Controversy | രാജസ്ഥാനിൽ സ്വന്തം പാർട്ടിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി ബിജെപി മന്ത്രി

 
Kirori Lal Meena, Rajasthan BJP Minister, accuses government of phone tapping and spying
Kirori Lal Meena, Rajasthan BJP Minister, accuses government of phone tapping and spying

Photo Credit: X/ Dr. Kirodi Lal Meena

● തന്നെ നിരീക്ഷിക്കാൻ സിഐഡിയെ നിയോഗിച്ചെന്നും മന്ത്രി
● പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് 
● മന്ത്രിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സർക്കാർ വൃത്തങ്ങൾ 

ജയ്പൂർ: (KVARTHA) രാജസ്ഥാനിൽ ബിജെപി സർക്കാരിലെ കാബിനറ്റ് മന്ത്രി ഡോ. കിരോരി ലാൽ മീണ സ്വന്തം സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത്. ഫോൺ ചോർത്തൽ, ചാരവൃത്തി തുടങ്ങിയ ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചിരിക്കുന്നത്. ഇത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

സബ് ഇൻസ്പെക്ടർ റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ സർക്കാർ തന്റെ വാക്ക് കേട്ടില്ലെന്നും ഓരോ ഘട്ടത്തിലും തന്നെ നിരീക്ഷിക്കാൻ സിഐഡിയെ നിയോഗിച്ചെന്നും മന്ത്രി കിരോരി ലാൽ മീണ ആരോപിച്ചു. തന്റെ ഫോൺ കോളുകൾ പോലും ചോർത്തുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 

എന്നാൽ താൻ തെറ്റായതൊന്നും ചെയ്യാത്തതുകൊണ്ട് ഭയമില്ലെന്നും സത്യം പറയാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയായാലും ഉദ്യോഗസ്ഥനായാലും 'യെസ്' എന്ന് പറയുന്നവർ ദീർഘകാലം അധികാരത്തിൽ തുടരുമെന്നും, 'നോ' എന്ന് പറയുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.

മന്ത്രിയുടെ ആരോപണത്തിന് പിന്നാലെ പ്രതിപക്ഷം സർക്കാരിനെതിരെ തിരിഞ്ഞു. നിയമസഭാ സമ്മേളനം ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കോൺഗ്രസ് എംഎൽഎമാർ 'മുഖ്യമന്ത്രി രാജി വയ്ക്കുക' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളം കാരണം സഭാ നടപടികൾ രണ്ടുതവണ നിർത്തിവയ്ക്കേണ്ടിവന്നു. 

സബ് ഇൻസ്പെക്ടർ റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി മന്ത്രി കിരോരി ലാൽ മീണ നേരത്തെ തന്നെ നിരന്തരം രംഗത്തുണ്ട്. പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട 50 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടും പരീക്ഷ റദ്ദാക്കിയിട്ടില്ല. ഈ വിഷയത്തിൽ മന്ത്രി സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കുകയാണ്.

എന്നാൽ മന്ത്രിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുൻ കോൺഗ്രസ് സർക്കാർ ഉപമുഖ്യമന്ത്രിയുടെയും 25 ലധികം എംഎൽഎമാരുടെയും ഫോണുകൾ ചോർത്തിയിരുന്നുവെന്നും എന്നാൽ  ബിജെപി സർക്കാർ ഒരു എംഎൽഎയുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി ജവഹർ സിംഗ് ബേധാം മാധ്യമങ്ങളോട് പറഞ്ഞു. 

മെഡിക്കൽ വകുപ്പ് പോലുള്ള നിർണായകമായ ഒരു വകുപ്പ് തനിക്ക് നൽകാത്തതിലുള്ള അതൃപ്‍തിയാണ് ഡോ. കിരോരി ലാൽ മീണയുടെ ആരോപണങ്ങൾക്ക് കാരണമെന്ന് സർക്കാർ  വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Rajasthan BJP Minister Kirori Lal Meena accuses his own government of phone tapping and spying, sparking a political crisis.

#RajasthanPolitics #BJP #PhoneTapping #PoliticalCrisis #KiroriLalMeena #RajasthanNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia