Verdict | നേരറിയാൻ സിബിഐ വരില്ല; കണ്ണൂരിലെ സിപിഎമ്മിന് താൽകാലിക ആശ്വാസം; പ്രതി ദിവ്യ മുതൽ ദിവ്യ വരെ മാത്രം
● പി പി ദിവ്യയാണ് ആത്മഹത്യ പ്രേരണാ കേസിൽ പ്രതി
● കണ്ണൂർ സിപിഎം നേതൃത്വത്തിന് ഈ വിധി ആശ്വാസകരമായി.
● പ്രതികൂലമാവുകയാണെങ്കിൽ പ്രതിസന്ധി നേരിടേണ്ടി വരുമായിരുന്നു
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈകോടതി വിധി കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് ആശ്വാസമായി. പാർട്ടി ജില്ലാ സമ്മേളനം ഫെബ്രുവരിയിൽ നടക്കാനിരിക്കെ വിധി പ്രതികൂലമാവുകയാണെങ്കിൽ സിപിഎം പ്രതിസന്ധി നേരിടേണ്ടി വരുമായിരുന്നു. നവീൻ ബാബു മരിച്ച കേസിൽ ആത്മഹത്യ പ്രേരണാ കേസിൽ നിലവിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും ജില്ലാ കമ്മിറ്റി അംഗവുമായ പിപി ദിവ്യ മാത്രമാണ് പ്രതി.
ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും ഒഴിവാക്കി സിപിഎം നേരത്തെ മുഖം രക്ഷിച്ചിരുന്നു. എന്നാൽ പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണെന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കണ്ണൂർ ജില്ലാ നേതൃത്വം ദിവ്യയോടൊപ്പമായിരുന്നു നിലകൊണ്ടത്. റിമാൻഡിൽ കഴിയുന്ന പി പി ദിവ്യ കണ്ണൂർ വനിതാ സ്പെഷ്യൽ ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ സ്വീകരിക്കാനെത്തിയത് സംസ്ഥാന സെക്രട്ടറിഎം.വി ഗോവിന്ദൻ്റെ ഭാര്യ പി കെ ശ്യാമളയും ജില്ലയിലെ പ്രമുഖ നേതാക്കളുമായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ ദിവ്യയെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയംഗമായി സിപിഎം തെരഞ്ഞെടുക്കുകയും ചെയ്തു. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ ഉയർത്തിയ സി.ബി.ഐ അന്വേഷണമെന്ന വാദം തുടക്കത്തിലെ സർക്കാരും സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വവും ഒരേ സ്വരത്തിലാണ് എതിർത്തത്. നവീൻ ബാബുവിനെതിരെ പരാതി നൽകിയ ചെങ്ങളായിയിലെ പെട്രോൾ പമ്പ് സംരഭകൻ ടി വി പ്രശാന്തവുമായി പാർട്ടിയിലെ രണ്ട് ഉന്നത നേതാക്കൾക്കുള്ള ബന്ധമാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്.
ഏകദേശം മൂന്ന് കോടിയോളം രൂപ ചെലവുള്ള പെട്രോൾ പമ്പ് സ്ഥാപിക്കാൻ പ്രശാന്തിന് പിന്നിലുള്ള ബിനാമികളാരെന്ന ചോദ്യം ഉയർന്നതിനെ തുടർന്നാണ് വിഷയത്തിൽ നിന്നും തന്ത്രപരമായി തലയൂരാൻ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തെ പ്രേരിപ്പിച്ചത്. പരപ്പയിലെ ക്വാറി വിഷയത്തിൽ ചില രാഷ്ട്രീയ നേതാക്കൾക്കുള്ള ബന്ധവും ഇതിൻ്റെ രേഖകൾ നവീൻ ബാബുവിൻ്റെ കൈയ്യിലുണ്ടായിരുന്നുവെന്ന അഭ്യുഹങ്ങളും സോഷ്യൽ മീഡിയയിൽ നിന്നും ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് പെരിയ ഇരട്ട കൊലപതക കേസ് സിബിഐ അന്വേഷിച്ച് പാർട്ടി നേതാക്കളെ അടപടലം പൂട്ടിയ വിധിയും വരുന്നത്. പെരിയക്ക് ശേഷം നവീൻ ബാബുവിൻ്റെ മരണവും അന്വേഷിക്കാൻ സിബിഐ തയ്യാറാണെന്ന് അറിയിച്ചിരിക്കെ ഹൈകോടതി തന്നെ അതിന് തടയിട്ടത് ആശ്വാസമായിരിക്കുകയാണ് കണ്ണൂരിലെ പാർട്ടി നേതൃത്വത്തിന്.
#Kannur #CPM #NaveenBabu #KeralaPolitics #CBI #HighCourt