

● ചാനൽ ചർച്ചകളിലൂടെയും പ്രസംഗങ്ങളിലൂടെയും ജനശ്രദ്ധ നേടി.
● സ്വഭാവദൂഷ്യം സംബന്ധിച്ച പരാതികൾ നേതൃത്വത്തിന് നേരത്തേ ലഭിച്ചിരുന്നു.
● നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുന്നത് രാഹുലിന് വെല്ലുവിളിയായേക്കാം.
● റീൽസ് രാഷ്ട്രീയത്തെ വിമർശിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു.
നവോദിത്ത് ബാബു
(KVARTHA) രാഹുൽ ഗാന്ധി കോൺഗ്രസിലേക്ക് യുവ നേതാക്കളെ കണ്ടെത്തുന്നതിനായി നടത്തിയ 'ലീഡേഴ്സ് ഹണ്ടി'ലൂടെയാണ് രാഹുൽ മാങ്കൂട്ടം എന്ന അടൂർ സ്വദേശിയുടെ കടന്നുവരവ്. അന്യാദൃശ്യമായ പ്രസംഗശൈലിയും എപ്പോഴും ചിരിക്കുന്ന നിഷ്കളങ്കമായ മുഖവും ചാനൽ ചർച്ചകളിലെ തീ പാറുന്ന സാന്നിധ്യവും രാഹുൽ മാങ്കൂട്ടത്തെ കോൺഗ്രസിൽ മാത്രമല്ല, പൊതുസമൂഹത്തിലും താരമാക്കി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വത്സലശിഷ്യനായ ഷാഫി പറമ്പിലിനെപ്പോലെ തന്നെ രാഹുലിന്റെ ഉയർച്ചയും വളരെ വേഗത്തിലായിരുന്നു. ഷാഫി പാലക്കാട് എം.എൽ.എ സ്ഥാനം രാജിവെച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞു വടകര പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ പോയപ്പോൾ രാഹുലായിരുന്നു പിൻഗാമി.
രാഷ്ട്രീയ എതിരാളികളുടെ കണ്ണിലെ കരടായ രാഹുൽ, കോൺഗ്രസിൽ നിന്ന് സീറ്റ് ലഭിക്കാത്തതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. സരിനെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.
ജനങ്ങൾ കൈയയച്ച് പിന്തുണച്ച ഈ യുവനേതാവ്, തൻ്റെ ഔദ്യോഗിക കൃത്യനിർവഹണത്തിലും ജനപ്രതിനിധിയെന്ന നിലയിലും തിളങ്ങുന്നതിന് പകരം വിവാദങ്ങളുടെ ചെളിക്കുണ്ടിൽ താഴ്ന്നുപോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
അസൂയാവഹമായ രാഷ്ട്രീയ വളർച്ചയും അപ്രതീക്ഷിതമായ വീഴ്ചയുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കരിയറിനെ അടയാളപ്പെടുത്തുന്നത്. സമൂഹമാധ്യമങ്ങളിലെ എഴുത്തും ചാനൽ ചർച്ചകളിലെ മൂർച്ചയേറിയ സാന്നിധ്യവുമാണ് കോൺഗ്രസ് പാർട്ടിയിൽ രാഹുലിന്റെ ഗ്രാഫ് ഉയർത്തിയത്. എന്നാൽ, തുടർച്ചയായി ഉണ്ടായ ആരോപണങ്ങൾ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കുന്നതിൽ പോലും രാഹുലിനും പാർട്ടിക്കും വെല്ലുവിളിയായി.
പത്തനംതിട്ടയിലെ അടൂരിൽ നിന്ന് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ പടവുകൾ കയറിയത്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ, പാലക്കാട് എംഎൽഎ - കേവലം രണ്ട് വർഷം കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ നേടിയ സുപ്രധാന പദവികളാണ് ഇവ. ഷാഫി പറമ്പിലാണ് രാഹുലിനെ കൈപിടിച്ച് കയറ്റിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പിന്തുണ നൽകി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഗ്രൂപ്പ് ഏതെന്ന് ചോദിച്ചാൽ ഉമ്മൻ ചാണ്ടിയെന്ന് ഉത്തരം. എന്നാൽ കുലമേതെന്ന് ചോദിച്ചാൽ കെ.സി. വേണുഗോപാൽ വരെ നീളുന്നതാണ് അത്. ഇങ്ങനെ എവിടെയും ചായാനുള്ള കോൺഗ്രസുകാരന്റെ അസാമാന്യ മെയ്‌വഴക്കം രാഹുലിനുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ 'വിജയൻ' എന്ന് വിളിച്ച് കോൺഗ്രസ് അണികളെ ഹരം കൊള്ളിച്ചും, ചാനൽ ചർച്ചയിലെ വാദങ്ങളോട് കാച്ചിക്കുറുക്കിയ മറുവാദങ്ങൾ ഉയർത്തിയും, മികച്ച പ്രസംഗങ്ങൾ കാഴ്ചവെച്ചുമാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന രാഹുലിനെ കേരളം മുഴുവൻ അറിഞ്ഞത്.
പരിഗണിക്കേണ്ട യുവനേതാക്കൾ വേറെയുണ്ടായിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലും ഷാഫി പറമ്പിൽ മുന്നോട്ടുവെച്ച പേര് രാഹുലിന്റേതായിരുന്നു. വ്യാജ ഐ.ഡി. കാർഡ് നിർമ്മിച്ച് വോട്ട് ഉണ്ടാക്കിയെന്ന ആരോപണം സംഘടന തിരഞ്ഞെടുപ്പിൽ നാണക്കേടുണ്ടാക്കിയെങ്കിലും അതൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങി. വിവാദങ്ങൾക്കിടയിലും നേതൃത്വം രാഹുലിനൊപ്പമായിരുന്നു. സെക്രട്ടേറിയറ്റ് വളഞ്ഞ് നടത്തിയ സമരത്തിന്റെ പേരിൽ വീടുവളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തത് അദ്ദേഹത്തെ താരമാക്കി മാറ്റി.
പാർട്ടി തള്ളിയ പി.വി. അൻവറിനെ നിലമ്പൂർ തിരഞ്ഞെടുപ്പിനിടെ രഹസ്യമായി പോയി കണ്ട് ചർച്ച നടത്തിയിട്ടും രാഹുലിനെതിരെ ഒരു നടപടിയുമുണ്ടായില്ല. 'ജൂനിയർ എംഎൽഎ' എന്ന വാത്സല്യവാക്കിൽ ശാസന ഒതുങ്ങി. അപക്വമായ പ്രതികരണങ്ങളുടെ പുറത്ത് 'മൂക്കാതെ പഴുത്ത നേതാവ്' എന്ന പഴിയും ആ ദിവസങ്ങളിൽ തന്നെ രാഹുലിന് കേൾക്കേണ്ടി വന്നു.
വയനാട് പുനരധിവാസത്തിനായി പിരിച്ച തുകയെ ചൊല്ലിവരെ സംഘടനയ്ക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങളാണ് രാഹുലിന് നേരിടേണ്ടി വന്നത്. അപ്പോഴും പുതിയ കാലത്തിന്റെ രാഷ്ട്രീയത്തിനൊപ്പം നടക്കാൻ ഖദർ മാറ്റി കളർ വസ്ത്രം ധരിച്ച് റീൽസ് രാഷ്ട്രീയത്തെ പരമാവധി പ്രയോജനപ്പെടുത്തി രാഹുൽ. റിയൽ പൊളിറ്റിക്സ് പറഞ്ഞ്, പാർട്ടിയിലെ എതിരാളികൾ എതിർപ്പും തുടങ്ങി.
സ്വഭാവദൂഷ്യങ്ങൾ സംബന്ധിച്ച് ഏറിയും കുറഞ്ഞുമുള്ള പരാതികൾ പാർട്ടി നേതാക്കൾക്കിടയിൽ പലപ്പോഴും എത്തിയിട്ടുണ്ട്. അന്നേ താക്കീത് നൽകാഞ്ഞതിന്റെ ദുരന്തഫലമാണ് ഇന്നുണ്ടായ വലിയ നാണക്കേടിലേക്ക് എത്തിച്ചതെന്നാണ് കോൺഗ്രസ് പാർട്ടിയിലെ അടക്കംപറച്ചിൽ. പാർട്ടിയിലെ ന്യൂ ജനറേഷൻ നേതാക്കൾ സോഷ്യൽ മീഡിയയിൽ മാത്രം അഭിരമിക്കുന്നവരാണെന്നും ജനകീയ സമരമുഖങ്ങളിൽ അവർ സജീവമാകാതെ മാറിനിൽക്കുകയാണെന്നും മുൻ എം.പി.യും മുതിർന്ന നേതാവുമായ പി.ജെ. കുര്യൻ പറഞ്ഞിട്ട് അധികനാളായില്ല.
അന്ന് അതിനെ തള്ളിക്കളയുകയും കുര്യനെയും അദ്ദേഹത്തെ പിന്തുണച്ചവരെയും ട്രോളിയവരാണ് രാഹുലും മറ്റ് യുവനേതാക്കളും. എന്നാൽ ഇപ്പോൾ പി.ജെ. കുര്യൻ പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ടെന്ന് രാഹുൽ നേരിടുന്ന പ്രതിസന്ധികൾ കോൺഗ്രസിനെ ഓർമ്മിപ്പിക്കുകയാണ്. മൂക്കാതെ പഴുത്താൽ ചെറിയ കാറ്റിൽ വാടിവീഴുമെന്നത് പ്രകൃതിനിയമം കൂടിയാണ്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ച് ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ.
Article Summary: The political rise and fall of Youth Congress leader Rahul Mankootathil.
#RahulMankootathil #KeralaPolitics #IndianNationalCongress #YouthCongress #KeralaCongress #PoliticalNews