Rahul Gandhi | രാഹുൽ ഗാന്ധി ഇപ്പോൾ പയറ്റുന്നത് ശരിക്കും രാഷ്ട്രീയക്കളികൾ; ലക്ഷ്യം പ്രധാനമന്ത്രി പദം തന്നെ!


പ്രധാനമന്ത്രിയും മന്ത്രിമാരുമൊന്നും ചെല്ലാത്ത പല മേഖലകളിലും കടന്നുചെന്ന് ജനങ്ങളുടെ ഇടയിൽ തനിക്കുള്ള സ്വീകാര്യത വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന രാഹുലിനെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്
കെ ആർ ജോസഫ്
(KVARTHA) രാഹുൽ ഗാന്ധി (Rahul Gandhi) ഇന്ന് ആകെ മാറിയിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് (Lok Sabha Elections) കഴിഞ്ഞയുടൻ രാഹുൽ ഗാന്ധിയ്ക്ക് പുതിയ ഊർജം വന്നപോലെ തോന്നും അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ കണ്ടാൽ. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ (Congress) കനത്ത പരാജയം മൂലം പാർട്ടിയുടെ ദേശീയ പ്രസിഡൻ്റ് സ്ഥാനം വലിച്ചെറിഞ്ഞു കളഞ്ഞ രാഹുലിനെ ആണ് എല്ലാവർക്കും കാണാനായത്. എന്നാൽ ഇക്കുറി അതിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യാ മുന്നണി (INDIA Bloc) ഇക്കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയപ്പോൾ രാഹുൽ ഗാന്ധി ലോക് സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറാകുന്നതും ജനം കണ്ടു.
ആദ്യ ലോക് സഭാ സമ്മേളനത്തിൽ തന്നെ താനൊരു മികച്ച പ്രതിപക്ഷ നേതാവാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രകടനങ്ങൾ. ശേഷം താൻ എന്നും പാവപ്പെട്ട ജനങ്ങൾക്കൊപ്പമാണ് സഞ്ചരിക്കുന്നതെന്ന് സന്ദേശം വ്യാപകമായി അദ്ദേഹം പകരുകയും ചെയ്യുന്നു. അത് ജനങ്ങൾക്ക് രാഹുൽ ഗാന്ധിയെന്ന നേതാവിലുള്ള വിശ്വാസം ഏറെ വർദ്ധിപ്പിക്കാൻ സാധിച്ചു എന്നത് വാസ്തവമാണ്. പ്രധാനമന്ത്രിയും (Prime Minister) മന്ത്രിമാരുമൊന്നും ചെല്ലാത്ത പല മേഖലകളിലും കടന്നുചെന്ന് ജനങ്ങളുടെ ഇടയിൽ തനിക്കുള്ള സ്വീകാര്യത വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന രാഹുലിനെയാണ് ഇപ്പോൾ എല്ലാവർക്കും കാണാൻ കഴിയുന്നത്.
ഒടുവിൽ ആനന്ദ് അംബാനിയുടെ (Anant Ambani Wedding) വിവാഹം തന്നെ. ഈ വിവാഹ ചടങ്ങിൽ രാഹുൽ ഗാന്ധി എവിടെയെന്ന് ചോദിക്കുന്നവർക്കുള്ള കൃത്യമായ മറുപടി അദ്ദേഹം തൻ്റെ നിലപാടുകളിലൂടെ കൊടുക്കുന്നു. അതാണ് നാം മനസിലാക്കേണ്ടത്. ആനന്ദ് അംബാനിയുടെ വിവാഹത്തിന് രാഹുൽ ഗാന്ധി എന്തെടുക്കുകയായിരുന്നെന്ന് കാണിച്ചുകൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് വൈറൽ ആയിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത്:
'ആനന്ദ് അംബാനിയുടെ വിവാഹം ആണെല്ലോ ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് അതിന്റെ പണം ചിലവഴിച്ചതിന്റെ ന്യായാന്യായങ്ങൾ അല്ല. അവിടെ ഒരുപാട് വിഐപികൾ പോയി. പോയവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ അവർ നൽകി. പ്രമുഖ സിനിമാ താരങ്ങൾക്ക് രണ്ടു കോടിയുടെ വാച്ച് ഒക്കെ കൊടുത്തു എന്നാണ് വാർത്തകൾ. പ്രധാനമന്ത്രിയുടെയും സിനിമ, ക്രിക്കറ്റ് താരങ്ങളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായപ്പോൾ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയൻ ആയത് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആണ്. അദ്ദേഹത്തിന് ക്ഷണം ഉണ്ടായിരുന്നു, അദ്ദേഹം പോയില്ല. അതിനെ ന്യായീകരിക്കാനോ, വിമർശിക്കാനോ ഞാൻ ഇല്ല.
