RSS | മോദിയെ ആർ എസ് എസ് തിരുത്തുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത്, നാഗ്പൂരിന്റെ ഇടപെടലുകള്‍ ഇനിയും അവഗണിക്കാനാവുമോ?
ഭാമനാവത്ത്
ന്യൂഡൽഹി: (KVARTHA) മണിപ്പൂര്‍ വിഷയത്തില്‍ ഉള്‍പ്പെടെ മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന് തിരുത്തലുമായി ആര്‍.എസ്.എസ് രംഗത്തുവന്നതോടെ എന്‍.ഡി.എ സര്‍ക്കാരിന് ഇനി അത്രസുഗമമായിരിക്കില്ല കാര്യങ്ങള്‍. പൊതുവെ രാഷ്ട്രീയകാര്യങ്ങളില്‍ രാഷ്ട്രീയ് സ്വയംസേവക് സംഘ് പ്രകടമായി ഇടപെടാറില്ലെങ്കില്‍ ചിലതിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ പ്രതികരിക്കാറുണ്ട്.
എല്ലാ പാര്‍ട്ടികളെയും പോലെ ഒരു പാര്‍ട്ടിയായി മാത്രമേ ബി.ജെ.പിയെയും ആര്‍.എസ്.എസ് കാണുന്നത്. നേരത്തെ അടല്‍ബിഹാരി വാജ്‌പെയി സര്‍ക്കാരിന്റെ വിദേശനയങ്ങളെ ആര്‍.എസ്.എസ് വിമര്‍ശിച്ചിരുന്നു. ഡോ. സുദര്‍ശന്‍ സര്‍സംഘ്ചാലകായിരുന്ന വേളയില്‍ നാഗ്പൂരില്‍ നിന്നുണ്ടായ പ്രതികരണങ്ങളുടെ കാല്‍ ശതമാനം പോലും ഇപ്പോഴുണ്ടായിട്ടില്ല.
എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി നാഗ്പൂരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും അത്രസുഖകരമായല്ല മുന്‍പോട്ടു പോകുന്നത്. ആര്‍.എസ്.എസ് ബി.ജെ.പിക്ക് സംഘടനാകാര്യങ്ങള്‍ക്കായി വിട്ടുകൊടുത്ത പ്രചാരകനാണ് നരേന്ദ്രദാമോദര്‍ ദാസെന്ന ഗുജറാത്തുകാരന്‍. പിന്നീട് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ശോഭിച്ച മോദി സംഘത്തിന്റെ പ്രതീക്ഷകള്‍ക്കപ്പുറം വളരുകയായിരുന്നു. പരിവാര്‍ കുടുംബത്തില്‍ നിന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന സംഘടനയായി ബി.ജെ.പി മാറിയതോടെ നാഗ്പൂരിലേക്കുളള നേതാക്കളുടെ സന്ദര്‍ശനവും കുറഞ്ഞു.
ഇതുകാരണമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി തന്നെ ആര്‍.എസ്.എസിന്റെ സഹായം ഇനി തങ്ങള്‍ക്ക് ആവശ്യമില്ലെന്നു അഖിലേന്ത്യാക്ഷന്‍ ജെ.പി നദ്ദ പറഞ്ഞത്.
ആര്‍.എസ്.എസിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഏകാധിപത്യ പ്രവണതകളാണ് നരേന്ദ്രമോദിയില്‍ നിന്നും ഉണ്ടാകുന്നതെന്ന വിമര്‍ശനം നേരത്തെ പരിവാര്‍ കുടുംബത്തില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ആര്‍.എസ്.എസിനൊക്കളും വളര്‍ന്ന സ്വയംസേവകനെന്ന വിശേഷണത്തില്‍ കുറ്റപ്പെടുത്തിലിന്റെ ധ്വനികളുണ്ടായിരുന്നു. ധ്വജത്തെ (കൊടി) നേതാവായി കാണുന്ന സാംസ്‌കാരിക സംഘടനയാണ് ആര്‍.എസ്.എസ്. ഭാരതാംബയാണ് അവരുടെ പ്രതീകം. ഗണഗീതമാണ് ഗാനം. വ്യക്തികള്‍ അലിഞ്ഞു സംഘടനാശരീരത്തില്‍ വിലയം പ്രാപിക്കുന്ന ആര്‍.എസ്.എസിന്റെ രീതികള്‍ക്ക് അനുയോജ്യമല്ലാതെയാണ് നരേന്ദ്രമോദി മുന്‍പോട്ടു പോയത്.
സ്വയം വിശ്വഗുരുവായി മോദിയെ വാഴ്ത്തിയത് ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചിരുന്നു. ഭാരതമാണ് ലോകത്തിന്റ വിശ്വഗുരു. ഇതുകൂടാതെ തന്നെതന്നെ ഉയര്‍ത്തിക്കാട്ടി മോദി ഗ്യാരന്‍ഡിയെന്നു സ്വയം തെരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ മോദി ആവര്‍ത്തിച്ചു പറഞ്ഞതും ഒരു സര്‍ക്കാരിനെ വ്യക്തിയിലേക്ക് ചുരുക്കുകയാണെന്ന വിമര്‍ശനവുമുണ്ടായി.
ഇതുകൂടാതെ മണിപ്പൂര്‍ കലാപത്തില്‍ രാജനീതി പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജിതരാവുകയും ചെയ്തുവെന്നാണ് സര്‍സംഘ്ചാലകിന്റെ തുറന്നുപറച്ചില്‍.
തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെ അരികുവല്‍ക്കരിച്ചു നരേന്ദ്രമോദി പ്രസംഗിച്ചതും ആര്‍.എസ്.എസ് തത്വങ്ങള്‍ക്കതിരാണെന്നാണ് വിമര്‍ശനം. നാനാത്വത്തില്‍ ഏകതയെന്ന ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തില്‍ ജാതിമത വിവേചനങ്ങളൊന്നുമില്ലെന്നും എല്ലാവരും ഭാരതീയരാണെന്ന സങ്കല്‍പ്പമാണ് സംഘത്തിന്റെതെന്നുമാണ് നാഗ്പൂരില്‍ നടന്ന പ്രചാരകന്‍മാരുടെ ക്യാംപില്‍ സര്‍സംഘ്ചാലക് വ്യക്തമാക്കിയത്.
രണ്ടാം മോദിസര്‍ക്കാരിന് ഏറ്റതിരിച്ചടി ആര്‍.എസ്.എസുമായുളള ഏകോപനമില്ലായ്മ കാരണമാണെന്നാണ് പുറത്തുവരുന്നവിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വളരെകുറിച്ചു മാത്രമേ സംഘം ഇടപെട്ടിട്ടുളളൂ. രാജ്യത്തെ പ്രചാരകന്‍മാരുടെ ഒ.ടി.സി ക്യാംപുകള്‍ നടത്തുന്ന തിരക്കിലായിരുന്നു ആര്‍.എസ്.എസ്. യു.പിയില്‍ ഉള്‍പ്പെടെ ബി.ജെ.പിക്കേറ്റ തിരിച്ചടി ആര്‍.എസ്.എസിന്റെ അസാന്നിധ്യമാണെന്ന വിലയിരുത്തലിന് ഇതുംകാരണമായിട്ടുണ്ട്.
നൂറോളം പരിവാര്‍ സംഘടനകളില്‍ ഒരംഗം മാത്രമായ ബി.ജെ.പി സ്വന്തംകാലില്‍ നില്‍ക്കുന്നത് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അടിസ്ഥാന ആശയങ്ങള്‍ മറന്നു പോകരുതെന്ന മുന്നറിയിപ്പാണ് മോദി സര്‍ക്കാരിന് ഭാഗവത് നല്‍കിയിരിക്കുന്നത്. തലമറന്ന് എണ്ണ തേയ്ക്കരുതെന്നാണ് അതിന്റെ സാരംശം.