Criticism | അൻവറിനെതിരെ നിയമനടപടിയെന്ന് പി ശശി; തിരക്കഥ യുഡിഎഫിന്റേതെന്ന് എ വിജയരാഘവൻ


● അൻവറിൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പി ശശി
● 'നിലനിൽപ്പിന് വേണ്ടിയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്'
● 'വന്യ മനുഷ്യജീവി സംഘർഷം വർഗീയ വിഷയമാക്കി മാറ്റാൻ ശ്രമം'
തിരുവനന്തപുരം: (KVARTHA) പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശത്തോട് കൂടിയതുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടുവെന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ശശി പറഞ്ഞു.
അൻവറിന്റെ ഈ ആരോപണങ്ങൾ പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനായുള്ള ഗൂഢാലോചനയാണ്. നിലനില്‍പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്‍റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അന്‍വര്‍ ശ്രമിക്കുന്നത്.
വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടിയെടുക്കാനാണ് തീരുമാനം. ഈ ആരോപണങ്ങൾക്കെതിരെ മുൻപ് തന്നെ കേസ് ഫയൽ ചെയ്തിരുന്നു, അന്ന് അൻവർ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വന്നു. ഇതൊന്നും പഠിക്കാതെ വീണ്ടും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അൻവർ സ്വയം പരിഹാസ്യനാവുകയാണെന്നും പി ശശി കൂട്ടിച്ചേർത്തു.
അതേസമയം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും അൻവറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് അൻവർ നീങ്ങുന്നതെന്നും വാർത്തകളിൽ ശ്രദ്ധ നേടാൻ സിപിഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് അൻവർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവറിൻറെ പ്രതികരണങ്ങൾ യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും വന്യ മനുഷ്യജീവി സംഘർഷം രാഷ്ട്രീയമെന്നതിന് പുറത്ത് വർഗീയ വിഷയമാക്കി മാറ്റാനാണ് അൻവർ ശ്രമിക്കുന്നത്. അൻവറിന്റെ മികവുകൊണ്ട് മാത്രം നിലമ്പൂരിൽ ഇടതുപക്ഷം ജയിച്ചുവെന്ന് കരുതേണ്ട. രാഷ്ട്രീയ കാലാവസ്ഥ ശരിയായ രീതിയിൽ ജനങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ ആത്യന്തിക വിധികർത്താക്കൾ ജനങ്ങളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#KeralaPolitics #PVAnwar #PShashi #AVijayaraghavan #CPM #UDF