Change | ആര്‍എസ്എസ് ആസ്ഥാനം നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുമോ?
● ആർഎസ്എസിന്റെ പുതിയ ഓഫീസ് 12 നിലകളുള്ള മൂന്ന് ടവറുകളാണ്.
● 20 കിടക്കകളുള്ള ആശുപത്രിയുമുണ്ട്
● പുതിയ ബിജെപി അധ്യക്ഷനെക്കുറിച്ച് ചര്‍ച്ച തുടരുകയാണ്.
അർണവ് അനിത
(KVARTHA) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ തുടങ്ങിയവര്‍ ഡല്‍ഹിയിലെ ഝണ്ഡേവാലനിലെ പുതിയ ഓഫീസിലേക്ക് കര്‍മണ്ഡലം മാറ്റി. രണ്ടരയേക്കറില്‍ നിര്‍മ്മിച്ച കോര്‍പ്പറേറ്റ് ശൈലിയിലുള്ള പുതിയ കെട്ടിടത്തിലാണ് ഇരുവരുടെയും പുതിയ ഓഫീസ്. 12 നിലകളുള്ള മൂന്ന് ടവറുകളാണ് പുതിയ മന്ദിരത്തിനുള്ളത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനും ബിജെപിയുടെ ആസ്ഥാനത്തിനും ശേഷം മോദിയുടെ മറ്റൊരു സംഭാവനയാണ് ഈ സമുച്ചയം.
ഓരോ ടവറിലും 80 മുറികളും അഞ്ച് എലിവേറ്ററുകളും ഉണ്ട്. മധ്യഗോപുരത്തിന്റെ മുകള്‍നിലയിലാണ് ഭഗവതിന്റെ ഓഫീസ്. 20 കിടക്കകളുള്ള ആശുപത്രിയും 200 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്‍ പാര്‍ക്കിംഗുമുണ്ട്. സിസിടിവി ക്യാമറകളും സുരക്ഷ നോക്കാന്‍ സിഐഎസ്എഫും. ഇവിടേക്ക് നേതാക്കള്‍ പോയതോടെ ആര്‍എസ്എസിന്റെ ആസ്ഥാനം നാഗ്പൂരില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് മാറ്റിയേക്കുമെന്ന അഭ്യൂഹം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നു. ഇതോടൊപ്പം ആരായിരിക്കും ബിജെപിയുടെ പുതിയ അധ്യക്ഷന്‍, നദ്ദയ്ക്ക് സമയം നീട്ടിക്കൊടുക്കുമോ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയാകുന്നു.
ജഗത് പ്രകാശ് നദ്ദ അധ്യക്ഷ കാലാവധി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അവസാനിക്കേണ്ടതായിരുന്നു. ലോക്‌സഭാ തരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഈ വര്‍ഷം ജൂണ്‍ 30 വരെ കാലാവധി നീട്ടി. പുതിയ അധ്യക്ഷനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പാര്‍ലമെന്ററി ബോര്‍ഡിന് അധികാരം നല്‍കുന്നതിനായി പാര്‍ട്ടിക്ക് ഭരണഘടന ഭേദഗതി ചെയ്യേണ്ടിവന്നു. ഒക്ടോബറായിട്ടും കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ നദ്ദ, ബിജെപിയുടെ താല്‍ക്കാലിക അധ്യക്ഷനായി തുടരുന്നു.
പ്രധാനമന്ത്രിയും ആര്‍എസ്എസ് സംവിധാനവും തമ്മില്‍ നിരവധി തവണ ഇത് സംബന്ധിച്ച് അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ വളരെ രൂക്ഷമാണെന്നാണ് സൂചന. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ മാറ്റിവച്ചിരിക്കുകയാണ്. അത് ഗുണമാകില്ലെന്ന് ആര്‍എസ്എസിനും ബിജെപിക്കും നന്നായി അറിയാം.
