Political Shift | പി വി അൻവറിന്റെ കേരളത്തിലെ തൃണമൂൽ, മാണി സി കാപ്പൻ്റെ പാർട്ടിയേക്കാൾ വലുത് തന്നെ


● പി വി അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും ഒന്നും അത്ര നിസാരമായി കാണരുത്.
● നല്ലൊരു ശതമാനം സി.പി.എം പ്രവർത്തകർ മമതയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു.
● പി വി അൻവർ തൻ്റെ ആദ്യ മത്സരത്തിൽ തന്നെ തോൽപ്പിച്ചത് ആര്യാടൻ മുഹമ്മദിൻ്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ തന്നെയായിരുന്നു.
സോളി കെ ജോസഫ്
(KVARTHA) ബംഗാളികൾ ജോലി തേടി ഇങ്ങോട്ട്. അൻവറിക്ക അഭയം തേടി അങ്ങോട്ട്. പി വി അൻവർ എം.എൽ.എ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ യു.ഡി.എഫിന് കേരളത്തിൽ ഒരു ഏകാങ്ക ഘടക കക്ഷിയെ കൂടി കിട്ടാനുള്ള സാധ്യത ഏറി വരികയാണ്. ഒപ്പം തന്നെ കേരളത്തിലേയ്ക്ക് ബംഗാളിൽ നിന്നും മറ്റും എത്തുന്ന അതിഥി തൊഴിലാളികൾക്ക് ഒരു നേതാവുമായി. പി വി അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും ഒന്നും അത്ര നിസാരമായി കാണരുത്. ഒരു കാലത്ത് തുടർച്ചയായി 40 വർഷത്തോളം പശ്ചിമ ബംഗാൾ ഭരിച്ച പാർട്ടിയായിരുന്നു സി.പി.എം.
കോൺഗ്രസുമായി അഭിപ്രായഭിന്നതമൂലം ആ പാർട്ടി വിട്ട് മമതാ ബാനർജി തൃണമുൽ കോൺഗ്രസ് രൂപീകരിച്ചതോടെയാണ് പശ്ചിമ ബംഗാളിൽ സി.പി.എം എന്ന കക്ഷി തീർത്തും ഇല്ലാതായത്. നല്ലൊരു ശതമാനം സി.പി.എം പ്രവർത്തകർ മമതയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു. ഇന്ന് സി.പി.എമ്മിന് പശ്ചിമ ബംഗാളിൽ ഒരു തെരഞ്ഞെടുപ്പിനെ നേരിടണമെങ്കിൽ പോലും അന്നത്തെ അവരുടെ ബദ്ധവൈരികൾ ആയിരുന്ന കോൺഗ്രസുമായി ചേരേണ്ടിയിരിക്കുന്നു.
പശ്ചിമ ബംഗാളിൽ ഇപ്പോൾ ബി.ജെ. പിയും മമതയുടെ തൃണമൂൽ കോൺഗ്രസും കോൺഗ്രസ് - ഇടത് സഖ്യവും ചേർന്ന ത്രികോണ മത്സരമാണ് നടക്കുന്നത്. കോൺഗ്രസും സി.പി.എമ്മും ഒന്നിച്ചിട്ടും കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പി ഒറ്റയ്ക്ക് നിന്ന് എതിർത്തിട്ടും മമതയുടെ തൃണമൂൽ കോൺഗ്രസിനെ ഇതുവരെ പശ്ചിമ ബംഗാളിൽ തളയ്ക്കാൻ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. നിലമ്പൂരിൻ്റെ പ്രിയങ്കരനായ എം.എൽ.എ ഇടതുമുന്നണി വിട്ട് തൃണമൂൽ കോൺഗ്രസിൻ്റെ കേരളത്തിലെ നേതൃത്വം ഏറ്റെടുത്തതോടെ ബംഗാളിലെ പോലെ കേരളത്തിലെ സഖാക്കൾ തൃണമൂൽ കോൺഗ്രസിൽ ചേരുമോ എന്നതാണ് നോക്കി കാണേണ്ടത്.
