Shift | എന്തുകൊണ്ട് തൃണമൂൽ കോൺഗ്രസ്? പിവി അൻ വറിന് പറയാനുള്ളത്!


● പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിൻ്റെ കാരണങ്ങൾ വ്യക്തമാക്കി
● കേരളത്തിലെ യുഡിഎഫിനെ പിന്തുണയ്ക്കും
● ഫാസിസ്റ്റ് ശക്തികളെ തോൽപ്പിക്കുകയാണ് ലക്ഷ്യം
മലപ്പുറം: (KVARTHA) പി.വി. അൻവർ തൃണമൂൽ കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ കൺവീനറായി പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് തൃണമൂലിന്റെ ബംഗാളിലെ രാഷ്ട്രീയ യാത്രയെയും മമതാ ബാനർജിയുടെ ശക്തമായ നേതൃപരമായ ഉയർച്ചയെയും കുറിച്ചുള്ളതാണ്. ബംഗാളിലെ ഇടതുപക്ഷത്തിന്റെ ‘അർദ്ധ ഫാസിസ്റ്റ്’ ഭരണം എതിർത്തുകൊണ്ടാണ് മമത തൃണമൂൽ കോൺഗ്രസിനെ മുന്നോട്ടുകൊണ്ടുപോയതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ ദുർഭരണത്തിനെതിരെ സാധാരണ ജനങ്ങളുടെ പിന്തുണയോടെയായിരുന്നു മമതയുടെ വിജയം.
പൗരത്വ ഭേദഗതി നിയമം (CAA), കർഷക സമരം, മണിപ്പൂർ കലാപം തുടങ്ങിയ വിഷയങ്ങളിൽ തൃണമൂലിന്റെ നിലപാട് ന്യൂനപക്ഷങ്ങൾക്ക് പ്രചോദനമായി. പാർലമെന്റിൽ ബിജെപി സർക്കാരിനെതിരെ മഹുവാ മൊയ്ത്രയും, മമതയും എടുത്ത ശക്തമായ നിലപാടുകൾക്കും പ്രത്യേക പ്രശംസ അർഹമാണ്. അദാനി ഉൾപ്പെടെയുള്ള വ്യവസായ സാമ്രാജ്യങ്ങളെ സംരക്ഷിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ മഹുവാ മൊയ്ത്രയുടെ വിമർശനങ്ങൾ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
കേരളത്തിലെ തൃണമൂലിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെ സംബന്ധിച്ചും പൂർണ്ണസമയ സംഘടനാ പ്രവർത്തനത്തിന് വേണ്ടി നിലമ്പൂർ എം.എൽ.എ സ്ഥാനത്ത് നിന്ന് രാജിവെക്കുന്ന കാര്യവും ഇതിൽ വ്യക്തമാക്കുന്നു. കേരളത്തിലെ യുഡിഎഫ് നേതൃത്വത്തോടൊപ്പം പ്രവർത്തിച്ചുകൊണ്ട് ഫാസിസ്റ്റ് ശക്തികളെയും വർഗീയ രാഷ്ട്രീത്തെയും എതിര്‍ക്കുന്ന പ്രസ്ഥാനമായി തൃണമൂൽ വളരുകയാണ് ലക്ഷ്യം.
പാർട്ടി നേതൃത്വം മമത ബാനർജിയും മഹുവാ മൊയ്ത്രയും അടക്കമുള്ളവരുടെ നേതൃത്വത്തിൽ കേരളത്തിൽ റാലികളും പൊതുപ്രസംഗങ്ങളും നടത്താൻ ഒരുങ്ങുന്നതായും അദ്ദേഹം പ്രഖ്യാപിക്കുന്നു. നരേന്ദ്രമോഡിയുടെ വംശീയവിവേചന നിലപാടുകൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുക, ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ഉറപ്പാക്കുക എന്നിവയെകുറിച്ചും പി.വി. അൻവർ ഓർമിപ്പിക്കുന്നു.
