Politics | പാർടിയില്ല, സ്വന്തം സംഘടന; അൻവറിന്റെ പുതിയ രാഷ്ട്രീയ പരീക്ഷണം വിജയിക്കുമോ?
● പി വി അൻവർ സിപിഎമ്മിൽ നിന്ന് അകന്ന ശേഷമാണ് പുതിയ നീക്കങ്ങൾ ആരംഭിച്ചത്.
● ഡിഎംകെ സഖ്യത്തിന് അൻവർ ശ്രമിക്കുന്നതായി റിപോർടുകൾ ഉണ്ടായിരുന്നു.
● അൻവറിന്റെ പുതിയ നീക്കം കേരള രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.
മലപ്പുറം: (KVARTHA) പി വി അൻവർ എംഎൽഎ പുതിയ രാഷ്ട്രീയ പരീക്ഷണത്തിന്. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിന് അൻവർ ശ്രമിക്കുന്നതായി റിപോർടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിനുള്ള സാധ്യതകൾ അടയുകയാണ്. സിപിഎം അടക്കമുള്ള ഇടതുപക്ഷ പാർടികൾ നിലവിൽ ഡിഎംകെയുമായി സഖ്യത്തിലാണ്.
മറ്റു പാർടികളിലെ വിമതരെ പാർട്ടിയിലെടുക്കുന്ന പാരമ്പര്യം ഡിഎംകെയ്ക്കില്ലെന്നും സിപിഎം ഡിഎംകെയുടെ സഖ്യകക്ഷിയാണെന്നും ഡിഎംകെ വക്താവും മുൻ രാജ്യസഭാ എംപിയുമായ ടികെഎസ്. ഇളങ്കോവനെ ഉദ്ധരിച്ച് ന്യൂസ് മിനുറ്റ് റിപ്പോർട്ട് ചെയ്‌തു. ഇതോടെയാണ് രാഷ്ട്രീയ പാർടിയെന്ന നിലപാട് മാറ്റി സ്വന്തം സംഘടനയുമായി അൻവർ രംഗത്തുവന്നതെന്നാണ് സൂചന.
ഡെമോക്രാറ്റിക് മൂവ്‌മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിൽ ഒരു സാമൂഹ്യ സംഘടന ആരംഭിക്കുകയാണെന്നാണ് അൻവർ വ്യക്തമാക്കിയിട്ടുള്ളത്. തങ്ങൾ ദീർഘകാല സുഹൃത്തുക്കളാണെന്നും തങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു എന്നും അൻവർ ചെന്നൈയിൽ കണ്ടതായി പറയുന്ന ഡിഎംകെ എൻആർഐ വിഭാഗം സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പുദുഗൈ എംഎം അബ്ദുല്ലയും വ്യക്തമാക്കി.
അതേസമയം, ഡിഎംകെയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് അൻവർ കത്ത് നൽകിയിരുന്നതായി ഡിഎംകെ സംസ്ഥാന സെക്രടറി എആർ മുരുകേശൻ പറഞ്ഞു. ഇതേത്തുടർന്നാണ് താൻ ഡിഎംകെ പാർടി ഓഫീസിലേക്ക് എൻ്റെ അഭിപ്രായം അറിയിച്ച് കത്തയച്ചത്. വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല, ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി ശനിയാഴ്ചയാണ് ചർച്ച നടത്തിയത്. എന്നാൽ തന്റെ ചെന്നൈ സന്ദർശനത്തെക്കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിക്കാൻ തയ്യാറായില്ല. പിവി അൻവറിന്റെ മകൻ പിവി റിസ്വാൻ ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തിൽ ബാലാജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇതുകാരണം ഡിഎംകെ പിണറായി വിജയനുമായോ സിപിഎമ്മുമായോ ഒരു തർക്കത്തിന് തയ്യാറാകില്ല. അൻവർ പുതിയ സംഘടന രൂപീകരിച്ചാലും, അത് കേരളത്തിലെ രാഷ്ട്രീയ രംഗത്ത് എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് ഇപ്പോൾ പ്രവചിക്കാൻ കഴിയുന്നതല്ല. അൻവർ സ്വതന്ത്രനായി സർകാരിനെതിരെ ആഞ്ഞടിച്ചപ്പോൾ ലഭിച്ച പിന്തുണ തുടർന്നും ലഭിക്കുമോ എന്ന് കണ്ടറിയണം.
#PVAnwar #KeralaPolitics #DMK #IndianPolitics #LeftPolitics #PoliticalParties