പാലക്കാടിൻ കാറ്റിൽ തിരഞ്ഞെടുപ്പ് മണമില്ല: ആടയാഭരണങ്ങളില്ലാതെ ഇനി രാഹുലിൻ്റെ രാഷ്ട്രീയ ജീവിതം?


● പാർട്ടിക്ക് സ്ത്രീ വിഷയങ്ങളിൽ ശക്തമായ നിലപാട് വേണമെന്ന് നിർദേശം.
● യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കില്ല.
● പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ പരിഗണിക്കുന്നു.
● വിഡി സതീശനും ഷാഫി പറമ്പിലും പ്രതിരോധത്തിൽ.
ഭാമനാവത്ത്
(KVARTHA) രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാടിൽ നിന്ന് നേതാക്കൾ പിന്നോട്ടുപോയതോടെ കേരളത്തിലെ കോൺഗ്രസിൽ നിലനിന്നിരുന്ന പ്രതിസന്ധിക്ക് താൽക്കാലികമായ അയവ് വന്നിരിക്കുകയാണ്.
എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജി വേണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കിയതോടെ ഹൈക്കമാൻഡിന്റെ ഉള്ളിലിരിപ്പും അതുതന്നെയാണെന്ന് തെളിഞ്ഞു.

രാഹുലിനെക്കൊണ്ട് രാജിവയ്പ്പിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസോ ലീഗോ ആഗ്രഹിക്കുന്നില്ല. പരാതിയോ കേസോ ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിനോട് എംഎൽഎ സ്ഥാനം ഒഴിയാൻ എങ്ങനെ ആവശ്യപ്പെടുമെന്ന ആശയക്കുഴപ്പം കെപിസിസി നേതൃത്വത്തിനുണ്ടായിരുന്നു.
തുടർന്ന് രാഹുലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നേതൃത്വം നിർണായക തീരുമാനമെടുക്കുകയായിരുന്നു. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റു മാർഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.
ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര എംഎൽഎ ആയി മാറും. പാർട്ടി അംഗമല്ലാത്ത ഒരാളോട് എംഎൽഎ സ്ഥാനം ഒഴിയാൻ ആവശ്യപ്പെടാനാവില്ലെന്ന വാദമായിരിക്കും കോൺഗ്രസ് നേതൃത്വം ഇനി മുന്നോട്ട് വെക്കുക.
സസ്പെൻഡ് ചെയ്തതോടെ കോൺഗ്രസിന്റെ നയപരിപാടികളിലോ നിയമസഭാ വിഷയങ്ങളിലോ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കില്ല. രാഹുലിനൊപ്പം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും പാർട്ടി ഇനി സീറ്റ് നൽകില്ല.
സ്ത്രീ വിഷയങ്ങളിൽ ശക്തമായ നിലപാടുകളെടുക്കുന്നുവെന്ന് പൊതുസമൂഹത്തിന് തോന്നലുണ്ടാകണം. അതില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് വനിതാ നേതാക്കളടക്കം നിലപാടെടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
രാഹുൽ മാങ്കൂട്ടത്തിൽ ഒഴിഞ്ഞ യൂത്ത് കോൺഗ്രസ് അധ്യക്ഷപദവിയിൽ ഇനി ആരാണ് എത്തുകയെന്ന ചോദ്യവും ഉയരുന്നുണ്ട്. അബിൻ വർക്കിയോ അതോ അരിതാ ബാബുവോയെന്നതാണ് പ്രധാന ചോദ്യം.
ഒരു വനിതയെ യൂത്ത് കോൺഗ്രസ് അധ്യക്ഷയാക്കി സ്ത്രീകളെ കൂടെ നിർത്താനുള്ള ബുദ്ധിയാണോ ഫലം കാണുക, അതോ രമേശ് ചെന്നിത്തലയുടെ തന്ത്രങ്ങളോ? അതോ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലിന്റെ അവസാന വാക്കോ?
യൂത്ത് കോൺഗ്രസ് അധ്യക്ഷപദവിയിലേക്ക് ഉടൻ ഒരു നേതാവിനെ പ്രഖ്യാപിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. കെപിസിസി പുനഃസംഘടന നേതാക്കളുടെ പിടിവാശിമൂലം ഒരു മാസം ചർച്ച നടത്തിയിട്ടും നടക്കാതെ പോയ സംസ്ഥാനത്ത് ഒരു യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് അത്ര എളുപ്പമല്ലെന്ന് ഏവർക്കും അറിയാം.
ഡിസിസി അധ്യക്ഷന്മാരെ നിയമിക്കാനായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ തൽക്കാലം ആരെയും മാറ്റുകയോ പുതുതായി കൊണ്ടുവരികയോ വേണ്ട എന്ന നിലപാടിലായിരുന്നു നേതൃത്വം. ഇതിനിടയിലാണ് ലൈംഗികാരോപണത്തിൽ അകപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജിവെച്ചൊഴിയേണ്ടിവന്നത്.
നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നീറിപ്പുകയുകയായിരുന്ന കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ പുതിയ അഗ്നിപർവതമായി മാറിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി. ഒന്നിലധികം പേരെയാണ് വിവിധ നേതാക്കൾ ശുപാർശ ചെയ്തിരിക്കുന്നത്.
ഇതോടെ കെപിസിസി നേതൃത്വവും ഒരു നിലപാട് പ്രഖ്യാപിക്കാൻ കഴിയാത്ത അവസ്ഥയിലായി. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനു ചുള്ളിയിൽ കെസി വേണുഗോപാലിന്റെ നോമിനിയാണ്. ദേശീയ ജനറൽ സെക്രട്ടറിയുടെ ചുമതലയേറ്റ് ഏതാനും ആഴ്ചകൾ മാത്രം കഴിഞ്ഞ ബിനു ചുള്ളിയെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് കൊണ്ടുവരുന്നതിൽ ഭൂരിപക്ഷം പേരും വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.
