Criticism | രാഹുല്‍ ഗാന്ധി ആര്‍എസ്എസ് നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചോ?


● ഭാരത് ജോഡോ യാത്രയിൽ പലരും അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു.
● ആർഎസ്എസ് നേതാക്കൾ ഇതുവരെ രാഹുലിനെ കാണാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്.
● രാഹുൽ ഗാന്ധി ആർഎസ്എസിന്റെ ആശയങ്ങളെ വിമർശിച്ചിട്ടുണ്ട്.
അർണവ് അനിത
(KVARTHA) കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി തങ്ങളെ കാണാത്തതില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) നേതാക്കള്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ആര്‍എസ്എസ് മേധാവി എപ്പോഴെങ്കിലും ഗാന്ധിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടോ? അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ടോ? സര്‍സംഘ്ചാലക് അല്ലെങ്കില്‍ വേറെ ഏതെങ്കിലും ആര്‍.എസ്.എസ് നേതാക്കള്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടോ? ഇത് സംബന്ധിച്ച് എന്തെങ്കിലും സന്ദേശം ആര്‍എസ്എസ് കൈമാറിയതായോ, രാഹുല്‍ ഗാന്ധി അത് അവഗണിച്ചതായോ റിപ്പോര്‍ട്ടില്ല.
ആര്‍എസ്എസ് കൂടിക്കാഴ്ചയ്ക്ക് മുന്‍കൈയെടുത്തിട്ടും രാഹുല്‍ ഗാന്ധി അവരെ തള്ളിപ്പറഞ്ഞതായി അറിവില്ല. ആര്‍എസ്എസ് നേതൃത്വം രാഹുലിനെ കാണാന്‍ നീക്കം നടത്തിയിരുന്നെങ്കില്‍ മാത്രമേ ഗാന്ധി അവരുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാകാത്തത് എന്ന ചോദ്യത്തിന് പ്രസക്തിയുള്ളൂ. കഴിഞ്ഞ രണ്ട് വര്‍ഷമായി രാഹുലിനെ പലതരത്തിലുള്ള ആളുകള്‍ കാണുന്നത് രാജ്യം കണ്ടതാണ്. ഭാരത് ജോഡോ യാത്രയ്ക്കിടെ നിരവധി വിമര്‍ശകരും രാഷ്ട്രീയ എതിരാളികളും അദ്ദേഹത്തെ കാണാനെത്തി. നിരവധി ബുദ്ധിജീവികളും വ്യവസായികളും സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും യാത്രയ്ക്കിടെ കൂടിക്കാഴ്ച നടത്തി. ആരെയെങ്കിലും കാണാന്‍ രാഹുല്‍ തയ്യാറായില്ലെന്ന പരാതി ഉയര്‍ന്നിട്ടില്ല.
ജോഡോ യാത്രയ്ക്കിടെ ഏതെങ്കിലും ആര്‍എസ്എസ് നേതാവ് രാഹുലിനെ കാണാന്‍ പോയിട്ടുണ്ടോ? ഇന്ത്യയെ ഒന്നിപ്പിക്കുന്നതില്‍ വിശ്വസിക്കുന്ന ആര്‍ക്കും യാത്രയില്‍ പങ്കെടുക്കാമെന്ന് ഗാന്ധി പറഞ്ഞിരുന്നു. എന്തുകൊണ്ട് ആര്‍എസ്എസ് നേതാക്കള്‍ അദ്ദേഹത്തോടൊപ്പം പങ്കുചേര്‍ന്നില്ല? ആര്‍എസ്എസ് ഒരു മുന്‍കൈയും എടുക്കാതെ, രാഹുല്‍ ഗാന്ധി തങ്ങളെ കണ്ടില്ലെന്ന് ഖേദിക്കുന്നതെന്തിനാണ്? അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി ആര്‍എസ്എസ് നേതാക്കളെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് അദ്ദേഹം ആര്‍എസ്എസിന്റെ ഝണ്ഡേവാലനിലെ ഓഫീസിലോ നാഗ്പൂരിലെ ഹെഡ്ഗേവാര്‍ ഭവനിലോ പോകാത്തത്?