പി.വി അൻവറിനെ സംബന്ധിച്ച് പറഞ്ഞാൽ അദ്ദേഹത്തിന് കേരളം മുഴുവൻ സ്വന്തമായി ഫാൻസുണ്ട്. അത് അങ്ങ് വെറുതെ തള്ളിക്കളയാവുന്നതല്ല. മാത്രമല്ല, കാലാകാലങ്ങളായി യു.ഡി.എഫിൻ്റെയും പ്രത്യേകിച്ച് ആര്യാടൻ കുടുംബത്തിൻ്റെയും കയ്യിലിരുന്ന നിലമ്പൂർ സീറ്റ് ഇടതുപക്ഷത്തിന് വേണ്ടി പിടിച്ചെടുത്തത് അൻവറുടെ മിടുക്ക് തന്നെയാണ്. ഒരു പക്ഷേ, അടുത്ത തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയിലും പെടാതെ ഒറ്റയ്ക്ക് നിന്നാൽ കൂടി അൻവർ ഒരു പക്ഷേ നിലമ്പൂരിൽ നിന്ന് ജയിച്ചെന്നിരിക്കും. അഴിമതിയ്ക്കെതിരെ ഏകാങ്ക പോരാട്ടം നടത്തുന്നയാൾ എന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ഇടതുമുന്നണി വിട്ട് പുറത്തിറങ്ങിയ പി.വി.അൻവറിന് ആയിട്ടുണ്ടെന്നുള്ളത് വാസ്തവമായ കാര്യമാണ്.
ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേയ്ക്ക് ചെക്കേറാൻ ശ്രമിച്ച പി.വി. അൻവറിന് വിനയായത് കോൺഗ്രസ് നേതാക്കൾ ആരും തന്നെയല്ല. നിലമ്പൂർ സീറ്റ് ഇപ്പോഴും സ്വപ്നം കണ്ടു നടക്കുന്ന ആര്യാടൻ കുടുംബം തന്നെയാണ്. ആര്യാടൻ മുഹമ്മദിൻ്റെ മകൻ ആര്യാടൻ ഷൗക്കത്തിൻ്റെ എക്കാലത്തെയും വലിയ ആഗ്രഹം തന്നെയാണ് നിലമ്പൂരിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച് എം.എൽ.എ യും അതിലുപരി മന്ത്രിയും ആകുക എന്നുള്ളത്. പിതാവിൻ്റെ പാരമ്പര്യം കാക്കാനുള്ള അമിതാവേശത്തിലാണ് ഷൗക്കത്ത്. ആര്യാടൻ ഷൗക്കത്തിനെ മറികടന്നുകൊണ്ടൊരു തീരുമാനം കൈക്കൊള്ളാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ പോയതാണ് പി.വി അൻവറിന്റെ യു.ഡി.എഫ് സാധ്യതയ്ക്ക് തടസമായത്.
ഒരിക്കൽ കോൺഗ്രസുകാരനായിരുന്ന പി വി അൻവറിന് ആ പാർട്ടി വിട്ട് ഇടതുപിന്തുണയോടെ നിലമ്പൂരിൽ മത്സരിക്കേണ്ട സാഹചര്യം ഉണ്ടായതു തന്നെ ആര്യാടൻ കുടുംബം ഉള്ളിടത്തോളം കാലം നിലമ്പൂരിൽ തനിക്കോ മറ്റ് കോൺഗ്രസ് നേതാക്കൾക്കോ സാധ്യത ഇല്ലെന്ന് മനസിലാക്കി തന്നെ ആയിരുന്നു. പി വി അൻവർ തൻ്റെ ആദ്യ മത്സരത്തിൽ തന്നെ തോൽപ്പിച്ചത് ആര്യാടൻ മുഹമ്മദിൻ്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ആയിരുന്നു 2026 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിന് സീറ്റ് കൊടുക്കാതെ മലപ്പുറം ജില്ലയിലെ മറ്റൊരു പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പി വി പ്രകാശിന് സീറ്റ് കൊടുത്തത്.
വളരെ വാശിയേറിയ മത്സരം നടന്നിട്ടു പോലും പ്രകാശിനെ തോൽപ്പിച്ച് അൻവർ വിജയിക്കുകയായിരുന്നു. ഇക്കുറി അവിടെയും ഇവിടെയും ഇല്ലാതെ നിൽക്കുന്ന പി.വി അൻവർ നിലമ്പൂരിൽ ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് വിജയിക്കാമെന്നും സീറ്റ് തനിക്ക് തരപ്പെട്ട് കിട്ടാൻ അത് നല്ലതാണെന്നുമുള്ള ആര്യാടൻ ഷൗക്കത്തിൻ്റെ മോഹമാണ് അൻവറിൻ്റെ യു.ഡി.എഫ് പ്രവേശനത്തിന് തടയാകുന്നത്. അത് മനസിലാക്കി തന്നെയാണ് കേന്ദ്രത്തിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസിലേയ്ക്ക് പി.വി അൻവർ ചെക്കേറാൻ തീരുമാനിച്ചതും.