പക്ഷെ സാധാരണക്കാരുടെ ഇടയിൽ നിശബ്ദമായി അത് നൽകുന്ന ഒരു സന്ദേശം ഉണ്ട്. ക്ഷണം കിട്ടിയ ആഡംബര കല്യാണത്തിന് അദ്ദേഹം പോകാതെ അന്ന് മുംബൈയിൽ ഉള്ള ഏതോ ഒരു ഇടത്തരം ചായക്കടയിൽ ചായകുടിക്കുന്ന ചിത്രം വ്യാപകമായി പ്രചരിക്കുന്നത് എങ്ങനെ ആയാലും അദ്ദേഹത്തിന് ഗുണം ആകും. പ്രധാനമന്ത്രി മോദി പണക്കാരുടെ അത്യാഡംബര കല്യാണത്തിന് പോകുമ്പോൾ രാഹുൽഗാന്ധി സാധാരണക്കാരുടെ കൂടെയാണ് എന്ന ഒരു സന്ദേശം ജനങ്ങളിൽ എത്തുന്നു. ഈ രീതിയിൽ പോയാൽ 5 വർഷം കഴിയുമ്പോൾ അദ്ദേഹത്തിന്റെ ജനപ്രീതി അത് ഇപ്പോളത്തെക്കാൾ പല മടങ്ങു ഉയരും എന്നത് ഉറപ്പാണ്.
രണ്ടു ജോഡോയാത്രകൾക്കും പ്രതിപക്ഷ നേതാവ് എന്ന പദവി ഏറ്റെടുത്തതിനും ശേഷം അദ്ദേഹത്തിന് സോഷ്യൽ മീഡിയയിലും ഒക്കെ ജനപ്രിയത വളരെക്കൂടിയിട്ടുണ്ട്. പഴയ രാഹുൽ അല്ല. ഇപ്പോൾ മികച്ച ഒരു പൊളിറ്റിക്കൽ മാസ്റ്റർ ബ്രെയിൻ അദ്ദേഹത്തിന്റെ സംഘത്തിൽ വന്നിട്ടുണ്ട് എന്നത് ഉറപ്പാണ്. എന്തായാലും പ്രതിപക്ഷത്തിന്റെ ശക്തി കൂടുന്നത് ആശ്വാസം ആണ്. ഓരോ വിഷയങ്ങളിലും ഉള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ കൃത്യമായി ഷോർട് വീഡിയോസും മറ്റും ആയി വളരെ ചർച്ച ചെയ്യപ്പെടുന്നു. ബിജെപി ചാർത്തി കൊടുത്ത പപ്പു ഇമേജ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഉത്തരേന്ത്യൻ വാർത്താ മാധ്യമങ്ങളിലെ കമന്റ് ബോക്സുകൾ കണ്ടാൽ തന്നെ രാഹുലിന്റെ കാര്യത്തിൽ ഉത്തരേന്ത്യക്കാർക്ക് വന്ന ചിന്താഗതിയിലെ മാറ്റം വ്യക്തമാകും'.
അടിക്ക് തിരിച്ചടിച്ച് നിൽക്കുന്ന യുവ സിംഹം
ഈ രീതിയിലാണ് പോസ്റ്റ് അവസാനിക്കുന്നത്. ഈ ഒറ്റ കുറിപ്പ് മതി രാഹുൽ ഗാന്ധി ഇന്ന് ആകെ മാറിയിരിക്കുന്നു എന്ന് മനസിലാകാൻ. ഒരു പ്രതിപക്ഷ നേതാവ് ആണെങ്കിൽ കൂടി പ്രധാനമന്ത്രിയെക്കാൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഭാരതത്തിൻ്റെ ഒരു വലിയ നേതാവായി മാറാൻ ഈ കുറഞ്ഞ നാൾകൊണ്ട് രാഹുൽ ഗാന്ധിയ്ക്ക് കഴിഞ്ഞു എന്നതാണ് വാസ്തവം. ഇനി പ്രതിപക്ഷ നേതാവ് അല്ല, ഭാരതത്തിൻ്റെ അടുത്ത പ്രധാനമന്ത്രി എന്ന് എല്ലാവരെയും കൊണ്ട് ചിന്തിപ്പിക്കാൻ രാഹുൽ ഗാന്ധിയ്ക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നത് നഗ്നമായ സത്യമാണ്. ഇപ്പോൾ പഴയ പപ്പു എന്ന് വിളിക്കുന്ന കുട്ടിയല്ല രാഹുൽ. ശരിക്കും അടിക്ക് തിരിച്ചടിച്ച് നിൽക്കുന്ന ഒരു യുവ സിംഹം തന്നെയാകുന്നു രാഹുൽ ഗാന്ധി. അതിൻ്റെ ചലനങ്ങൾ വരും കാലങ്ങളിൽ കാണാനാകും എന്ന് പ്രതീക്ഷിക്കാം.