Critique | വയനാട് ദുരിതാശ്വാസ പാക്കേജിന് എത്ര കോടി വേണം?

 
Critique

Photo: PRD Wayanad

'ജോലിചെയ്യാൻ കഴിയാതെ സ്ഥായിയായി പരുക്കും അംഗഭംഗവും വന്നവർക്കും കേന്ദ്ര സംസ്ഥാന വിഹിതമായി 10 ലക്ഷം രൂപ നൽകണം. കാരണം അവർക്ക് ഇനി ജോലിചെയ്യാനാകില്ല. '

ആൻസി ജോസഫ്

(KVARTHA) വയനാട്ടിലെ ചുരമലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ട് അധികം ദിവസമായില്ല. ധാരാളം പേരുടെ ജീവൻ ഈ ദുരന്തത്തിൽ അപഹരിക്കപ്പെട്ടു. പലർക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. ജീവിച്ചിരിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും സ്വന്തം വീടുകളും വീട്ടുപകരണങ്ങളും കൃഷി സ്ഥലങ്ങളുമൊക്കെ നഷ്ടപ്പെട്ടു. ഈ ദുരന്തത്തെ കേരള ജനത ഒന്നിച്ചു നിന്നാണ് നേരിട്ടത്. പല ഭാഗത്തുനിന്നും പലരും പല  സഹായവുമായി വയനാട്ടിൽ എത്തിയത് ആരെയും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു. ഇപ്പോൾ വയനാട്ടിൽ പുനരധിവാസത്തിൻ്റെ കാലഘട്ടമാണ്. ആ നിലയ്ക്ക് പലവിധ അഭിപ്രായങ്ങളും പലയിടത്തുനിന്നുമായി ഉരിത്തിരിയുന്നുണ്ട്. 

വയനാട് പുനരധിവാസത്തിന് രണ്ടായിരം കോടി എന്ന നിലയിലാണ് ഇപ്പോൾ അവിടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ഒരു പക്ഷേ, അതിന് മുകളിൽ വയനാട്ടിൽ പുനരധിവാസത്തിന് പലരുടെ കൈകളിൽ നിന്നും  സഹായമെത്താനും സാധ്യതയുണ്ട്. ഈ അവസരത്തിൽ വയനാട് പാക്കേജിന് 2000 കോടി ആവശ്യമുണ്ടോ? എന്ന ഒരു കുറിപ്പാണ് പൊതുസമൂഹത്തിൽ ശ്രദ്ധയാകർഷിക്കുന്നത്. അതിൽ വയനാട്ടിൽ ലഭിക്കുന്ന തുകയെയും അവിടെ എങ്ങനെ പാക്കേജ് നടപ്പാക്കണം എന്നതുമൊക്കെ കൃത്യമായി വിവരിക്കുന്നു. സ്വന്തം ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ ഒരാൾ തയാറാക്കിയിരിക്കുന്ന ഈ കുറിപ്പ് പല ചർച്ചകൾക്കും വഴിവെക്കുന്നുണ്ട്.

കുറിപ്പിൽ പറയുന്നത്:

'വയനാട് പാക്കേജിന് 2000 കോടി ആവശ്യമുണ്ടോ? ആദ്യമേ പറയുന്നു, ഞാനൊരു സാമ്പത്തിക വിദഗ്ദ്ധനല്ല, ഒരു ആർക്കിടെക്റ്റോ, പാരിസ്ഥിതിയുമായോ ഹരിതവിപ്ലവവുമായോ ബന്ധമുള്ള ആളുമല്ല. ഒരു സാധാരണക്കാരനായ എൻ്റെ  സംശയങ്ങളാണ് ഞാനിവിടെ കുറിക്കുന്നത്. ഇതിൽ തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ ആർക്കും ചൂണ്ടിക്കാണിക്കാവുന്നതാണ്. ഇനി വിഷയത്തിലേക്ക് വരാം. വയനാട് ദുരന്തത്തിൽ 400 ൽ അധികം വീടുകൾ നഷ്ടമായി. 400 ൽ അധികം പേർ മരിച്ചതായും 100 ൽ കൂടുതൽ ആളുകളെ കാണാതായതായും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന സർക്കാർ കേന്ദ്രത്തോട് 2000 രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടതായി മാദ്ധ്യമങ്ങളിൽ വായിച്ച തോർക്കുന്നു.