ഇന്നത്തെ ഇന്ത്യയില്‍ ഓരോരുത്തരും തങ്ങളുടെ സാന്നിധ്യം തേടേണ്ട വിധം സംഘടന പ്രാധാന്യം നേടിയെന്ന് ആര്‍എസ്എസ് വിശ്വസിച്ചു തുടങ്ങിയത് കൊണ്ടാകാം ഇത്തരം ചര്‍ച്ചകള്‍ ഉയരുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആര്‍എസ്എസിന്റെ അനുഗ്രഹം തേടുന്നത് നാം കാണുന്നു. സര്‍ക്കാര്‍ ഗ്രാന്റുകള്‍ക്കും സഹായത്തിനും ആര്‍എസ്എസിന്റെ അംഗീകാരമോ സംസ്‌കാര ഭാരതിയുടെ ശുപാര്‍ശയോ ആവശ്യമാണെന്ന് നാടക-സാംസ്‌കാരിക സ്ഥാപനങ്ങളില്‍ ഉള്ളവര്‍ പറയുന്നു. ഡല്‍ഹി സര്‍വകലാശാലയിലോ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലോ ഗവേഷണ സ്ഥാപനത്തിലോ സുപ്രധാന പദവിക്ക് ആര്‍എസ്എസിന്റെ അനുമതി ആവശ്യമാണ്.
ഡയറക്ടര്‍മാരുടെയോ വൈസ് ചാന്‍സലര്‍മാരുടെയോ സ്ഥാനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, അധ്യാപകനാകാന്‍ ഏതൊരാള്‍ക്കും ആര്‍എസ്എസിന്റെ സ്വാധീനമുള്ള ഏതെങ്കിലും വ്യക്തിയുടെ ശുപാര്‍ശ നിര്‍ബന്ധമായും വേണമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അക്കാദമിക് യോഗ്യതകളോ ഭരണപരിചയമോ ഇപ്പോള്‍ അപ്രസക്തമാണെന്ന ആരോപണം ശക്തമാണ്. 2014-ന് മുമ്പ് ആര്‍എസ്എസുമായി യാതൊരു ബന്ധവുമില്ലാത്ത പലരും ഇപ്പോള്‍ അതിന്റെ വിവിധ അനുബന്ധ സംഘടനകളെയും നേതാക്കളെയും സന്ദര്‍ശിക്കുന്നത് പതിവാണ്. വ്യവസായികളും ആര്‍എസ്എസ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു.
ഇന്ത്യയിലെ എല്ലാ സമുദായങ്ങളും ഒരു കുടക്കീഴിലുള്ള സംഘടനയായി തങ്ങളെ അംഗീകരിക്കപ്പെടുക എന്നതാണ് ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം. അതുകൊണ്ടാണ് ഒരു സാംസ്‌കാരിക സംഘടനയായി അവര്‍ സ്വയം മുദ്രകുത്തപ്പെട്ടത്. സംസ്‌കാരം ഒരു ജീവിതരീതിയായി നിര്‍വചിക്കപ്പെട്ടിരിക്കുന്നു, മനുഷ്യ പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും ആര്‍എസ്എസ് കടന്ന് ചെല്ലുന്നു. യഥാര്‍ത്ഥത്തില്‍ ഇത് ഇന്ത്യ പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ്. ഒരു രാഷ്ട്രീയ സംഘടനയായി അവര്‍ പുറത്തുവരുന്നതോടെ മത്സരം നേരിടേണ്ടിവരും. എന്നാല്‍ മത്സരത്തിന് അതീതനായി സാസ്കാരിക സംഘടനയായി സ്വയം ചിത്രീകരിക്കാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നു.
