ഓർമ്മകളിൽ നിറയുന്ന പി കെ വി: ലാളിത്യത്തിന്റെ കമ്യൂണിസ്റ്റ് പാഠം

 
Portrait of P.K. Vasudevan Nair, former Kerala Chief Minister
Portrait of P.K. Vasudevan Nair, former Kerala Chief Minister

Image Credit: Facebook/ P K Vasudevan Nair

● മന്ത്രിപദം ഒഴിഞ്ഞ ശേഷവും കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്തു.
● നാലുതവണ ലോക്‌സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
● എ.കെ. ആന്റണി രാജിവച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയായി.
● സി.പി.ഐ.എമ്മുമായി ചേർന്ന് ഇടതുമുന്നണി രൂപീകരിച്ചു.


നവോദിത്ത് ബാബു

(KVARTHA) ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവും ദീർഘകാലം സംസ്ഥാന സെക്രട്ടറിയും കേരളത്തിലെ ഒമ്പതാമത് മുഖ്യമന്ത്രിയുമായിരുന്ന പി.കെ.വി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടിരുന്ന പി.കെ. വാസുദേവൻ നായർ, അഥവാ പടയാട്ട് കേശവപിള്ള വാസുദേവൻ നായർ ഈ ലോകത്തോട് വിടവാങ്ങിയിട്ട് ഇന്നേക്ക് (ജൂലൈ 12) 20 വർഷം.

അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും കേരള രാഷ്ട്രീയത്തിലെ സൗമ്യവും തിളക്കമാർന്നതുമായ സാന്നിധ്യമായിരുന്നു പി.കെ.വി. ലാളിത്യം മുഖമുദ്രയാക്കിയ പെരുമാറ്റവും ജീവിതവും കൊണ്ട് കേരള മനസ്സിൽ ആഴത്തിൽ വേരൂന്നിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 

മന്ത്രിപദവി ഒഴിഞ്ഞതിനു ശേഷം തിരുവനന്തപുരം തമ്പാനൂർ സ്റ്റാൻഡിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ്സിൽ നാട്ടിലേക്കുള്ള സ്ഥിരം യാത്രികരിൽ ഒരാളായിരുന്നു പി.കെ.വി എന്ന് പറയുമ്പോൾതന്നെ ആ ലാളിത്യം വ്യക്തമാണ്.

നിയമസഭാംഗം എന്നതിനു പുറമേ നാലുതവണ ലോക്‌സഭാംഗമായും പി.കെ.വി പ്രവർത്തിച്ചിട്ടുണ്ട്. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു പി.കെ.വി.

ചിക്‌മംഗളൂർ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ) ഗ്രൂപ്പ് സ്ഥാനാർത്ഥിയായിരുന്ന ഇന്ദിരാഗാന്ധിക്കെതിരെ അന്ന് ആന്റണി ഉൾപ്പെട്ടിരുന്ന കോൺഗ്രസ് വിഭാഗം സ്ഥാനാർത്ഥിയെ നിർത്താതെ ഇന്ദിരാഗാന്ധിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് 1978-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചതിനെ തുടർന്ന് പി.കെ.വി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. കോൺഗ്രസ് പിന്തുണയോടെയായിരുന്നു അദ്ദേഹം പദവിയിൽ എത്തിയത്. 

എന്നാൽ ഒരു വർഷം പൂർത്തിയാക്കുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് വിശാലമായ ഇടതുപക്ഷ ഐക്യം എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ.എമ്മുമായി ചേർന്ന് ഇടതുപക്ഷ മുന്നണി രൂപീകരിച്ചതിൻ്റെ ഭാഗമായി പദവി രാജിവയ്ക്കുകയായിരുന്നു.

1926 മാർച്ച് രണ്ടിന് കോട്ടയം ജില്ലയിലെ കിടങ്ങൂരിനടുത്താണ് പി.കെ.വി ജനിച്ചത്. നായർ കുടുംബത്തിലെ കർശന നിയന്ത്രണങ്ങൾ കാരണം വിദ്യാഭ്യാസകാലത്ത് ഉത്തരവാദപ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 

കോളേജ് പഠനം മുതൽ എ.ഐ.എസ്.എഫിന്റെ പ്രവർത്തനത്തിലൂടെയാണ് വാസുദേവൻ നായർ പൊതുരംഗത്ത് എത്തുന്നത്. നിയമ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ സജീവമാവുകയായിരുന്നു പി.കെ.വി.

1964-ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐയിൽ ഉറച്ചുനിന്നു. രണ്ടു പതിറ്റാണ്ടിലേറെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തുനിന്ന് മാറിനിന്ന് സംഘടനാ പ്രവർത്തനങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം ലോക്‌സഭാ സീറ്റ് പാർട്ടി അഭിമാനപ്രശ്നമായി കണ്ട് വിജയിക്കണമെന്ന അവസ്ഥ വന്നപ്പോൾ പാർട്ടി സമ്മർദ്ദത്താൽ മത്സരിച്ച് ജയിക്കുകയും, എം.പി. പദവിയിൽ ഇരിക്കെത്തന്നെ 20 വർഷം മുമ്പ് ഇന്നേ ദിവസം ഈ ലോകത്തോട് വിടപറയുകയും ആയിരുന്നു.

സി.പി.ഐ.എം ബുദ്ധിജീവിയും ചിന്തകനുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ സഹോദരി ലക്ഷ്മിക്കുട്ടിയായിരുന്നു പി.കെ.വി.യുടെ ഭാര്യ. അധികാരമോ പദവികളോ ഒന്നും ബാധകമല്ലാതെ കോട്ടയം പുല്ലുവഴി എന്ന ഗ്രാമത്തിൽ നാട്ടുകാരിൽ ഒരാളായി ജീവിച്ചിരുന്ന പി.കെ.വി.യുടെ ജീവിതം ഏത് കമ്യൂണിസ്റ്റുകാർക്കും മാതൃകാപരമാണ്.


പി.കെ.വി.യെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 
 

Article Summary: Remembering PK Vasudevan Nair, former Kerala CM, 20 years on.
 

#PKVasudevanNair #KeralaPolitics #CPI #ChiefMinister #CommunistLeader #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia