Support | അൻവറിന്റെ തീരുമാനം സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല; 'സ്ഥാനാർഥിയെ നിശ്ചയിക്കാൻ പാർട്ടിക്ക് സംവിധാനമുണ്ട്'


● 'രാജിയെക്കുറിച്ച് കോൺഗ്രസിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല'
● 'ഈ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്'
● 'അൻവർ കൂടി പറഞ്ഞപ്പോൾ ജനങ്ങൾക്ക് കൂടുതൽ വിശ്വാസമായി'
തിരുവനന്തപുരം: (KVARTHA) യുഡിഎഫിന് നിരുപാധികമായി പിന്തുണ നൽകാനുള്ള പി വി അൻവറിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി ആരു വേണമെന്നുള്ളത് നിശ്ചയിക്കാൻ പാർട്ടിക്ക് ഒരു സംവിധാനം ഉണ്ട്. പാർട്ടി എല്ലാവരും ആയി ചർച്ച ചെയ്യും. അവിടുത്തെ പ്രധാന നേതാക്കളുമായി ചർച്ച ചെയ്ത് പാർട്ടിയുടെ സംവിധാനം അനുസരിച്ച് തീരുമാനമെടുക്കും. അത് ഇപ്പോൾ തീരുമാനിക്കേണ്ട ഒരു കാര്യമല്ല. അത് ആ ഘട്ടത്തിൽ തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അൻവറിൻ്റെ രാജിയെക്കുറിച്ച് കോൺഗ്രസിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. അൻവർ രാജിവയ്ക്കാൻ പോകുന്ന കാര്യം രാവിലെയാണ് അറിയുന്നത്. അതുകൊണ്ട് ആ ഒരു വിഷയം ചർച്ച ചെയ്യാനുള്ള ഒരു സാധ്യത ഉണ്ടായിട്ടില്ല. പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെക്കുന്നു എന്നുള്ള വിവരം വാർത്ത ചാനലിലൂടെ ആണ് ഞാൻ അറിയുന്നത്. അദ്ദേഹം സ്വന്തമായിട്ട് എടുത്ത ഒരു തീരുമാനമായിട്ടാണ് ഞാൻ കണക്കാക്കുന്നത്.
അല്ലെങ്കിൽ അദ്ദേഹം പുതിയ പാർട്ടി ചേരാൻ പോകുമ്പോൾ പാർട്ടി നേതൃത്വത്തിന്റെ നിർദേശം അനുസരിച്ചായിരിക്കും രാജിവച്ചത്. ഏതായാലും യുഡിഎഫിനെ പിന്തുണയ്ക്കുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. ഇതേക്കുറിച്ച് ഒന്നും യുഡിഎഫ് ഇതുവരെ ആലോചിച്ചിട്ടില്ല. പി വി അൻവറിന്റെ വിഷയങ്ങളൊന്നും യുഡിഎഫിൽ ഒരു ഘട്ടത്തിലും ചർച്ചയ്ക്ക് വേണ്ടി വന്നിട്ടില്ല. സമയമാകുമ്പോൾ യുഡിഎഫ് ആ കാര്യം ചർച്ച ചെയ്യും.
അൻവർ ഉന്നയിച്ച വിഷയങ്ങളൊക്കെ നേരത്തെ പറഞ്ഞ വിഷയങ്ങളാണ്. ഈ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. ആ അഴിമതിക്കെതിരെ ഉള്ള പോരാട്ടം യുഡിഎഫ് ആണ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. അത് അൻവർ കൂടി പറഞ്ഞപ്പോൾ അത് ജനങ്ങൾക്ക് കൂടുതൽ വിശ്വാസമായി. ഇടതുപക്ഷ ഗവൺമെൻറിൻ്റെ അഴിമതിയും കൊള്ളയും കഴിഞ്ഞ എട്ടു വർഷമായി ജനമധ്യത്തിൽ ഉയർത്തിക്കൊണ്ടു വരുന്ന കാര്യമാണ്.
അതേ കാര്യം ഇടതുപക്ഷ സഹയാത്രികനായ അൻവർ ഉന്നയിക്കുമ്പോൾ അതിൽ കുറെ കൂടി വിശ്വാസ്യത വരുകയാണ്. കൂടെ കിടക്കുന്നവർക്ക് അല്ലേ രാപ്പനി അറിയു. കേരളം കണ്ട ഏറ്റവും അഴിമതി ഗവൺമെൻറാണിത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ജനങ്ങളാൽ വെറുക്കപ്പെട്ട ഒരു ഗവൺമെൻറ് ഉണ്ടായിട്ടില്ല. സർക്കാരിനെതിരെ അൻവർ പറഞ്ഞ കാര്യങ്ങളോട് തങ്ങൾക്ക് യോജിപ്പാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
#PVAnwar #KeralaPolitics #RameshChennithala #UDFSupport #LDFCorruption #MalayalamNews