നഷ്ടപ്പെട്ട വീടുകളുൾപ്പെടെ ഉള്ള വിശദമായ കണക്കുകൾ തയ്യറാക്കി സമർപ്പിക്കാൻ പ്രധാനമന്ത്രി തൻ്റെ സന്ദർശന വേളയിൽ സംസ്ഥാനത്തോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. രാഹുൽ ഗാന്ധി, കർണ്ണാടക സർക്കാർ, മുസ്‌ലിം ലീഗ് എന്നിവർ 100 വീടുകൾ വീതവും നാഷണൽ സർവീസ് സ്‌കീം 150 വീട്, കൂടാതെ നിരവധി ഗ്രൂപ്പുകളും സ്ഥാപനങ്ങളും സംഘടനകളും ചേർന്ന് ഏതാണ്ട് 900 നടുത്ത് വീടുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്രയധികം വീടുകൾ അവിടെ ആവശ്യമില്ല. ബൊച്ചേ ഉൾപ്പടെ നിരവധിയാളുകൾ വീടുവയ്ക്കാനുള്ള വസ്തു വാഗ്ദാനം ചെയ്തിട്ടുണ്ട്. 

കൂടാതെ വീടുകൾ പൂർത്തിയാകുമ്പോൾ അവർക്ക് വീട്ടുപകരണങ്ങൾ നൽകുമെന്നും പ്രഖ്യാപനങ്ങൾ വന്നിരിക്കുന്നു. സന്തോഷ് പണ്ഡിറ്റ് അടുക്കളയിലേക്കുള്ള പാത്രങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞിരിക്കുന്നു. ആളുകളുടെ പുനരധിവാസമാണ് ഏറ്റവും വലിയ വെല്ലുവിളി. സുരക്ഷിതമായ സ്ഥലം കണ്ടെത്തി വീടുകൾ നിർമ്മിക്കും വരെ അവർക്ക് താൽക്കാലിക ഷെൽട്ടറുകൾ സർക്കാർ ചെലവിൽ ഒരുക്കണം. ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഇനിയൊരു പുനരധിവാസം സാദ്ധ്യമല്ല. അവിടം റിസർവ് മേഖലയായി പ്രഖ്യാപിക്കേണ്ടതാണ്. വീടും സ്ഥലവുമടക്കമുള്ള സഹായവാഗ്ദാനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്‍ വയനാട് കളക്ടറും നിലവില്‍ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുമായ ഗീത ഐ.എ.എസിന്റെ കീഴില്‍ 'ഹെല്‍പ് ഫോര്‍ വയനാട് സെല്‍' രൂപവത്കരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. വളരെ നല്ല തീരുമാനമാണിത്. അതാണ് വേണ്ടത്. 

വാഗ്‌ദാനം ചെയ്തതെല്ലാം ഏകോപിപ്പിച്ചാൽ മാത്രമേ കാര്യങ്ങൾ വേഗത്തിൽ നടക്കുകയുള്ളൂ. വീടുകൾക്കും വസ്തുവിനും പണം ആവശ്യമില്ല. ആവശ്യമുള്ളതിൽ അധികം വീടുകൾ വാഗ്ദാനം ചെയ്തവരോട് അതിനുള്ള പണം വാങ്ങിയാൽ വസ്തുവാങ്ങാൻ ഒരു പ്രയാസവുമില്ല. ഒരു വീടുവയ്ക്കാൻ 10 സെന്റ് സ്ഥലം കണക്കാക്കിയാലും 60 -70 ഏക്കറിൽ എല്ലാ നിർമ്മാണവും പൂർത്തിയാകും. തകർന്ന പാലം, റോഡുകൾ,  സ്‌കൂൾ കോളേജ്, ആശുപത്രി, കളിസ്ഥലം, ഒരു മിനി പാർക്ക്, കമ്യുണിറ്റി ഹാൾ, ആരാധനാലയങ്ങൾ ഷോപ്പിംഗ് കോംപ്ലക്സ്, പോസ്റ്റ് ഓഫീസ്, ബസ് സ്റ്റോപ്പ് ഇതെല്ലം ഉൾക്കൊള്ളുന്ന ഒരു നല്ല ടൗൺഷിപ്പാണ് അവിടെ സുരക്ഷിതമായ സ്ഥലത്ത് ഒരുങ്ങേണ്ടത്. 

അവർക്ക് തൊഴിൽ ലഭ്യമാക്കാൻ ഏതെങ്കിലുമൊക്കെ തൊഴിൽശാലകൾ അവിടെ ആരംഭിക്കാൻ വ്യവസായികളോടും കേന്ദ്രസർക്കാറിനോടും അഭ്യർത്ഥിക്കണം. അത് നടപ്പുള്ള കാര്യം തന്നെയാണ്. ഇനി കുറച്ചുവസ്തു സർക്കാർ വിലകൊടുത്തു വാങ്ങേണ്ടിവന്നാലും അധികം പണമാകില്ല. സെന്റിന് ഒരു ലക്ഷം കണക്കാക്കിയാലും 70 ഏക്കറിന് 50 -60  കോടിയാണ് വിലവരുക. വീടുകൾ ഒഴികെയുള്ള നിർമ്മിതികൾ എല്ലാം സർക്കാർ നടത്തേണ്ടിവന്നാലും 30 -35 കോടിക്കപ്പുറം പോകാനിടയില്ല. ടൗൺഷിപ്പ് പൂർത്തിയാകുംവരെ അവർക്ക് വീടുവാടകയും  ആഹാരവും വസ്ത്രങ്ങളും അല്ലറ ചില്ലറ ചെലവുകൾക്കുള്ള പണവും നല്കണം. 

വയനാട്ടിലെ 14 ക്യാമ്പുകളിലായി 587 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഒരു വീട്ടിലെ വിവാഹിതരായവരെ വെവ്വേറെ കണക്കാക്കിയാണ് കുടുംബസംഖ്യ ഉയർന്നത്. വീട്ടുവാടക ഒരു കുടുംബത്തിന് 2000  രൂപ കണക്കാക്കിയാലും മാസം ഉദ്ദേശം 12 ലക്ഷം രൂപയാകും. 6 -7 മാസത്തേക്ക് അല്ലെങ്കിൽ ഒരു കൊല്ലത്തേക്ക് 1.5  കോടി രൂപ. കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിച്ച് മറ്റു ചെലവിനത്തിൽ മാസം 10,000 രൂപ വീതം അനുവദിച്ചാൽ മാസം മൊത്തം 60 ലക്ഷം രൂപയാകും. ഒരു വർഷത്തേക്ക് 7.2 കോടി രൂപ വേണ്ടിവരും. വീട്ടു സാധനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്തവരോട് അത് ഏർപ്പാടാക്കണം ഇല്ലെങ്കിൽ സർക്കാർ അതിനുള്ള പണം നൽകണം. ഫർണിച്ചറുകളും, ഫ്രിഡ്‌ജ്‌, ഗ്യാസ് ഉൾപ്പടെ  വീട്ടുപകരണങ്ങൾ വാങ്ങി നൽകു കയോ    പണമായി നൽകുകയോ ചെയ്താലും ഒരു കുടുംബത്തിന് 2.5 ലക്ഷം തുക ധാരളമാണ്. 587 കുടുംബങ്ങൾക്ക് 15 കോടി യിൽ താഴെ രൂപ മാത്രമേ വേണ്ടിവരുകയുള്ളു. ഇതല്ലാതെ എന്താണ് ഇനി മറ്റു ചെലവുകൾ? ആർക്കും ചൂണ്ടിക്കാണിക്കാം.