കഴിഞ്ഞ മാസം രാജ്നാഥ് സിങ്ങിന്റെ വസതിയില്‍ ഇരുവിഭാഗവും കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് അമിത് ഷായും ബി.എല്‍ സന്തോഷും ആര്‍എസ്എസ് നേതാക്കളായ, അടുത്ത സര്‍സംഘചാലക് ആകുമെന്ന് കരുതുന്ന ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും അരുണ്‍ കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു. 5 മണിക്കൂര്‍ നീണ്ട യോഗത്തില്‍ നിരവധി പേരുകള്‍ പരിഗണനയ്ക്ക് വന്നു. എന്നാല്‍ അവ സ്വീകാര്യമല്ലെന്ന് ആര്‍എസ്എസ് അറിയിച്ചു. ഔദ്യോഗികമായി, യോഗത്തെ 'പതിവ്' ആശയവിനിമയം അല്ലെങ്കില്‍ സമന്വയ സെഷന്‍ എന്നാണ് പറഞ്ഞത്.
എന്നാല്‍ അവിടെ പുതിയ ബിജെപി അധ്യക്ഷനെക്കുറിച്ചുള്ള ചര്‍ച്ചയും ഉണ്ടായി. ആര്‍എസ്എസ് പ്രത്യേക പേരുകളൊന്നും നിര്‍ദ്ദേശിക്കുന്നില്ല എന്നതാണ് ഇതുവരെയുള്ള രീതി. ബിജെപിയാണത് മുന്നോട്ടുവയ്ക്കുന്നത്, നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാന്‍ സമന്വയ യോഗം തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാളെ ബി.ജെ.പി അധ്യക്ഷനാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചപ്പോള്‍, ആര്‍.എസ്.എസ് ഊന്നല്‍ നല്‍കിയത് രാഷ്ട്രീയ പരിചയമുള്ള, സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വ്യക്തിക്കാണ്.
അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തുന്നത് വരെ ഇടക്കാല അല്ലെങ്കില്‍ വര്‍ക്കിംഗ് പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്ന് യോഗത്തിന് മുമ്പ് തന്നെ ബിജെപി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആര്‍എസ്എസിന്റെ പാലക്കാട് സമ്മേളനത്തിന് മുമ്പായിരുന്നു അത്. എന്നാല്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ അതിനെയും അട്ടിമറിച്ചു. എട്ടോ ഒമ്പതോ പേരുകളാണ് മുന്നോട്ടുവെച്ചത്. പ്രചാരകനായി മാറിയ ബിജെപി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍, ആര്‍എസ്എസ് നേതാവ് ഹൊസബാചെയുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന എബിവിപി മുന്‍ പ്രസിഡന്റ് വിനോദ് താവ്‌ഡെ എന്നിവരും ഉള്‍പ്പെടുന്നു. സിആര്‍ പാട്ടീല്‍, മനോഹര്‍ ലാല്‍ ഖട്ടര്‍, ശിവരാജ് സിംഗ് ചൗഹാന്‍, രാജ്നാഥ് സിംഗ്, ഭൂപേന്ദര്‍ യാദവ്, ദേവേന്ദ്ര ഫഡ്നാവിസ്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരാണ് മറ്റ് പേരുകള്‍.
ചൗഹാനും രാജ്നാഥും മുതിര്‍ന്ന മന്ത്രിമാരാണ്, ആര്‍എസ്എസിന് അവരോട് താല്‍പര്യമുണ്ടെങ്കിലും മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ പ്രധാനമന്ത്രി വിമുഖത കാണിക്കുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനാല്‍ നദ്ദ ഈ വര്‍ഷം അവസാനമോ അതിലധികമോ വരെ അധ്യക്ഷനായി തുടര്‍ന്നേക്കും. നദ്ദയെപ്പോലെ ഒരാളെയാണ് മോദിയും കൂട്ടരും ആഗ്രഹിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം, സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും പിന്തുണ നല്‍കുക എന്നതാണ് പ്രധാനം.
