BJP Leadership | രാജീവ് ചന്ദ്രശേഖർ പുലി തന്നെ; പക്ഷേ ശോഭയെ തഴഞ്ഞത് ബിജെപിയിലെ പുരുഷമേധാവിത്വം വെളിവാക്കുന്നു


● രാജീവ് ചന്ദ്രശേഖറിൻ്റെ നിയമനം ബി.ജെ.പിക്ക് പുതിയ ഊർജം നൽകുന്നു.
● സവർണ മേധാവിത്വം ബി.ജെ.പിയിൽ പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നു.
● തിരുവനന്തപുരത്തെ രാജീവ് ചന്ദ്രശേഖറിൻ്റെ പ്രകടനം മികവ് വ്യക്തമാക്കുന്നു.
● ബി.ജെ.പിയിലെ മാറ്റങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും.
സോണി കല്ലറയ്ക്കൽ
(KVARTHA) ബിജെപിയുടെ സമുന്നത നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പിയുടെ അടുത്ത കേരളാ ഘടകം സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുത്തിരിക്കുകയാണ്. തീർച്ചയായും ബി.ജെ.പിയെ സംബന്ധിച്ച് നല്ലൊരു പ്രഖ്യാപനം തന്നെയാണ് അത്. ഒട്ടും പ്രതീക്ഷിക്കാതെ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻ്റായി രാജീവ് ചന്ദ്രശേഖറുടെ പേരുവന്നപ്പോൾ മുതൽ സൈബർ ഇടങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തിനെതിരെ ശക്തമായ ആക്രമണം നടക്കുന്നതാണ് കാണുന്നത്. അദ്ദേഹത്തിൻ്റെ വിവാഹ ചരിത്രം പോലും എടുത്തുകൊണ്ട് രാജീവ് ചന്ദ്രശേഖറെ പരിഹസിക്കുന്നതും കാണാം.
ചാനൽ മുതലാളി ബി.ജെ.പി കേരളാ ഘടകത്തെ വിലയ്ക്കു മേടിച്ചു എന്ന രീതിയിൽ ഒക്കെയാണ് വിമർശനം. രാജീവ് ചന്ദ്രശേഖർ മേധാവി ആയിട്ടുള്ള ഒരു ചാനൽ മാത്രം അദ്ദേഹത്തെ ഘോരംഘോരം വാഴ്ത്തുമ്പോൾ ഇവിടുത്തെ ഇടത് - വലത് മുന്നണികളെ പിന്തുണയ്ക്കുന്ന സൈബർ ഇടങ്ങളിൽ വലിയൊരു ആക്രമണം ബി.ജെ.പിയുടെ നിയുക്ത പ്രസിഡൻ്റിനെതിരെ നടക്കുന്നുണ്ടെങ്കിൽ അതിനർത്ഥം രാജീവ് ചന്ദ്രശേഖർ പുലിയാണ് എന്നത് തന്നെ. അദ്ദേഹത്തെ ആരൊക്കെയൊ ഭയപ്പെടുന്നു എന്ന് തന്നെ കരുതണം.
രാജീവ് ചന്ദ്രശേഖർ അത്ര നിസാരക്കാരനല്ലെന്ന് തെളിയിച്ചതാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ്. തിരുവനന്തപുരത്ത് അദ്ദേഹം യു.ഡി.എഫിലെ ശശി തരൂരിനെതിരെ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇടതു മുന്നണി സ്ഥാനാർത്ഥിയെ മുന്നാം സ്ഥാനത്തേയ്ക്ക് തള്ളിവിട്ടുകൊണ്ട് രണ്ടാം സ്ഥാനം നിലനിർത്തുകയും ചെയ്തു. നിസാര വോട്ടുകൾക്കാണ് ശശി തരൂരിനോട് രാജീവ് ചന്ദ്രശേഖർ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിൻ്റെ തുടക്ക സമയത്ത് തിരുവനന്തപുരത്ത് ജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
തരൂർ അല്ലായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയെങ്കിൽ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വിജയിച്ച് എം.പിയും ഒരു പക്ഷേ കേന്ദ്രമന്ത്രിയുമൊക്കെ ആവുകയും ചെയ്യുമായിരുന്നു. അങ്ങനെയുള്ള രാജീവ് ചന്ദ്രശേഖറാണ് ഇവിടെ ബി.ജെ.പി പ്രസിഡൻ്റായി എത്തുന്നതെന്ന് ഓർക്കണം. തിരുവനന്തപുരത്ത് ഇവിടെ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ബി.ജെ.പിയുടെ ഏതെങ്കിലും സംസ്ഥാന നേതാക്കളായിരുന്നു മത്സരിച്ചിരുന്നതെങ്കിൽ പോലും ഇത്രമാത്രം ഓളം ഉണ്ടാക്കാൻ കഴിഞ്ഞെന്ന് വരില്ലായിരുന്നു. ശബരിമല പ്രശ്നം നിലനിൽക്കുമ്പോൾ പത്തനംതിട്ട ലോക് സഭാ മണ്ഡലത്തിൽ നിന്ന് സംസ്ഥാന പ്രസിഡൻ്റായിരുന്ന കെ. സുരേന്ദ്രൻ മത്സരിച്ച കാര്യമൊക്കെ നമുക്ക് അറിയാവുന്നതാണല്ലോ.