അബിൻ വർക്കിക്കായി കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തല. കെഎസ് യു മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന എംപി അഭിജിത്തിന്റെ പേരാണ് എംകെ രാഘവൻ എംപി മുന്നോട്ട് വെച്ചിരിക്കുന്നത്. അഭിപ്രായ ഐക്യമുണ്ടാക്കിയതിനുശേഷം മാത്രമേ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കൂ എന്നാണ് എഐസിസിയുടെ നിലപാട്.
രാഹുൽ മാങ്കൂട്ടത്തിലിനെ കയറൂരിവിട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലുമാണെന്നാണ് പാർട്ടിയിൽ ഉയരുന്ന ആരോപണം. രാഹുലിനെതിരെ ആരോപണം ഉയർന്നപ്പോൾ വേണ്ടത്ര ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്തില്ലെന്നാണ് ഇവർക്കെതിരെ ഉയർന്ന ആരോപണം.
ആരോപണങ്ങൾ ഉയർത്തി വിഡി സതീശനെയും ഷാഫിയെയും പ്രതിരോധത്തിലാക്കാനുള്ള ശ്രമമാണ് പാർട്ടിയിൽ നടക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതേസമയം പുതിയ അധ്യക്ഷൻ ആരാവണമെന്ന ചർച്ചയിൽ ഇവർ രണ്ടുപേരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഷാഫി വിഷയത്തിൽ ഇടപെടാതെ രാഹുൽ ഗാന്ധിയുടെ ബിഹാറിലെ പ്രതിഷേധ യാത്രയിൽ പങ്കെടുക്കാനായി പോയിരിക്കുകയാണ്. രമേശ് ചെന്നിത്തല വിദേശ യാത്രയിലുമാണ്. രാഹുൽ വിഷയത്തിൽ മറുപടി പറയാൻ വിഡി സതീശൻ മാത്രമാണിപ്പോൾ രംഗത്തുള്ളത്.
ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുലിനെ തള്ളിപ്പറയാൻ വിഡി സതീശൻ തയ്യാറായെന്നും, രാഹുൽ ഒട്ടുംവൈകാതെ അധ്യക്ഷസ്ഥാനം രാജിവെച്ചത് വിഡി സതീശന്റെ കർശന നിലപാട് മൂലമാണെന്നും വിശദീകരണങ്ങൾ വന്നെങ്കിലും കോൺഗ്രസിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
വിഡി സതീശന്റെ നിലപാടുകളോട് വിയോജിപ്പുകൾ വെച്ചുപുലർത്തുന്ന മുതിർന്ന നേതാക്കൾ സംഘടിത നീക്കം ആരംഭിച്ചതായും സൂചനകളുണ്ട്. പലപ്പോഴും നേതാക്കളുമായി ചർച്ചകൾപോലും നടത്താതെ നിലപാടെടുക്കുന്ന പ്രതിപക്ഷ നേതാവിന്റെ സമീപനത്തെ അവസരം കൈവന്നപ്പോൾ ശക്തമായി എതിർക്കുകയാണ് ലക്ഷ്യം.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിന്റെ പതനത്തിന്റെ ഞെട്ടലിലാണ് കോൺഗ്രസ് നേതാക്കൾ. ഇന്നലെവരെ സംഘടനയുടെ ഐക്കണായിരുന്ന രാഹുൽ ഒറ്റദിവസംകൊണ്ട് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത തരത്തിലുള്ള ദുരന്തകഥാപാത്രമായി മാറിയിരിക്കുന്നു.
കോൺഗ്രസിലെ ഭാവി നേതാവായി കണ്ടിരുന്ന രാഹുൽ ഒറ്റ ദിവസം കൊണ്ടാണ് തകർന്നുവീണത്. രാഹുലിന്റെ രാജിയോടെ എല്ലാം അവസാനിച്ചു എന്ന് പറയുമ്പോഴും പാർട്ടിയിൽ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായഭിന്നത വലിയ തിരിച്ചടിക്ക് വഴിയൊരുക്കും.
രാഹുലിനെതിരെ ഒന്നിനു പിറകെ മറ്റൊന്നായി പരാതികൾ വന്നുകൊണ്ടിരിക്കുകയാണ്. യുവനടി ഉയർത്തിയ കോളിളക്കത്തിൽ കസേര നഷ്ടപ്പെട്ട രാഹുലിന്റെ രാഷ്ട്രീയഭാവി എന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുൽ തൽക്കാലം എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് എഐസിസി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.
വളരെ ചെറിയ പ്രായത്തിൽത്തന്നെ എംഎൽഎയായ രാഹുലിന് കോൺഗ്രസിൽ വലിയ ഭാവി പ്രതീക്ഷിച്ചവരുണ്ട്. യുവനേതാക്കളിൽ ഏറെ വാഴ്ത്തപ്പെട്ട നേതാവായിരുന്നു രാഹുൽ. രാഹുലിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ഭഗീരഥപ്രയത്നത്തിലാണ് കോൺഗ്രസ് നേതൃത്വം.
ഏറെക്കാലത്തിനുശേഷമാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയത്. രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും തമ്മിൽ നടന്ന പോരാട്ടത്തിന് ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയുമുണ്ടായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Rahul Mankuttathil suspended from Congress, remains MLA.
#KeralaPolitics #Congress #RahulMankuttathil #YouthCongress #KeralaNews #Politics