Support | യെച്ചൂരി: പിണറായിയുടെ പോസ്റ്റിനേക്കാൾ മൂന്നിരട്ടി കൂടുതൽ ലൈകും കമന്റും പി വി അൻവറിന്; സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച പൊടിപൂരം
● പിവി അൻവറിന്റെ ആരോപണങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
● പാർടിയിൽ അതൃപ്തി നിലനിൽക്കുന്നു എന്നതിന്റെ തെളിവായി ഇതിനെ ചിലർ വിലയിരുത്തുന്നു.
തിരുവനന്തപുരം: (KVARTHA) സിപിഎം സഹയാത്രികനും നിലമ്പൂർ എംഎൽഎയുമായ പി വി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നത് മുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റികൽ സെക്രടറി പി ശശിയെതിരായ ആരോപണങ്ങൾ വരെ അൻവർ ഉന്നയിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
ഈ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയതോടെ പി വി അൻവറിന് പാർടി അണികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ‘അപ്രതീക്ഷിതമായ’ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റുകളേക്കാൾ കൂടുതൽ ലൈകുകളും കമന്റുകളുമാണ് അൻവറിന്റെ പോസ്റ്റുകൾക്ക് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
ഇതിന്റെ പ്രത്യക്ഷമായ തെളിവായി മാറി, സിപിഎം ജെനറൽ സെക്രടറിയുടെ വിയോഗത്തിൽ അനുശോചിച്ച് കൊണ്ട് പങ്കുവെച്ച മുഖ്യമന്ത്രിയുടെയും പിവി അൻവറിന്റെയും പോസ്റ്റുകൾക്ക് ലഭിച്ച പ്രതികരണം. മണിക്കൂറുകൾക്കുള്ളിൽ പിണറായി വിജയന്റെ പോസ്റ്റിന് 5. 8 കെ ലൈകാണ് ലഭിച്ചതെങ്കിൽ പിവി അൻവറിന്റെ പോസ്റ്റിന് അതിന്റെ മൂന്നിരട്ടി, 16 കെ ലൈകുകൾ കിട്ടി.
സിപിഎമ്മിന്റെ രാജ്യത്തെ തന്നെ മുഖമായ മുഖ്യമന്ത്രിയുടെ പോസ്റ്റിനേക്കാൾ കൂടുതൽ പ്രതികരണങ്ങൾ അൻവറിന്റെ പോസ്റ്റുകൾക്ക് ലഭിച്ചത് പാർടിയിലും പുറത്തും വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ‘പുഴുക്കുത്തുകളെ’ വിമർശിച്ച് രംഗത്തെത്തിയ അൻവറിനെ പിന്തുണച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.
പാർടിയിൽ അതൃപ്തി നിലനിൽക്കുന്നു എന്നതിന്റെ തെളിവായി ഇതിനെ ചിലർ വിലയിരുത്തുന്നു. പൊതുജനങ്ങളിൽ ഒരു വിഭാഗം അൻവറിന്റെ ആരോപണങ്ങളിൽ സത്യമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു. ഏതായാലും പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോൾ സിപിഎമ്മിന്റെ യഥാർത്ഥ താരം ആരാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യം.
#PVAnwar, #SocialMedia, #KeralaPolitics, #PinarayiVijayan, #PoliticalAllegations, #CPM