തങ്ങളെ ആക്രമിക്കുന്നവരുടെ പോലും അംഗീകാരം നേടിയെടുക്കാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നു. തങ്ങളുടെ നിയമസാധുത തെളിയിക്കാന്‍ എല്ലാവരും അവരുടെ അംഗീകാരം തേടണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ആര്‍.എസ്.എസുമായി ആരെങ്കിലും സഹകരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് എന്തോ കുഴപ്പമുണ്ടാവുമെന്ന് അവര്‍ വിചാരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസ് മേധാവിയെ കാണാന്‍ വിസമ്മതിച്ചതില്‍ ഉറച്ചുനിന്ന വ്യക്തിയാണ്. മഹാത്മാഗാന്ധിയുടെ വധത്തിനു ശേഷം എംഎസ് ഗോള്‍വാള്‍ക്കറും മറ്റ് ചില ആര്‍എസ്എസുകാരും ജയിലില്‍ അടയ്ക്കപ്പെട്ടു. ഒരിക്കല്‍ പുറത്തിറങ്ങിയപ്പോള്‍ ഗോള്‍വാള്‍ക്കര്‍ നെഹ്‌റുവിനെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും പരിഹസിക്കാന്‍ തീവ്രമായി ശ്രമിച്ചു. ആര്‍എസ്എസിന്റെ നിരോധനം പിന്‍വലിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്നെ കാണാനുള്ള ഗോള്‍വാള്‍ക്കറുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളോട് നെഹ്‌റു പ്രതികരിച്ചില്ല.
ഇതിനുമുമ്പ്, 1947-ല്‍ ഒരിക്കല്‍ ഗോള്‍വാള്‍ക്കറെ കാണാന്‍ നെഹ്‌റു സമ്മതിച്ചിരുന്നു. ഗോള്‍വാള്‍ക്കറുടെ അഭ്യര്‍ത്ഥനപ്രകാരം നടന്ന ആ കൂടിക്കാഴ്ച തികച്ചും സംഘര്‍ഷഭരിതമായിരുന്നു. ഇന്ത്യക്ക് ആര്‍എസ്എസ് പോലൊരു സംഘടന വേണമെന്ന് നെഹ്‌റുവിനെ ബോധ്യപ്പെടുത്താന്‍ ഗോള്‍വാള്‍ക്കര്‍ ശ്രമിച്ചു, അങ്ങനെ അവര്‍ക്ക് ലോകത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. നെഹ്‌റു ഗോള്‍വാള്‍ക്കറെ ശാസിക്കുകയും അത്തരമൊരു ശക്തി ഒരിക്കലും വിദ്വേഷം പുലര്‍ത്തരുതെന്നും പറഞ്ഞു. ഗാന്ധി വധത്തിന് മുമ്പുള്ള വര്‍ഗീയ കലാപത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് ഗോള്‍വാള്‍ക്കര്‍ വാദിച്ചപ്പോള്‍, നെഹ്‌റു അത് സ്വീകരിച്ചില്ല.
ആ കൂടിക്കാഴ്ചയെകുറിച്ച് തന്റെ ഉദ്യോഗസ്ഥര്‍ക്ക് എഴുതുമ്പോള്‍, നെഹ്‌റു ഗോള്‍വാള്‍ക്കറുടെ പേര് പോലും പരാമര്‍ശിച്ചില്ല, പിന്നീട് ഗോള്‍വാള്‍ക്കറുടെ കത്തുകള്‍ക്ക് മറുപടി നല്‍കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയും സമാനമായി പ്രവര്‍ത്തിച്ചു. ആര്‍എസ്എസ് മേധാവി ഇന്ദിരയെ അഭിനന്ദിക്കുകയും സംഘടനയുടെ നിരോധനം നീക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു, പക്ഷെ, ഇന്ദിര പ്രതികരിച്ചില്ല. എന്നാല്‍, ആര്‍എസ്എസിനെ ഇടുങ്ങിയ ചിന്താഗതിക്കാരായും വിദ്വേഷകരവും അപരിഷ്‌കൃതവുമായ ഒരു സംഘടനയായി കണ്ടുകൊണ്ട് അവരുമായി ഇടപെടാന്‍ കഴിയില്ലെന്ന് നെഹ്‌റുവിനെ പോലെ ഇന്ദിരയും വിശ്വസിച്ചു.