എന്നാല്‍ സര്‍ക്കാരിന് നയങ്ങളും പരിപാടികളും സ്വതന്ത്രമായി നിര്‍ദ്ദേശിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു സംഘടനയെ നാഗ്പൂര്‍ ആഗ്രഹിക്കുന്നു. അത്തരത്തിലുള്ള സ്വതന്ത്രവും ക്രിയാത്മകവുമായ സമീപനമാണ് വാജ്പേയിയുടെ കാലത്ത് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ബില്‍, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി വായ്‌പേയ് സര്‍ക്കാരിനൊപ്പം ഉറച്ചുനിന്നു. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ബിജെപി നേതാക്കളെ വാജ്പേയി അത്താഴ യോഗങ്ങളില്‍ ക്ഷണിച്ചിരുന്നു.
അതില്‍ നിന്ന് വ്യത്യസ്തമായി മോദി പ്രസംഗിക്കാന്‍ മാത്രം എത്തുന്നു എന്നാണ് ആക്ഷേപം. വായ്‌പേയിയുടെ കാലത്ത് സത്യസന്ധമായ ചര്‍ച്ചകള്‍ നടന്നു. 2001 ജൂലായ് 31-ന് നടന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉള്‍പ്പെടെ, പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം രണ്ട് തവണ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് വാജ്പേയി ഭീഷണിപ്പെടുത്തി. വാജ്പേയിയുടെ ആറ് വര്‍ഷത്തെ ഭരണകാലത്ത് ബി.ജെ.പി പിന്തുണച്ചെങ്കിലും ഉറച്ച നിലപാടിലായിരുന്നു. നിലവിലെ ബിജെപിയില്‍ അത്തരമൊരു സൃഷ്ടിപരമായ പങ്ക് പുനഃസ്ഥാപിക്കാന്‍ നാഗ്പൂര്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് അറിയില്ല.
ബിജെപി രൂപീകരിച്ച 1980 മുതല്‍ ആര്‍എസ്എസിന് അതിന്റെ രാഷ്ട്രീയ വിഭാഗവുമായി നല്ല ബന്ധമുണ്ടായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് പ്രചാരകരെ വിട്ടു കൊടുത്തു. ആദ്യ വര്‍ഷങ്ങളില്‍, ആര്‍എസ്എസ് ഒരു മുതിര്‍ന്ന പ്രചാരകനെ ബി.ജെ.പിയിലേക്ക് ജനറല്‍ സെക്രട്ടറിയായി നിയോഗിക്കുന്ന രീതിയും ഉണ്ടായിരുന്നു, അദ്ദേഹം ഒരു കോ-ഓര്‍ഡിനേറ്റര്‍ അല്ലെങ്കില്‍ പൊളിറ്റിക്കല്‍ കമ്മിഷണര്‍ ആയി പ്രവര്‍ത്തിച്ചു. വര്‍ഷങ്ങളോളം സുന്ദര്‍ സിംഗ് ഭണ്ഡാരി ഈ നിര്‍ണായക പങ്ക് വഹിച്ചു.
പൊളിറ്റിക്കല്‍ കമ്മിഷണര്‍ എന്നത് സോവിയറ്റ് സൈന്യത്തിലെ ഒരു സ്ഥാനമായിരുന്നു, ഈ ക്രമീകരണത്തിന്റെ ഭാഗമായി, ബിജെപി അധ്യക്ഷനെയും ദേശീയ എക്സിക്യൂട്ടീവിലെ പ്രധാനികളെയും തിരഞ്ഞെടുക്കുന്നതില്‍ ആര്‍എസ്എസിന് എല്ലായ്‌പ്പോഴും നിര്‍ണായക പങ്കുണ്ട്. അമിത് ഷായെ പാര്‍ട്ടി അധ്യക്ഷനാക്കിയപ്പോള്‍ നാഗ്പൂര്‍ അത് അംഗീകരിച്ചു. ഇപ്പോള്‍ ഇരുപക്ഷവും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാത്തതിനാല്‍, ആര്‍എസ്എസിന് വേണ്ടപ്പെട്ട ഒരു ഭാരവാഹി വേണമെന്ന് നിര്‍ബന്ധിക്കുന്നു.
#RSS #BJP #Delhi #Leadership #Politics #India