Criticism | 'അദ്ദേഹത്തിന് എന്റെ മനസില്‍ ബാപ്പയുടെ സ്ഥാനമായിരുന്നു'; മുഖ്യമന്ത്രി കള്ളനാക്കിയപ്പോൾ രണ്ടും കൽപിച്ച് ഇറങ്ങിയെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി വി അൻവർ
● മുഖ്യമന്ത്രിയുമായി 37 മിനിറ്റ് സംസാരിച്ചതായി അൻവർ.
● പൊലീസ് സ്വർണക്കടത്തുകാരെ സഹായിക്കുന്നുവെന്നും ആരോപണം.
● 'പൊലീസ് ആകെ ക്രിമിനൽവൽക്കരിക്കപ്പെട്ടിരിക്കുന്നു'.
നിലമ്പൂർ: (KVARTHA) മുഖ്യമന്ത്രി കള്ളനാക്കിയപ്പോൾ രണ്ടും കൽപിച്ച് ഇറങ്ങുകയായിരുന്നുവെന്ന് നിലമ്പൂർ ചന്തക്കുന്നില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി വി അൻവർ എംഎൽഎ. ഞാന്‍ വിശ്വസിച്ച മനുഷ്യനായിരുന്നു പിണറായി വിജയന്‍. എന്റെ മനസില്‍ ബാപ്പയുടെ സ്ഥാനമായിരുന്നു. മുഖ്യമന്ത്രിക്കും പാര്‍ടിക്കും നേരെ നടന്ന ആക്രമങ്ങളെ ഞാന്‍ പ്രതിരോധിച്ചു. ഇപ്പോള്‍ കയ്യും വെട്ടും കാലും വെട്ടും എന്നു പറയുന്നുവെന്നും പി വി അൻവർ തുറന്നടിച്ചു.
അഞ്ച് മിനുറ്റ് അല്ല, മുഖ്യമന്ത്രിയുമായി 37 മിനുറ്റ് സംസാരിച്ചു. പിണറായി എന്ന സൂര്യന്‍ കെട്ടുപോയെന്നും ഗ്രാഫ് പുജ്യത്തില്‍ ആയെന്നും പറഞ്ഞു. ശശിയാണ് കാരണക്കാരനെന്നും പറഞ്ഞു. എഡിജിപി അജിത് കുമാര്‍ ക്രമസമാധാനത്തില്‍ നില്‍ക്കുന്നത് പ്രശ്‌നമാണെന്നും മുഖ്യമന്ത്രിയോട് പറഞ്ഞതായും അൻവർ വെളിപ്പെടുത്തി.
പൊലീസ് ആകെ ക്രിമിനൽവൽക്കരിക്കപ്പെട്ടിരിക്കുന്നു. കരിപ്പൂർ വിമാനത്താവളം വഴി നടക്കുന്ന സ്വർണകള്ളക്കടത്ത് വഴി നാട്ടിൽ കൊല നടക്കുന്നു. നാടിൻ്റെ സ്വത്തായി മാറുന്ന പിടിച്ചെടുക്കുന്ന സ്വർണം ചിലർ കൊണ്ടുപോകുന്നുവെന്നും അൻവർ ആരോപിച്ചു. സ്വർണക്കടത്തിൽ പിടിക്കപ്പെട്ട പലരുമായി സംസാരിച്ചപ്പോഴാണ് ഇതിൻ്റെ ഗൗരവം മനസിലായത്. സ്കാനറിൽ കണ്ടാലും പുറത്തു കടത്തിവിടുന്നു. പുറത്തു കാത്തിരിക്കുന്ന പൊലീസിന് വിവരം കൈമാറുന്നുവെന്നും പൊലീസ് അവരുടെ കേന്ദ്രത്തിൽ കൊണ്ടുപോയി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.
#KeralaPolitics #Corruption #GoldenSmuggling #PVAnwar #PinarayiVijayan #CPI(M)