നിലവിലെ എം.എൽ.എ ആയ പി.വി അൻവറിനെപ്പോലെ ശക്തനായ ഒരാൾ വരുന്ന തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി വന്നാൽ അതിനെ പിന്തുണയ്ക്കേണ്ട സാഹചര്യം യു.ഡി.എഫിന് ഉണ്ടായെന്ന് വരാം. അൻവറിനെ അവോയിഡ് ചെയ്തുകൊണ്ട് നിലമ്പൂരിൽ കോൺഗ്രസ് മത്സരത്തിനിറങ്ങിയാൽ അത് ഏറ്റവും അധികം ബാധിക്കുക എൽ.ഡി.എഫിനെ അല്ല യു.ഡി.എഫിനെ തന്നെയാകും. കഴിഞ്ഞകാലങ്ങളിൽ അൻവർ എൽ.ഡി.എഫ് പിന്തുണയോടെ നിലമ്പൂരിൽ മത്സരിക്കുമ്പോഴും വിജയിക്കാൻ സാധിച്ചത് എൽ.ഡി.എഫ് വോട്ടുകൾ കൊണ്ടായിരുന്നില്ല. യു.ഡി.എഫിൽ നിന്ന് അടർത്തിയെടുത്ത വോട്ടുകൾ കൊണ്ട് തന്നെ ആയിരുന്നു.
ഇത് മനസ്സിലാക്കി ഇനിയും യു.ഡി.എഫ് ഉണർന്നില്ലെങ്കിൽ നിലമ്പൂരിൽ കോൺഗ്രസിന് പരാജയം തന്നെയാകും ഉണ്ടാകുക. അങ്ങനെ വരുമ്പോൾ പി.വി അൻ വറിനെയും അദ്ദേഹത്തിൻ്റെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനെയും യു.ഡി.എഫിന് ഉൾക്കൊണ്ടേണ്ടതായി വരും. തൃണമൂലിൻ്റെ കേരളത്തിലെ വേരോട്ടത്തിന് അതിന് വഴിവെയ്ക്കുകയും ചെയ്യും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ മാണി യു.ഡി.എഫ് വിട്ട് ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ അതുവരെ പാലായിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ചുകൊണ്ടിരുന്ന മാണി സി കാപ്പനെയാണ് ജോസ്.കെ.മാണിയ്ക്കെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി യു.ഡി.എഫ് നേതാക്കൾ കൊണ്ടുവന്നത്.
അതുവരെ എൻ.സി.പി യിൽ ആയിരുന്ന മാണി.സി.കാപ്പൻ യു.ഡി.എഫിൽ എത്തിയത് വെറുതെ ആയിരുന്നില്ല. കേരളാ ഡേമോക്രാറ്റിക് പാർട്ടി എന്ന പേരിൽ സ്വന്തമായി ഒരു പാർട്ടീ രൂപികരിച്ചയായിരുന്നു. അദ്ദേഹം അന്ന് അങ്ങനെ വന്നതിൻ്റെ പ്രധാന കാരണം യു.ഡി.എഫിന് അധികാരം കിട്ടിയാൽ സ്വന്തം പാർട്ടിയുടെ നേതാവ് എന്ന പേരിൽ മന്ത്രിയാകാൻ കൂടിയായിരുന്നു. നിർഭാഗ്യവശാൽ യു.ഡി.എഫ് അധികാരത്തിയുമില്ല. കാപ്പന് മന്ത്രിയാകാൻ പറ്റിമില്ല. പാലായിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാപ്പൻ്റെ പാർട്ടി ഇപ്പോൾ യു.ഡി.എഫിൻ്റെ ഏകാങ്ക കക്ഷിയായി നിലകൊള്ളുന്നു. അതിലും എത്രയോ വലുതാണ് പി.വി അൻവറിൻ്റെ തൃണമൂൽ കോൺഗ്രസ്.
ദേശീയ രാഷ്ട്രിയത്തിൽ ബി.ജെ.പി യ്ക്ക് ബദൽ എന്ന് പോലും പറയാവുന്ന പാർട്ടിയാണ് തൃണമൂൽ. കേവല ഭൂരിപക്ഷം മാത്രമുള്ള എൻ.ഡി.എ മുന്നണി ഈ കാലയളവിൽ അധികാരത്തിൽ നിന്ന് പുറത്താവുകയാണെങ്കിൽ തൃണമൂൽ കോൺഗ്രസിൻ്റെ ദേശീയ നേതാവ് മമതാ ബാനർജി രാഹുൽ ഗാന്ധിയെ മറികടന്ന് പ്രധാനമന്ത്രിയാകുമെന്നുവരെ ചിന്തിക്കുന്നവർ ഏറെയാണ്. അതുകൊണ്ട് തള്ളിക്കളയാൻ വരട്ടെ, പി.വി അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും. പിണറായി സർക്കാർ ഇവിടെ പണിക്ക് വന്ന ബംഗാളികൾക്ക് വോട്ടവകാശം കൂടി കൊടുക്കണം, അൻവറിക്കക്ക് നാലു വോട്ട് കിട്ടട്ടെ.
#PVAanwar #TMCKerala #PoliticalShift #KeralaElections #UDFPolitics #MamataBanerjee