രാഹുൽ മാങ്കൂട്ടം വിവാദം: കോൺഗ്രസ് ഇമേജ് ഉയർത്തുമോ അതോ അടുക്കളപ്പോരിൽ തളരുമോ?


● ഉമാ തോമസിനെതിരെ സൈബർ ആക്രമണം.
● പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്തണം.
● യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോര് സജീവം.
● ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ രാജി വേണ്ടെന്ന് ഒരു വിഭാഗം
നവോദിത്ത് ബാബു
(KVARTHA) രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം വലിയ പ്രതിസന്ധിയിലാണ്. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലുള്ള പാർട്ടി നേതൃത്വം, സ്വന്തം പാർട്ടിക്കുള്ളിലെയും മുന്നണിയിലെയും പ്രതിപക്ഷത്തെയും അഭിപ്രായങ്ങളെ വളരെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.

എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തൽക്കാലം പ്രതികരിക്കാതെ ഒഴിവാക്കുക എന്ന തന്ത്രമാണ് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് സ്വീകരിക്കുന്നത്.
ലൈംഗികാരോപണ വിഷയത്തിൽ വിവാദനായകനായ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതോടെ വിവാദങ്ങളുടെ വെടിയും പുകയും അടങ്ങുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ.
എന്നാൽ, തൽക്കാലം എം.എൽ.എ. സ്ഥാനത്ത് തുടരാൻ രാഹുലിന് കഴിയുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന ഈ നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ മുതിർന്ന നേതാക്കളുടെ തന്നെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് കണ്ണൂരിൽവെച്ച് രാഹുൽ രാജിവെക്കില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
രാഹുൽ എം.എൽ.എ. സ്ഥാനം ഒഴിയണമെന്ന നിലപാടിൽ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വി.എം. സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. എന്നാൽ, ആവേശപൂർവം എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് വലിയ തിരിച്ചടിക്ക് വഴിയൊരുക്കുമെന്നും, അതിനാൽ ശ്രദ്ധയോടെ നീങ്ങുന്നതാണ് ഉചിതമെന്നും ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിനായി യു.ഡി.എഫിനെ സജ്ജമാക്കുന്നതിനും ഡി.സി.സി., കെ.പി.സി.സി. ഭാരവാഹികളെ നിശ്ചയിക്കുന്നതിനുമുള്ള ചർച്ചകളിലായിരുന്നു കെ.പി.സി.സി. അധ്യക്ഷനും മറ്റ് ഭാരവാഹികളും. ഡി.സി.സി. അധ്യക്ഷന്മാരെ മാറ്റുന്നതിനെച്ചൊല്ലി ഉടലെടുത്ത തർക്കങ്ങൾ ഡൽഹി ചർച്ചയിൽപോലും പരിഹരിക്കാനാവാതെ പ്രതിസന്ധിയിൽപെട്ട നേതൃത്വത്തിന് താങ്ങാവുന്നതിലും വലിയ ആഘാതമാണ് രാഹുൽ മാങ്കൂട്ടം വിവാദം ഉണ്ടാക്കിയിരിക്കുന്നത്.
രാഹുൽ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എന്നാൽ, എ.ഐ.സി.സി. നേതൃത്വം രാഹുൽ വിഷയം കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന നിർദേശമാണ് കെ.പി.സി.സി.ക്ക് നൽകിയത്.
കോൺഗ്രസിലെ വനിതാ നേതാക്കൾ കൂട്ടത്തോടെ രാഹുലിനെതിരെ രംഗത്തുണ്ട്. രാഹുൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന നിലപാടാണ് ഉമാ തോമസ് എം.എൽ.എ. കൈക്കൊണ്ടത്. അതേസമയം, ഉമാ തോമസിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതും കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടെ ഉമാ തോമസിന് സംരക്ഷണം നൽകുമെന്ന് വ്യക്തമാക്കി ഡി.വൈ.എഫ്.ഐ.യും രംഗത്തെത്തി.
ഒരു രാഷ്ട്രീയ പ്രതിസന്ധിയിൽനിന്ന് തലയൂരാനുള്ള ശ്രമത്തിനിടയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലൈംഗികാരോപണത്തിൽ ചെന്നുപെടുന്നതും സ്ഥിതിഗതികൾ ആകെ വഷളാവുന്നതും.
രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചെങ്കിലും രാഷ്ട്രീയ എതിരാളികൾ കടുത്ത പ്രതിരോധമാണ് തീർത്തിരിക്കുന്നത്. ഇതിനിടയിലാണ് രാഹുൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്വന്തം പാർട്ടിയിൽനിന്നുതന്നെ കടുത്ത സമ്മർദം ഉയർന്നത്.
രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും സ്വീകരിക്കുന്നതെന്ന ആരോപണവും കെ.പി.സി.സി.ക്ക് മുന്നിലുണ്ട്. എല്ലാ ഗ്രൂപ്പ് നേതാക്കളും രാഹുൽ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിലും, രാഹുലിനെ അനുകൂലിച്ചും ചിലർ രംഗത്തുണ്ട്.
രാഹുലിനെ പാർട്ടിയിൽനിന്ന് ഒഴിവാക്കി തൽക്കാലം മുഖം രക്ഷിക്കുകയാണ് നേതൃത്വം. രാഹുലിനെതിരെ ആരും പരാതികളൊന്നും എഴുതി നൽകിയിട്ടില്ലെന്നും, അതിനാൽ എം.എൽ.എ. സ്ഥാനം തൽക്കാലം രാജിവെക്കേണ്ടതില്ലെന്നുമാണ് കെ.പി.സി.സി. അധ്യക്ഷന്‍റെ നിലപാട്.
പൊതുതിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് ഉണ്ടായാൽ അത് യു.ഡി.എഫിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കെ.പി.സി.സി. ഭാരവാഹികളിൽ ഭൂരിഭാഗം പേരും. എന്നാൽ, എം.എൽ.എ. സ്ഥാനം രാജിവെക്കുന്നതാണ് പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കുമെന്നാണ് ചില നേതാക്കൾ അഭിപ്രായപ്പെടുന്നത്.
കേരളത്തിൽ ശക്തമായ തിരിച്ചുവരവിന് കളമൊരുങ്ങിയ ഈ നിർണായക ഘട്ടത്തിൽ ഉണ്ടായ വിവാദത്തിൽനിന്ന് പാർട്ടിയെ രക്ഷിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. ഇതിന് മുന്നോടിയായി രാഹുൽ മാങ്കൂട്ടത്തിന് പകരം പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട്.
പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി സമാനതകളില്ലാത്ത ഗ്രൂപ്പ് പോരാണ് യൂത്ത് കോൺഗ്രസിൽ നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ അബിൻ വർക്കിയെ പകരക്കാരനായി കൊണ്ടുവരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് എതിർ ചേരിയിലുള്ള മറ്റു രണ്ട് വിഭാഗങ്ങൾ. ചുരുക്കത്തിൽ, മൂക്കാതെ പഴുക്കുന്ന യുവനേതാക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം.
ഈ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Rahul Mankootam controversy puts Kerala Congress in a fix.
#RahulMankootam #Congress #KeralaPolitics #PoliticalCrisis #UDF #KeralaNews