ഈ കണക്കുപ്രകാരം വസ്തുവിന് 60 കോടി മറ്റുള്ള നിർമ്മാണങ്ങൾക്ക് 35 കോടി വീട്ടുവാടക 1.5 കോടി രൂപ മാസ ചെലവ് 7.2 കോടി വീട്ടുപകരണങ്ങൾ 15 കോടി. അങ്ങനെ ആകെ ചെലവ് 118.7 കോടിയാണ് വരുന്നത്. ഇത് കൂടാതെ വരുന്ന മറ്റുള്ള എന്തെങ്കിലും ചെലവുകൾ ഉൾപ്പെടുത്തിയാലും 120- 130 കോടി കവിയില്ല. ഇതുകൂടാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച മരിച്ചവർക്കുള്ള 6 ലക്ഷം രൂപയുടെ ധനസഹായത്തിൽ 2 ലക്ഷം രൂപ മാത്രമാണ് കേരളം നൽകുന്നത്. ബാക്കി 4 ലക്ഷം കേന്ദ്ര ദുരിതാശ്വാസ ഫണ്ടാണ്. അതുപോലെ പരുക്കേറ്റ വർക്കുള്ള ധനസഹായത്തിലും കേന്ദ്രഫണ്ടുണ്ട്.  ഓഗസ്റ്റ് 16 വരെ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവന 160.79 കോടിയാണ്. കോവിഡ് 19 സമയത്തു ലഭിച്ച 1129.74 കോടിയിൽ 1111.15 കോടി മാത്രമാണ് ചെലവഴിച്ചത്. അതിൽ മിച്ചം 18.59 കോടിയുണ്ട്. 

2018 -19 പ്രളയകാലത്ത് ലഭിച്ച സംഭാവന 4970.29 കോടി രൂപയാണ്. ഇതിൽ ചെലവായത് 4738.77 കോടി രൂപ മാത്രം. അതിൽ ബാക്കിയുള്ളത് 231.52 കോടി രൂപ. അങ്ങനെ മുൻകാല മിച്ചം 250.11 കോടി രൂപ ബാങ്കിൽ ഡിപ്പോസിറ്റുണ്ട്. 2020 മുതലുള്ള പലിശയും കൂട്ടുമ്പോൾ തുക വർദ്ധിക്കും. ഇപ്പോൾ ലഭിച്ച 160.79 കോടി രൂപയും പഴയ മിച്ചവും കൂടി ചേർത്താൽ മൊത്തം 410.90 കോടി രൂപ കേരള സർക്കാരിന്റെ പക്കൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ചത് മിച്ചമുണ്ട്. കൂടാതെ മുസ്‌ലിം ലീഗ് ഫണ്ട് 24 കോടി പിന്നിട്ടു. ആഗസ്റ്റ് 31 വരെ 50 കോടിയിൽ അധികമുണ്ടാകുമെന്നാണ് അനുമാനം. ഇതെല്ലം ദുരിതാശ്വാസത്തിനുവേണ്ടി മാത്രം ചെലവാക്കാനുള്ള പണമാണ്. ഇത്തവണ ആളുകൾ സംഭാവന നൽകിയത് വളരെ കുറവാണ്. അതിൻ്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. 

ഇപ്പോൾ കേരള സർക്കാർ വയനാട് ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിട്ടുള്ള സർക്കാർ ധനസഹായ പാക്കേജ് ഒട്ടും തൃപ്തികരമല്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ കേന്ദ്രസർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ കേരള സർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അങ്ങനെ 6 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അപര്യാപതമാണ്. കേരളം 4 ലക്ഷമെങ്കിലും നൽകേണ്ടതാണ്. അതും കേന്ദ്ര ഫണ്ടിലെ 4 ലക്ഷവും പ്രധാനമന്ത്രി പ്രഖ്യാപിച്ച 2 ലക്ഷവും ചേർത്ത് 10 ലക്ഷം രൂപ ലഭിക്കുന്നത് അവർക്ക് വലിയ ആശ്വാസമാണ്. കേരളസർക്കാറിന് ഖജനാവിൽനിന്നും നയാ പൈസ എടുക്കേണ്ടതില്ല. ഇത് ആളുകൾ ദുരന്തബാധിതർക്കു മാത്രമായി തന്ന പണമാണ്. അതുപോലെ ജോലിചെയ്യാൻ കഴിയാതെ സ്ഥായിയായി പരുക്കും അംഗഭംഗവും വന്നവർക്കും കേന്ദ്ര സംസ്ഥാന വിഹിതമായി 10 ലക്ഷം രൂപ നൽകണം. കാരണം അവർക്ക് ഇനി ജോലിചെയ്യാനാകില്ല. 

