Bye Election | രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കേണ്ടത് പാലക്കാട് അല്ല, ചെങ്ങന്നൂരോ ആറന്മുളയോ ആണ്; ഷാഫിക്ക് പിൻഗാമിയായി വരേണ്ടത് മുസ്ലിം സ്ഥാനാർഥി

 
By-Eletion


ഷാഫിയുടെ പിൻഗാമിയായി രാഹുൽ എത്തിയാൽ ജില്ലയിൽ എ ഗ്രൂപ്പ് ശക്തമാവുമെന്ന വിലയിരുത്തലിലാണ് ജില്ലയിലെ ഒരു വിഭാഗം

മിന്റാ മരിയ തോമസ് 

(KVARTHA) കോൺഗ്രസിനെ വെൻ്റിലേറ്ററിൽ  നിന്ന് വാർഡിലാക്കിയതേയുള്ളു. അപ്പോൾ തുടങ്ങി ശകുനം മുടക്കികളുടെ ഗ്രൂപ്പുകളി. ഈ ലോക് സഭാ  തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നല്ല റിസൽട്ട് വന്നപ്പോൾ തുടങ്ങി ഗ്രൂപ്പിസം. ഇങ്ങനെ പോയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തമ്മിൽ തല്ലി എല്ലാം കുളമാക്കും എന്നാണ് മനസ്സിലാക്കേണ്ടത്. ആ സാഹചര്യത്തിലേയ്ക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇപ്പോൾ കേൾക്കുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ കെപിസിസിയെ സമീപിച്ചു എന്നതാണ്. 

ഷാഫി പറമ്പിലിന് പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കുന്നതിൽ അതൃപ്തിയുള്ള ജില്ലയിലെ ഒരു വിഭാഗം നേതാക്കളാണ് കെപിസിസിയെ സമീപിച്ചത്. ഗ്രൂപ്പ് വാഴ്ച അനുവദിക്കില്ലെന്നാണ് നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഷാഫി പറമ്പില്‍ പാർലമെന്‍റിലേക്ക് വിജയിച്ച ഒഴിവില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണിത് എന്നാണ് മനസ്സിലാവുന്നത്. ഷാഫിയുടെ പിൻഗാമിയായി രാഹുൽ എത്തിയാൽ ജില്ലയിൽ എ ഗ്രൂപ്പ് ശക്തമാവുമെന്ന വിലയിരുത്തലിലാണ് ജില്ലയിലെ ഒരു വിഭാഗം.By Election

ഈ സാഹചര്യത്തിലാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങൾക്ക് ജില്ലയിൽ നിന്നും എതിർപ്പുയരുന്നത്. ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം കോൺഗ്രസ് കർഷക സംഘടന നേതൃത്വത്തിന് മുന്നിൽ എത്തിച്ചതായും സൂചനയുണ്ട്. രാഹുലിന്‍റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ 'യുവ' നേതാവ് എത്തുമെന്നാണ് ഷാഫി പറമ്പിൽ കഴിഞ്ഞദിവസം പറഞ്ഞത്. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പാലക്കാട് യുഡിഎഫിനെ കൈവിടില്ല എന്നുറപ്പാണെന്നും ഇനി വരാൻ പോകുന്നത് എന്നെക്കാൾ മികച്ച സ്ഥാനാർത്ഥിയായിരിക്കുമെന്നും ഷാഫി പറഞ്ഞിരുന്നു. 

ഇതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ മണ്ഡലത്തില്‍ ഷാഫിയുടെ പിന്‍ഗാമിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി. അതിനിടെയാണ് ചില നേതാക്കൾ രാഹുലിനെതിരെ കെ.പി.സി.സി യ്ക്ക് മുന്നിൽ പരാതിയുമായി എത്തിയത്. ജനങ്ങൾ കോൺഗ്രസിനെ വിജയിപ്പിക്കാൻ തീരുമാനിച്ചാലും കോൺഗ്രസ്‌ ഗ്രൂപ്പുകൾ അതിനും അനുവദിക്കില്ല എന്നതാണ് ഇവിടുത്തെ സാഹചര്യം. ഒടുക്കത്തെ ഗ്രൂപ്പ് കളി മൂലം കോൺഗ്രസ് പ്രവർത്തകർ പോലും കോൺഗ്രസിനെ വെറുക്കുന്നു എന്നതാണ് സ്ഥിതി. പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ വടകരയിൽ ലോക് സഭയിലേയ്ക്ക് മത്സരിച്ച് എം.പി ആയി പോയതിനാൽ അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന പാലക്കാട് നിയമസഭാ നിയോജകമണ്ഡലത്തിൽ വൈകാതെ വയനാട് ലോക് സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് തീർച്ചയാണ്. 

ഷാഫിയുടെ പകരക്കാരനാകാൻ എന്തുകൊണ്ടും യോഗ്യൻ നിലവിലെ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടമാണ് എന്നത് നിഷേധിക്കുന്നില്ല. ഷാഫിയുടെ പകരക്കാരനായി യൂത്ത് കോൺഗ്രസ് അധ്യക്ഷനായി എത്തിയ വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി അധികം നാളും ആയിട്ടില്ല. ഈ പറഞ്ഞ കാര്യങ്ങൾ ചിന്തിക്കുന്നതോടൊപ്പം തന്നെ പാലക്കാട് രാഹുലിനെപ്പോലെ തന്നെ മത്സരിക്കാൻ യോഗ്യരായ ആളുകൾ വേറെയും ഇല്ലേയെന്ന് ചിന്തിക്കേണ്ടതാണ്, പ്രത്യേകിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ലക്കാരൻ കൂടിയാകുമ്പോൾ. 

അദ്ദേഹത്തിന് വരുന്ന നിയമസഭാ സീറ്റിൽ മത്സരിക്കാൻ കഴിയുന്ന സീറ്റുകൾ അവിടെത്തന്നെയുണ്ട്. ഒരുകാലത്ത് യു.ഡി.എഫിൻ്റെ കയ്യിലായിരുന്ന ആറന്മുള സീറ്റ്, അതുപോലെ ഉറച്ച യു.ഡി.എഫ് സീറ്റായിരുന്ന ചെങ്ങന്നൂർ, ഇവ രണ്ടും കഴിഞ്ഞ കുറെ നാളായിട്ട് എൽ.ഡി.എഫിൻ്റെ കൈയ്യിൽ ആണ്. ആറന്മുളയിൽ മന്ത്രി വീണാ ജോർജും ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാനുമാണ് ജനപ്രതിനിധികൾ. ഇവരിൽ ആരെയെങ്കിലും നേരിട്ട് സീറ്റ് യു.ഡി.എഫിന് വേണ്ടി തിരിച്ചു പിടിച്ചാൽ അത് രാഹുൽ മാങ്കൂട്ടം എന്ന ചെറുപ്പക്കാരൻ്റെ ശിരസ്സിലെ പൊൻ തൂവൽ ആകും. രാഹുലിനെ കോൺഗ്രസ് പ്രവർത്തകർ ചിന്തിക്കുന്നതും അതാണ്. 

സംഘടനാ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാങ്കൂട്ടത്തിന് കോൺഗ്രസ് സംഘടനയിൽ പ്രവർത്തന മികവിൽ അർഹിക്കുന്ന സ്ഥാനം കിട്ടും. അതിലൂടെ വളർന്ന വേണം പാർലമെൻ്ററി രംഗത്തെത്താൻ.  അങ്ങനെ വരുന്നവർക്കെ സംഘടനയിൽ വിലയുണ്ടാകു. ചാനൽ ചർച്ചയിലെ മികവ് സംഘടനാരംഗത്ത് വളരാൻ മാങ്കൂട്ടത്തിനെ സഹായിച്ചിട്ടുണ്ട് എന്നത് സത്യമാണ്. സംസ്ഥാന യുത്ത് കോൺഗ്രസിൻ്റെ ചുമതല കിട്ടിയതല്ലേ ഉള്ളു. സംഘടനയെ ഇനിയും ശക്തമാക്കാൻ ഉണ്ട്. അത് ശക്തിമാക്കിയിട്ട് മൽസരിച്ചാൽ മതി എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഒന്ന് തിരുമാനിച്ചാൽ അതായിരിക്കും ജീവിതത്തിലെ ഏറ്റവും ബുദ്ധിപരമായ നീക്കവും. 

പാലക്കാട് നിയമസഭാ സീറ്റെന്നത് യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും ബി.ജെ.പി യെയും സംബന്ധിച്ച് ഒരുപോലെ പ്രാധാന്യമുള്ള സീറ്റാണ്. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥിയായി മെട്രോ ശ്രീധരൻ ഇവിടെ മികച്ച മത്സരം കാഴ്ചവെച്ചിരുന്നു. ആദ്യ കുതിപ്പിൽ വിജയിക്കുമെന്ന് തന്നെയാണ് അദ്ദേഹം കരുതിയത്. ഒടുവിൽ നിസ്സാര വോട്ടുകൾക്ക് ഷാഫി പറമ്പിലിനോട് പരാജയപ്പെടുകയായിരുന്നു. കാലാകാലങ്ങളിൽ പാലക്കാട് ലോക് സഭാ മണ്ഡലം ഇടതുപക്ഷത്തിൻ്റെ കയ്യിൽ ആയിരുന്നു. 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പിലാണ് അതിന് ഒരു മാറ്റം വന്നത്. പാലക്കാട് ഡി.സി.സി പ്രസിഡൻ്റായിരുന്ന വി.കെ.ശ്രീകണ്ഠൻ പാലക്കാട് ലോക് സഭാ സീറ്റ് എൽ.ഡി.എഫിൻ്റെ കൈയ്യിൽ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു. 

എൽ.ഡി.എഫിനെ സംബന്ധിച്ച് അവർക്ക് ആലപ്പുഴ, കണ്ണൂർ പോലെ ആണ് പാലക്കാടും. ഷാഫി ഇല്ലാത്ത ഇക്കുറി എന്ത് വിലകൊടുത്തും പാലക്കാട് നിയമസഭാ സീറ്റ് തിരിച്ചു പിടിക്കാനാവും എൽ.ഡി.എഫ് ശ്രമിക്കുക. അവർ അവിടെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെ ഇറക്കുമെന്ന് തീർച്ചയാണ്. ബി.ജെ.പി ശോഭാ സുരേന്ദ്രനെയാണ് ഇവിടേയ്ക്ക് പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. എന്നാൽ പോരാട്ടം കടുക്കും എന്ന് തീർച്ചയാണ്. മാക്സിമം വോട്ട് പെട്ടിയിലാക്കാൻ കഴിവുള്ള നേതാവ് തന്നെയാണ് ശോഭാ സുരേന്ദ്രൻ. 

രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക് സഭാ സീറ്റിൽ ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും. അവിടെ രാഹുലിൻ്റെ സഹോദരി പ്രിയങ്കയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പ്രിയങ്ക മത്സരിക്കുന്നില്ലായിരുന്നുവെങ്കിൽ കോൺഗ്രസിൽ നിന്ന് ഒരു മുസ്ലിംസമുദായത്തിൽ പെട്ട ആൾ മത്സരിക്കാനായിരുന്നു സാധ്യത. ഒരു മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണ് വയനാട് ലോക് സഭാ മണ്ഡലം എന്നതും അതിന് ഒരു കാരണമാണ്. പ്രിയങ്ക വന്ന സാഹചര്യത്തിൽ അതിന് ഇനി ഒരു പ്രസക്തിയില്ല. അതിന് പകരം ഷാഫി ഒഴിയുന്ന പാലക്കാട് നിയമസഭാ സീറ്റിൽ നിന്നും ഒരു മുസ്ലിം സമുദായാംഗം മത്സരിച്ചാൽ അത് യു.ഡി.എഫിന് ഗുണകരമാകും എന്ന് ചിന്തിക്കുന്നവരും ഏറെയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia