Leadership | ആർ നാസർ മൂന്നാം തവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി; യു പ്രതിഭ കമ്മിറ്റിയിൽ


● ആർ നാസർ മൂന്നാം തവണ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
● നാസറിന്റേതല്ലാതെ മറ്റൊരു പേരും സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുവന്നില്ല.
● വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച നാസർ 1978ൽ സിപിഎം അംഗമായി.
ആലപ്പുഴ: (KVARTHA) സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ സജി ചെറിയാൻ മന്ത്രിയായപ്പോൾ ഒന്നര വർഷത്തോളം നാസർ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുഴുവൻ സമയവും പങ്കെടുത്ത ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഒടുവിലാണ് ആർ നാസർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നാസറിന്റേതല്ലാതെ മറ്റൊരു പേരും സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുവന്നില്ല. എസ്എഫ്‌ഐ, ഡിവൈഎഫ്ഐ എന്നിവയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന നേതാവിൻ നാസർ.
ജനപ്രതിനിധികളെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കായംകുളം എംഎൽഎ യു പ്രതിഭയെയും മാവേലിക്കര എംഎൽഎ എം എസ് അരുൺ കുമാറിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വിവാദങ്ങൾക്കിടയിലും യു പ്രതിഭയെ നേതൃത്വം ചേർത്തുനിർത്തുകയാണ്. ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രൻ, മാരാരിക്കുളം ഏരിയ സെക്രട്ടറി സി രഘുനാഥ് എന്നിവരും പുതിയതായി കമ്മിറ്റിയിൽ ഇടം നേടി.
ജില്ലാ കമ്മിറ്റിയിൽ നിന്ന് അഞ്ചുപേരെ ഒഴിവാക്കി. എം സുരേന്ദ്രൻ, ജി വേണുഗോപാൽ എന്നിവരെ പ്രായപരിധി കണക്കിലെടുത്താണ് ഒഴിവാക്കിയത്. ആരോപണങ്ങൾ നേരിടുന്ന എൻ ശിവദാസനെയും മാറ്റി നിർത്തി. പി അരവിന്ദാക്ഷൻ, ജലജ ചന്ദ്രൻ എന്നിവരെയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 47 അംഗ ജില്ലാ കമ്മിറ്റിയിൽ നിലവിൽ 46 പേരാണുള്ളത്.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച നാസർ 1978ൽ സിപിഎം അംഗമായി. കേരള സർവകലാശാല യൂണിയൻ കൗൺസിലറായും സെനറ്റ് അംഗമായും പ്രവർത്തിച്ചു. 1980 മുതൽ 84 വരെ എസ്എഫ്ഐയുടെയും 1986ൽ ഡിവൈഎഫ്ഐയുടെയും ജില്ലാ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. 1991ൽ സിപിഎം ജില്ലാ കമ്മിറ്റിയിലെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും കയർ കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചു. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എൽഡിഎഫ് ജില്ലാ കൺവീനറുമാണ്. കയർഫെഡ് മുൻ ജീവനക്കാരി എസ് ഷീലയാണ് ഭാര്യ. നൃപൻ്റോയ്, ഐശ്വര്യ എന്നിവർ മക്കളും സുമി മരുമകളുമാണ്.
#RNasir, #CPMAlappuzha, #PoliticalLeadership, #KeralaPolitics, #CPMNews, #AlappuzhaNews