Controversy | രാഹുൽ ഗാന്ധിക്ക് അഭിമാനിക്കാം! ഇവരൊക്കെ ഇപ്പോൾ ഭരണഘടനയെ മുറുകെ പിടിക്കുന്നു
മിന്റാ മരിയ ജോസഫ്
(KVARTHA) ഭരണഘടനയുടെ കാര്യം പോലും ഓർമ വന്നത് ഇന്ത്യ മുന്നണി ഉയർത്തി കാണിച്ചപ്പോഴാണ്. ഭരണഘടന എടുത്തുകളയുമെന്ന് പറഞ്ഞവരൊക്കെ ഇപ്പോൾ ഭരണഘടനയെ മുറുകെ പിടിക്കുകയാണല്ലോ. കേൾക്കുമ്പോൾ സന്തോഷമുണ്ട്. ഒപ്പം ഒരു സുഖവുമുണ്ട്. ഇന്ത്യൻ ദേശീയ പതാകയും ദേശീയ ഗാനവും ഒക്കെ മാറ്റി ഭരണഘടനയും മാറ്റി സ്ഥാപിക്കാൻ നടക്കുന്നവരൊക്കെ ഇപ്പോൾ ഭരണഘടനാ അധികാരപരിധി ഒക്കെ പറയാൻ തുടങ്ങിത് കേൾക്കുമ്പോൾ ഇവിടെയുള്ള ജനങ്ങൾക്ക് അഭിമാനിക്കാമെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരായുന്നത്. ഇവരെക്കൊണ്ട് ഇന്ന് ഇന്ത്യൻ ഭരണഘടനയെന്നൊക്കെ പറയാൻ ബോധം വരുത്തിച്ചത് നാളെത്തെ വാഗ്ദാനമായ രാഹുൽ ഗാന്ധിയാണ്.
ഇപ്പോൾ കേൾക്കുന്ന വാർത്ത സംസ്ഥാന സർക്കാർ ഭരണഘടന മറികടക്കരുതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു എന്നതാണ്. കെ വസുകി ഐഎഎസിൻ്റെ നിയമനത്തിലാണ് സംസ്ഥാന സർക്കാരിന് വിദേശകാര്യ മന്ത്രാലയം താക്കീത് നൽകിയത്. ഭരണഘടന പ്രകാരം വിദേശകാര്യം യൂണിയൻ ലിസ്റ്റിൽപ്പെട്ടതാണെന്ന് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി. അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും വിദേശകാര്യം കേന്ദ്ര പട്ടികയിൽ പെട്ടതാണെന്നും കേരളത്തിന് വിദേശകാര്യ മന്ത്രാലയം താക്കീത് നൽകി. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കൺകറന്‍റ് ലിസ്റ്റിലുമുള്ളതല്ലെന്നും കേരളത്തെ വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
വാസുകിയുടെ നിയമനത്തെക്കുറിച്ചു വളരെയധികം പ്രശസ്ത നിയമജ്ഞരുമായി ബന്ധപ്പെട്ടു ചർച്ച നടത്തിയ ശേഷമെടുത്ത തീരുമാനമായിരിക്കാനാണ് സാധ്യത. ഗവർണർ എടുക്കുന്ന തീരുമാനം പോലെയായിരിക്കില്ല സർക്കാർ തീരുമാനം. തീരുമാനമെടുക്കുമ്പോൾ എല്ലാവശവും പരിശോധിക്കും. ഇത് പിണറായി ആണെന്നു മനസ്സിലാക്കുക. പിന്നെ ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയാൻ പറ്റുമോ. ചീഫ് സെക്രട്ടറിയുടെ ഉപദേശമില്ലാതെ ഉത്തരവിറങ്ങുമോ. എന്താണ് താക്കീത് മാത്രം ആക്കി ചുരുക്കിയത്. അതിൽ ഒരു പ്രശ്നവും ഇല്ലാത്തത് കൊണ്ടല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.
കേന്ദ്രം വെറുതെ ആത്മരോഷം കൊള്ളുകയാണോ വേണ്ടത്. ആ നടപടി എന്താണ് റദ്ദ് ചെയ്യാത്തത്. അപ്പോൾ കേരളം കോടതിയിൽ പോവും കേന്ദ്രം നാണം കെട്ടേക്കാം എന്ന സ്ഥിതി കൊണ്ടാണോ എന്ന വാദവും ഇവിടെ ഉയർന്നു.പിന്നെ നിങ്ങൾ പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ അത് തീർച്ചയായും അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്. അതേസമയം, സംസ്ഥാനങ്ങളോട് വിവേചനവും ഒരിക്കലും അംഗീകരിക്കാനുമാകില്ല. ഒപ്പം, ആഗോള മതതീവ്രവാദവും എതിർക്കപ്പെടേണ്ട ഒന്നാണ്. സംസ്ഥാനങ്ങളുടെ ബജറ്റ് വിഹിതത്തിലും ഭരണഘടന ഒക്കെ നോക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ ഉത്തർപ്രദേശ് ഇനിയും ആവർത്തിക്കും. കഴിഞ്ഞ അഞ്ച് വർഷവും കേന്ദ്രത്തിൽ ഒരു വിദേശകാര്യ സഹമന്ത്രി ഉണ്ടായിരുന്നെന്ന് പോലും കേരളക്കാർക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഭരണഘടനയെ പിടിച്ചെങ്കിലും അറിയിച്ചതിൽ സന്തോഷം!