ധീരേന്ദ്ര ഝാ എഴുതിയ ഗോള്‍വാള്‍ക്കറുടെ ജീവചരിത്രത്തില്‍, 1947 സെപ്തംബര്‍ 12-ന് ഗോള്‍വാള്‍ക്കറുടെ മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അദ്ദേഹം വിവരിക്കുന്നു. അവരുടെ സംഭാഷണത്തിനിടെ, വര്‍ഗീയ കലാപത്തില്‍ ആര്‍.എസ്.എസിന്റെ പങ്കാളിത്തത്തെക്കുറിച്ച് ഗാന്ധി ഗോള്‍വാള്‍ക്കറോട് വിശദീകരിച്ചു, ഗോള്‍വാള്‍ക്കര്‍ അത് നിഷേധിച്ചു. മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ പരസ്യമായി അപലപിക്കാന്‍ ഗാന്ധി ഗോള്‍വാള്‍ക്കറോട് ആവശ്യപ്പെട്ടു. ഗോള്‍വാള്‍ക്കര്‍ വിസമ്മതിച്ചു. ഗോള്‍വാള്‍ക്കറുടെ ഒഴിഞ്ഞുമാറല്‍ ഗാന്ധിക്ക് ഇഷ്ടമായില്ല. ആര്‍എസ്എസിന്റെ അച്ചടക്കത്തെ ഹിറ്റ്ലറുടെ നാസികളുടേതുമായി അദ്ദേഹം താരതമ്യം ചെയ്തു, സംഘടനയെ ഒരു വര്‍ഗീയ, ഏകാധിപത്യ സംഘടനയെന്ന് വിശേഷിപ്പിച്ചു.
നെഹ്‌റുവിന്റെയും ഗാന്ധിയുടെയും വിട്ടുവീഴ്ചയില്ലാത്ത മനോഭാവം മാറ്റിവെച്ചാല്‍, തങ്ങള്‍ നിഷ്‌ക്കളങ്കരാണെന്ന ആര്‍എസ്എസിന്റെ അവകാശവാദത്തിലോ സ്വയം മാറുമെന്ന വാഗ്ദാനമോ വിശ്വസിച്ച നേതാക്കള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു പട്ടേല്‍. നിരോധനം നീക്കാന്‍ ആര്‍എസ്എസ് പട്ടേലിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചു. എന്നാല്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമെന്ന പട്ടേലിന്റെ ആശയം ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് തെളിയിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
പിന്നീട് 1974-ല്‍ ജയപ്രകാശ് നാരായണനും ആര്‍എസ്എസിനോടുള്ള കടുത്ത നിലപാട് ഉപേക്ഷിച്ച് , ഇന്ദിരാഗാന്ധിയെ താഴെയിറക്കാന്‍ ആര്‍എസ്എസുമായി കൈകോര്‍ത്തു. ആര്‍എസ്എസ് വര്‍ഗീയത ഉപേക്ഷിച്ച് മുസ്ലീങ്ങളെ സ്വാഗതം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന. അന്നത്തെ ആര്‍എസ്എസ് മേധാവി മധുകര്‍ ദത്താത്രയ ദേവറസ് അദ്ദേഹത്തിന് ഒരു ഉറപ്പ് നല്‍കിയെങ്കിലും 1977ല്‍ ആര്‍എസ്എസ് ഈ വാഗ്ദാനം നിരസിച്ചു.
ഇന്ത്യന്‍ നേതാക്കളുമായുള്ള ആര്‍എസ്എസ് ഇടപെടലുകള്‍ പരിശോധിച്ചാല്‍, തങ്ങളുടെ നിരോധനം നീക്കാന്‍ അവസരം നല്‍കിയ ഓരോ വ്യക്തിയെയും അവര്‍ വഞ്ചിച്ചതായി കാണാമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പട്ടേലിനെയോ നെഹ്‌റുവിനെയോ പ്രതികാരബുദ്ധിയുള്ളവരും ജനാധിപത്യവിരുദ്ധരുമായ നേതാക്കളായി അവര്‍ സങ്കല്‍പ്പിക്കുകയാണെങ്കില്‍ ഗോള്‍വാള്‍ക്കര്‍ക്ക് ജയിലില്‍ നിന്ന് പുറത്തുവരാനും ആര്‍എസ്എസ് ഒരു സംഘടനയായി നിലനില്‍ക്കാനും കഴിയുമായിരുന്നോ? ആര്‍എസ്എസ് അതൊക്കെ മറക്കാന്‍ ആഗ്രഹിച്ചേക്കാം, എന്നാല്‍ അതിന്റെ വിശ്വാസലംഘനത്തിന്റെയും വഞ്ചനാപരമായ പെരുമാറ്റത്തിന്റെയും എണ്ണമറ്റ ഉദാഹരണങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും തങ്ങള്‍ ആശയവിനിമയം നടത്തുന്നെന്ന് ആര്‍എസ്എസ് അവകാശപ്പെടുമ്പോള്‍, അതിന്റെ അര്‍ത്ഥമെന്താണ്? ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) വിജയത്തിന് വേണ്ടി മാത്രമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമല്ലേ? ആര്‍.എസ്.എസും ബി.ജെ.പിയും തമ്മില്‍ വ്യത്യാസമില്ലെന്നത് ശരിയല്ലേ? ആര്‍എസ്എസിന് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ? നരേന്ദ്ര മോദി, ലാല്‍ കൃഷ്ണ അദ്വാനി, അടല്‍ ബിഹാരി വാജ്പേയി തുടങ്ങിയ രാഷ്ട്രീയക്കാര്‍ ബിജെപി നേതാക്കളാണോ അതോ ആര്‍എസ്എസ് സ്വയംസേവകരാണോ? താനൊരു സ്വയംസേവകനായിരുന്നു എന്ന വാജ്‌പേയിയുടെ അഭിപ്രായങ്ങൾ ഇന്ത്യക്കാര്‍ക്ക് മറക്കാന്‍ കഴിയുമോ? അതുകൊണ്ട് പാര്‍ട്ടികള്‍ തമ്മില്‍ വേര്‍തിരിവില്ലെന്ന ആര്‍എസ്എസിന്റെ വാദത്തിന് വലിയ വിലയില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടിയെയും മതേതര പാരമ്പര്യത്തെയും തകര്‍ത്ത് ആധിപത്യം സ്ഥാപിക്കാനാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത് എന്നാണ് അവരുടെ വിമർശനം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എത്ര ദുര്‍ബ്ബലമാണെങ്കിലും, എല്ലാ ഇന്ത്യക്കാരെയും തുല്യനിലയില്‍ നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നു. അതേസമയം, ആര്‍എസ്എസ് ഹിന്ദുക്കളുടെ ഐക്യത്തെക്കുറിച്ച് മാത്രമേ സംസാരിക്കൂ, അതും അവരില്‍ സാങ്കല്‍പ്പിക ശത്രുക്കളെക്കുറിച്ചുള്ള ഭയം ജനിപ്പിച്ചുകൊണ്ട്, എന്നാണ് കോൺഗ്രസ് പറയുന്നത്.
രാഹുല്‍ ഗാന്ധി സംഘ് നേതാക്കളെ കണ്ടാലും, ഗാന്ധിയും പട്ടേലും ജയപ്രകാശും ആര്‍എസ്എസിനോട് എന്താണ് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം അവരോട് പറയും: വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും വിഘടനവാദത്തിന്റെയും പാത ഉപേക്ഷിച്ച് മനുഷ്യത്വത്തിന്റെ പാതയില്‍ നടക്കുക. ഈ ഉപദേശം കേള്‍ക്കാന്‍ ആര്‍എസ്എസ് തയ്യാറാണോ? ഇല്ലെങ്കില്‍ പിന്നെ രാഹുലും ആര്‍എസ്എസും തമ്മില്‍ എന്ത് സംവാദമാണ് നടക്കുക?
കടപ്പാട്: ദ വയര്‍
#RahulGandhi #RSS #Congress #BJP #India #politics