ഇത്തരത്തിൽ മരണപ്പെട്ട വ്യക്തിക്ക് കേരളം നൽകുന്ന 4 ലക്ഷവും സ്ഥായിയായി പരുക്കേറ്റവർക്ക് നൽകുന്ന 4 ലക്ഷവും ചേർത്താൽ 30 കോടി രൂപാ മാത്രമേ വേണ്ടിവരുകയുള്ളു. അപ്പോഴും എൻ്റെ കണക്കു പ്രകാരം 150 -160 കോടി മാത്രമേ മൊത്തത്തിൽ വേണ്ടി വരുകയുള്ളു. ഇപ്പോൾത്തന്നെ ആ തുക ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇനിയും സംഭാവനകൾ എത്താനുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ 5 ദിവസത്തെ സാലറി, മറ്റുള്ള സംഭാവനകൾ ഉൾപ്പെടെ 200 കോടി വരുമെന്നാണ് അനുമാനം. 

അപ്പോൾ പഴയ മിച്ചം വന്ന പ്രളയഫണ്ട് 250 കോടി എടുക്കേണ്ട ആവശ്യമേയില്ല. ഇതുകൂടാതെയാണ് ഇനി കേന്ദ്ര സർക്കാർ ഫണ്ട് ഒക്കെ വരാനുള്ളത്. കേന്ദ്രഫണ്ട് എത്രയെന്ന് അറിവായിട്ടില്ല. 
പുനരധിവാസ പ്രവർത്തനങ്ങൾ പൂർണ്ണമായും ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലായാൽ അഴിമതിയും അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാകും. ഇനി എൻ്റെ ചോദ്യം വയനാടിന് എന്തിനാണ് ഈ രണ്ടായിരം കോടി എന്നതാണ്? കൂടുതൽ വിശദീകരണങ്ങൾ നൽകാൻ കഴിയുന്നവർ മുന്നോട്ടുവരുക'. 

ഇങ്ങനെ ചോദിച്ചുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്. തീർച്ചയായും സഹായം കൊടുക്കുന്നവർക്കെല്ലാം അതിൽ അഭിപ്രായം പറയാനും അതിൽ നിർദേശം കൊടുക്കാനും അർഹതയുണ്ട്. അതിൽ വലിയ സംഭാവനയെന്നോ ചെറിയ സംഭാവനയെന്നോ വ്യത്യാസം അരുത്. ഏതൊരാളുടെയും കഷ്ടപ്പാടിൻ്റെ ഒരു അംശമാണ് ഈ ദുരിതാശ്വാസനിധിയിലോട്ട് ഒക്കെ നൽകുന്നത്. അങ്ങനെയുള്ളവർക്കെ ഇങ്ങനെയുള്ള വിഷയത്തിൽ വളരെ കൃത്യമായി അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താൻ പറ്റു. അല്ലാത്തവർക്ക് ആരെന്ത് പറഞ്ഞാലും അത് കണ്ണടച്ച് സ്വീകരിക്കാം. 

ഈ കുറിപ്പിനെയും ആ രീതിയിൽ മാത്രം വിലമതിക്കുക. ഇതിൽ പറയുന്ന പല നിർദേശങ്ങളും കാര്യങ്ങൾ മനസ്സിലാക്കി തന്നെയാണ് പറയുന്നതെന്ന് വ്യക്തം. ആർക്കെങ്കിലും മറിച്ച് ഒരു അഭിപ്രായം ഉണ്ടെങ്കിൽ വിശദീകരണം നൽകുക എന്നും നിർദേശത്തിൽ പറയുന്നു. എന്തായാലും വയനാട് ദുരിതാശ്വാസ പാക്കേജിന് ഇതുപോലെയുള്ള നിർദേശങ്ങളും അഭിപ്രായങ്ങളുമാണ് പൊതുസമൂഹത്തിൽ നിന്നും വരേണ്ടത്. അങ്ങനെയെങ്കിൽ ഇതിലേയ്ക്ക് കൊടുക്കുന്ന ഒരു തുക പോലും പാഴാകില്ലെന്ന് വിശ്വസിക്കാം.

#WayanadLandslide #KeralaRelief #DisasterRelief #Funding #Reconstruction #CitizenAnalysis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia