Leadership | രാജീവം വിടരുമോ ബിജെപിയിൽ; കേരളത്തിൻ്റെ കടിഞ്ഞാൺ ഇനി പാർട്ടിയിലെ പ്രൊഫഷനലിൻ്റെ കയ്യിൽ; കേന്ദ്രം കണക്കുകൂട്ടുന്നത് കേരളത്തിൽ താമര വിരിയിക്കൽ

 
Rajeev Chandrasekhar, BJP Kerala President
Rajeev Chandrasekhar, BJP Kerala President

Photo Credit: Facebook/ BJP Keralam

● ആർ.എസ്.എസുകാരനല്ലാത്ത  സംസ്ഥാന പ്രസിഡൻ്റ് ഇത് ആദ്യമായാണ് 
● രണ്ടു പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവവുമായാണ് അധ്യക്ഷനാകുന്നത്.
● രാഷ്ട്രീയ പരിചയക്കുറവ് പാർട്ടിക്കുള്ളിൽ ആശങ്കയുണ്ടാക്കുന്നു.


നവോദിത്ത് ബാബു

(KVARTHA) ശോഭാ സുരേന്ദ്രനോ എം ടി രമേശോ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ നേതൃത്വത്തിൻ്റെ കടിഞ്ഞാൺ മുൻ കേന്ദ്ര സഹമന്ത്രിയും പ്രൊഫഷനലും വ്യവസായ സംരഭകനായ രാജീവ് ചന്ദ്രശേഖരുടെ കയ്യിലെത്തിയത് അപ്രതീക്ഷിതമായാണ്. നാല് പ്രബല ഗ്രൂപ്പുകൾ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്ന കേരളത്തിലെ പാർട്ടിയിൽ ദീർഘവീക്ഷണത്തോടെയുള്ള നേതൃമാറ്റമാണ് ഭാരതീയ ജനതാ പാർട്ടി അഖിലേന്ത്യാ നേതൃത്വം നടത്തിയിരിക്കുന്നത്. 

രാജീവിൻ്റെ പേര് സംസ്ഥാന നേതൃത്വത്തിൽ നിന്നും ഉയർന്നുവന്നതല്ല, കേന്ദ്ര നേതൃത്വം ഏകപക്ഷീയമായി നിർദ്ദേശിക്കുകയായിരുന്നു. ഗ്രൂപ്പുകളുടെ അതിപ്രസരം കാരണം ദുർബലമായി കൊണ്ടിരിക്കുന്ന കേരളത്തിലെ പാർട്ടിക്ക് പുതിയ മുഖം നൽകുമ്പോൾ ദേശീയ നേതൃത്വത്തിന് പ്രതീക്ഷകൾ ഒരുപാടുണ്ട്. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഒളിയുദ്ധം നടത്തുകയായിരുന്നു പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ. തൻ്റെ അപ്രമാദിത്വം കൊണ്ടു കെ സുരേന്ദ്രൻ മൂലയ്ക്കിരുത്തിയ നേതാക്കളുടെ എണ്ണവും കുറവല്ല. 

ഒടുവിൽ തൻ്റെ ഗോഡ് ഫാദറായ വി മുരളീധരനുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വന്നതോടെയാണ് സുരേന്ദ്രന് പുറത്തേക്കുള്ള വഴി തുറന്നത്. തെരഞ്ഞെടുപ്പ് കോഴയും കുഴൽപ്പണ കേസുകളും സുരേന്ദ്രൻ്റെ പ്രതിച്ഛായയിൽ മങ്ങലേൽപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ പാർട്ടിയുടെ തീപ്പൊരി വക്താവായ സന്ദീപ് വാര്യർ പാർട്ടി വിട്ടതും തിരിച്ചടിയായി. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ വരുന്ന തദ്ദേശ സ്വയംഭരണ- നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരിട്ടാൽ പാർട്ടിയെങ്ങുമെത്തില്ലെന്ന് കേന്ദ്ര നേതൃത്വം മുൻ കുട്ടി കണ്ടതാണ് നേതൃമാറ്റത്തിന് വഴി തുറന്നത്. 

എന്നാൽ രാജീവ് ചന്ദ്രശേഖറെന്ന പ്രൊഫഷനലിൻ്റെ രാഷ്ട്രീയ പരിചയക്കുറവ് തിരിച്ചടിയാകുമോയെന്ന ആശങ്ക പാർട്ടിക്കുള്ളിലുണ്ട്. ആർ.എസ്.എസുകാരനല്ലാത്ത ഒരു സംസ്ഥാന പ്രസിഡൻ്റ് ബി.ജെ.പിക്ക് ആദ്യമായാണ് ഉണ്ടാകുന്നത്. ജില്ലാ സംസ്ഥാന തലങ്ങളിൽ പ്രവർത്തിക്കാതെ മോദി - അമിത് ഷാ ബന്ധം കാരണം നേതാവായ വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ. കേന്ദ്ര നേതൃത്വത്തിൻ്റെ പിൻതുണ ഉറപ്പിക്കാമെങ്കിലും സംസ്ഥാനത്തെ പാർട്ടി നേതാക്കൾ പുതിയ പ്രസിഡൻ്റിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമോയെന്ന് കണ്ടറിയണം.

രണ്ടു പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്‍റെ മുഖമായാണ് ദേശീയനേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്. നാലുവരി സംസാരിച്ചാല്‍ നാലാളെ ആകര്‍ഷിക്കും വിധം വികസന സങ്കല്‍പ്പം പറയുന്ന വ്യക്തിയാണ് രാജീവ് ചന്ദ്രശേഖര്‍. മറ്റെല്ലാപേരും മാറ്റിവച്ച് രാജീവിലേക്ക് പാര്‍ട്ടി ദേശീയനേതൃത്വം എത്തിയതും ഈ കാഴ്ചപ്പാടിനുള്ള മൂല്യം കണക്കാക്കിയാണ്.

ശരാശരി രാഷ്ട്രീയക്കാരനപ്പുറം ആരോപണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും പവര്‍ പോയന്‍റ് പ്രസന്‍റേഷനാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ശൈലി. കക്ഷി രാഷ്ട്രീയത്തിനും മീതെ മോദിയുടെ ഗ്യാരണ്ടിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്ക്ക് ഒരു കേരള മോഡല്‍ തേടുകയായിരുന്നു പാര്‍ട്ടി ദേശീയ നേതൃത്വം. ആ പരീക്ഷണത്തിന്‍റെ ആദ്യവേദിയായിരുന്നു തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വം. പുതിയ കാലത്തിന്‍റെ രാഷ്ട്രീയക്കാരനില്‍ പുത്തന്‍വോട്ടര്‍മാര്‍ ഉള്‍പ്പടെ അണിനിരന്നത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതുമാണ്.

പഠിച്ചതും സ്വപ്നംകണ്ടതും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരങ്ങളാണ് ബിജെപി രാഷ്ട്രീയത്തില്‍ രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമായത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ നേടിയ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും ഐടി ആന്‍റ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യവികസനത്തിന്‍റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചു. ഇന്ത്യൻ വ്യോമസേനയിൽ എയര്‍ കമാൻഡറായിരുന്ന എംകെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964 ല്‍ അഹമ്മദാബാദിലാണ് രാജീവിന്‍റെ ജനനം.

ബിസിനസുകാരനായി ബെംഗളൂരുവിലാണ് രാജീവ് ചന്ദ്രശേഖര്‍ തിളങ്ങിയത്.  കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കര്‍മ്മമണ്ഡലം പൂര്‍ണമായി മാറുമ്പോള്‍ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ്. ഇന്‍റലിൽ ഡിസൈൻ എൻജിനീയറായിരിക്കെ ലോകത്തിലെ ആദ്യത്തെ 486 ചിപ്പിന്‍റെയും പെന്‍റിയം മൈക്രോ പ്രൊസസറിന്‍റെയും രൂപകൽപനയിൽ പ്രധാന പങ്കുവഹിച്ചു. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലുമിറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി.  

2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി. രാജ്യം അറിയുന്ന ബിസിനസുകാരന്‍റെ രാഷ്ട്രീയ പ്രവേശവും വളര്‍ച്ചയും പെട്ടന്നായിരുന്നു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. 2021 ല്‍ കേന്ദ്രസഹമന്ത്രി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവാണ്. ഗ്രൂപ്പുപോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയില്‍ രാജീവിന്‍റെ വരവ് കൂടുതല്‍ രാജീവം വിടര്‍ത്തുമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ പ്രതീക്ഷ. വരും നാളുകളിൽ പാർട്ടിയുടെ കേരളത്തിലെ ദിശാസൂചിക മുകളിലേക്ക് ഉയർത്താൻ രാജീവ് ചന്ദ്രശേഖറിന് കഴിയുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക. 

The central leadership of the BJP has appointed Rajeev Chandrasekhar as the new Kerala state president, replacing K. Surendran. The move aims to give a new face to the party in Kerala, which has been weakened by internal group rivalries.

#KeralaPolitics, #BJP, #RajeevChandrasekhar, #PoliticalNews, #KeralaBJP, #LeadershipChange

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia