിട്ടും എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാത്തത് രാഷ്ട്രീയ വിവാദമായിട്ടുണ്ട്.
ഇതിനിടയിലുണ്ടായ ജയകുമാറിന്റെ വെളിപ്പെടുത്തൽ കേരളത്തിലെ രാഷ്ട്രീയ കളത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർന്നുവരികയാണ്.
#RSS #KeralaPolitics #Jayakumar #PoliticalControversy #Police #PoliticalTies