ആനയും അമ്പാരിയും എന്നൊക്കെ പറഞ്ഞ് മത്സരിക്കാൻ ഇറങ്ങിയ സുരേന്ദ്രന് പത്തനംതിട്ടയിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന കാഴ്ച നാം കണ്ടതാണ്. അവിടെയാണ് ഒട്ടും സംഘടനാ പ്രാവീണ്യം ഇല്ലാതെ തിരുവനന്തപുരത്ത് മത്സരത്തിന് വന്ന രാജീവ് ചന്ദ്രശേഖറുടെ മികവ് എടുത്തു പറയേണ്ടത്. ഇപ്പോൾ ബി.ജെ.പിയിലുള്ള ചില ആളുകൾക്ക് പോലും രഹസ്യമായ ഒരു സംസാരമുണ്ട്. സംഘടനാ പ്രവർത്തന പരിചയമില്ലാത്ത രാജീവ് ചന്ദ്രശേഖറെ കേന്ദ്രം ഇവിടെ നൂലിൽ കെട്ടി ഇറക്കിയതാണെന്ന്. അങ്ങനെ കേന്ദ്രം നൂലിൽ കെട്ടി ഇറക്കിയവരെ ഇവിടെ വിജയിച്ചിട്ടുള്ളു എന്നതാണ് യാഥാർത്ഥ്യം. അതിന് ഉദാഹരണങ്ങളാണ് രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും എല്ലാം. അങ്ങനെയുള്ളവർക്ക് ബി.ജെ.പിയ്ക്കു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയും കഴിഞ്ഞിട്ടുമുണ്ട്.
സുരേഷ് ഗോപിയിലൂടെ ഒരു ലോക് സഭാ സീറ്റ് പിടിച്ചെടുക്കാൻ കഴിഞ്ഞത് അത്ര നിസാര കാര്യമാണോ. ബി.ജെ.പി സംസ്ഥാന ഘടകം ഒന്ന് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും വിജയിക്കുമായിരുന്നു. അന്ന് അവിടെ അദ്ദേഹം പരാജയപ്പെട്ടതിൻ്റെ പിണക്കം അദ്ദേഹം തന്നെ അന്ന് പ്രകടിപ്പിക്കുന്നത് കണ്ടതാണ്. ഒരു കാര്യം കൃത്യമായി പറയാം, ഇനി ഇവിടുത്തെ ബി.ജെ.പിയിൽ നടക്കാൻ പോകുന്നത് അഡ്ജസ്റ്റ് മെൻ്റ് രാഷ്ട്രീയമല്ല. കൃത്യമായ ഒരു രാഷ്ട്രീയ പോരാട്ടം തന്നെ ആയിരിക്കും. അത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൊട്ട് പ്രതിഫലിക്കുകയും ചെയ്തു.
ബി,ജെ.പി കേന്ദ്ര നേതൃത്വം അത് അറിഞ്ഞു കൊണ്ട് എറിഞ്ഞ വല തന്നെയാണ് രാജീവ് ചന്ദ്രശേഖർ. കെ. സുരേന്ദ്രൻ മാറിയാൽ അടുത്ത ബി.ജെ.പി പ്രസിഡൻ്റ് ആരാകുമെന്നുള്ള ചർച്ചകൾ ഇവിടെ കുറെ കാലമായി സജീവം ആയിരുന്നു. കൂടുതൽ പേരൂം ചിന്തിച്ചിരുന്നതും ആഗ്രഹിച്ചിരുന്നതും സീനിയർ വനിതാ നേതാവായ ശോഭാ സുരേന്ദ്രൻ ബി.ജെ.പി യെ നയിക്കാൻ എത്തുമെന്നാണ്. ശോഭയും ഒരു പക്ഷേ അങ്ങനെ ആഗ്രഹിച്ചിരുന്നിരിക്കാം. തീർച്ചയായും അവരും പാർട്ടിയെ നയിക്കാൻ കഴിവുള്ളവർ തന്നെയായിരുന്നു. നല്ലൊരു ഫൈറ്റർ ആയ ശോഭ താൻ മത്സരിച്ചിടത്തൊക്കെ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെയ്ക്കുന്നത് എപ്പോഴും കണ്ടിട്ടുള്ളതുമാണ്.
എന്നാൽ സംഘടനാ രംഗത്ത് അവർ എപ്പോഴും ഒതുക്കപ്പെടുന്നതാണ് കണ്ടിട്ടുള്ളത്. അവരോടൊപ്പം സംഘടനാ രംഗത്ത് വന്ന എല്ലാവരും പ്രസിഡൻ്റായി വന്നപ്പോൾ അവർ തഴയപ്പെടുന്നതാണ് കാണുന്നത്. സംസ്ഥാന നേതാക്കൾ പോലും ശോഭ വരുന്നതിനെ അനുകൂലിക്കുന്നില്ലെന്നർത്ഥം. ശരിക്കും ഇത് മറ്റ് പാർട്ടികളിലെപ്പോലെ തന്നെ ബി.ജെ.പിയുടെ പുരുഷമേധാവിത്വം അല്ലെ കാണിക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാൻ പറ്റും. അതാണ് ശോഭ സുരേന്ദ്രനെ തഴഞ്ഞതിലൂടെ മനസ്സിലാക്കേണ്ടത്. ഒപ്പം തന്നെ സവർണ മേധാവിത്വവും പാർട്ടിയിൽ വ്യക്തമാണ്.
കേന്ദ്രമന്ത്രിയും സംസ്ഥാന പ്രസിഡൻ്റായി വരുന്നയാളും ഗവർണറും ഒക്കെ സവർണർ തന്നെ. അതായത് ബി.ജെ.പിയും പുരുഷ മേധാവിത്വത്തിനും സവർണ മേധാവിത്വത്തിനും അടിമപ്പെട്ടുകൊണ്ടിരിക്കുന്നു എന്നർത്ഥം. ബി.ജെ.പിയിലെ ഭൂരിഭാഗം വരുന്ന പിന്നാക്കക്കാർക്ക് വായിൽ നോക്കി ഇരിക്കേണ്ടുന്ന അവസ്ഥ. എന്തായാലും കേരളത്തിലെ ബി.ജെ.പിയിലും മാറ്റം പ്രകടമാണ്. ഈ മാറ്റങ്ങൾ ഭാവിയിൽ ബി.ജെ.പി യെ കേരളത്തിൽ ഭരണരംഗത്ത് എത്തിക്കുമോ അല്ലെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിക്കുമോ അതും അല്ലെങ്കിൽ കേരളത്തിൽ ബി.ജെ.പിയുടെ നാശത്തിന് വഴി തെളിയ്ക്കുമോ എന്നതൊക്കെയാണ് നോക്കി കാണേണ്ടത്. അതിനായി കാത്തിരിക്കാം. എന്തായാലും രാജീവ് ചന്ദ്രശേഖറുടെ വരവ് ബി.ജെ.പിയ്ക്ക് വലിയൊരു തരംഗം സൃഷ്ടിച്ചുവെന്ന് വ്യക്തം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The rejection of Shobha Surendran in BJP Kerala reveals the party's male dominance, even as Rajeev Chandrasekhar's leadership brings fresh waves to Kerala politics.
#KeralaPolitics #BJPLeadership #RajeevChandrasekhar #ShobhaSurendran #MaleDominance #BJP