പോസ്റ്റിൻ്റെ പൂർണരൂപം:
എന്തുകൊണ്ട് തൃണമൂൽ
മൂന്നര പതിറ്റാണ്ടുകാലത്തെ സിപിഎമ്മിന്റെ അർദ്ധ ഫാസിസ്റ്റ് ദുർഭരണത്തെ തൂത്തെറിഞ്ഞാണ് മമത ബാനർജി ബംഗാളിൽ തന്റെ ആധിപത്യമുറപ്പിക്കുന്നത്. മുഖ്യമന്ത്രിപദത്തിലേക്കും ദേശീയ നേതാവെന്ന നിലയിലേക്കുമുള്ള മമതയുടെ യാത്ര അത്ര സുഗമമമായിരുന്നില്ല. ബംഗാളിലുടനീളമുള്ള അതിശക്തമായ സംഘടനാ സംവിധാനവും ഭരണസ്വാധീനവും സിപിഎമ്മിന്റെ അപ്രമാദിത്വവും എല്ലായിടത്തും ശക്തമായ കാലത്തുതന്നെയാണ് മമത തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുന്നത്. തന്റെ രാഷ്ട്രീയപ്രവർത്തനത്തിനിടയിൽ മമതയെ തെരുവിൽ കായികമായി നേരിടാനും സി.പി. ഐ.(എം)ന്റെ ഗുണ്ടാസംഘം ശ്രമിക്കുകയുണ്ടായി. എല്ലാ എതിർപ്പുകളേയും മറികടന്ന് ബംഗാളിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കാൻ അവർക്ക് തുണയേകിയത് ബംഗാളിലെ സാമാന്യജനതയുടെ പിന്തുണ മാത്രമായിരുന്നു. സിദ്ധാർഥ ശങ്കർറേയുടെ അർധഫാസിസത്തെ എതിർത്ത് സിപിഎമ്മിനെ ജയിപ്പിച്ച ജനതയ്ക്ക് അതിലും വലിയ ഫാസിസത്തേയാണ് പിന്നീട് നേരിടേണ്ടിവന്നത്. തൊഴിലാളിവർഗത്തിന്റെ പേരിൽ അധികാരത്തിലെത്തിയ ഇവർ അവസാനം നന്ദീഗ്രാമിൽ കുത്തക മുതലാളിമാർക്കുവേണ്ടി കർഷകകരെ വെടിവെച്ചുകൊല്ലുന്നതിലേക്കുവരെ നയിക്കുകയുണ്ടായി. സിപിഎമ്മിന്റെ ജനവിരുദ്ധ വാഴ്ചയ്ക്കെതിരായ പോരാട്ടമാണ് മമതയെ ബംഗാളിൽ അധികാരത്തിലെത്തിച്ചത്.
പൗരത്വഭേദഗതി, കർഷകസമരം, മണിപ്പൂർ കലാപം, ഹിൻഡൻബർഗ് റിപ്പോർട്ട്, തുടങ്ങിയ വിഷയങ്ങളിൽ മമതയുടെ പാർട്ടിയും അവരുടെ ലോക്സഭാ നേതാവ് മെഹുവാമൊയ്ത്രയും എടുത്ത നിലപാടുകൾ ഇന്ത്യയിലാകമാനമുള്ള ന്യൂനപക്ഷങ്ങൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ഭരണകൂടത്തിന്റെ നയങ്ങളേയും വിശേഷിച്ച് പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തേയും ലോകമാകെ ശ്രദ്ധിക്കുന്ന തരത്തിലേക്ക് ഉയർത്തിയതുകൊണ്ടുതന്നെയാണ് ത്രിണമൂൽ കോൺഗ്രസ് നേതാവായ മെഹുവാമൊയ്ത്രയെ പാർലമെന്റിൽനിന്നും പുറത്താക്കുന്നതിലടക്കമുള്ള നടപടികളിലേക്ക് ഇന്ത്യൻ ഭരണകൂടത്തെ നയിച്ചത്. രാഹുൽ ഗാന്ധി കഴിഞ്ഞാൽ സംഘപരിവാർ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പാർലമെന്റിൽ അതിശക്തമായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാവ് ത്രിണമൂലിന്റെ മഹുവ മൊയ്ത്ര തന്നെയാണെന്ന് കാണാവുന്നതാണ്.
ഗുജറാത്ത് വംശഹത്യക്കിരയായ ബിൽക്കീസ് ബാനുവിനുവേണ്ടി സുപ്രീംകോടതിയെ സമീപിച്ചതുമുൾപ്പെടെയുള്ള കാര്യങ്ങളും ബംഗാളിൽ നരേന്ദ്രമോഡിയുടെ വംശീയ വിദ്വേഷപരമായ പ്രവർത്തനങ്ങൾക്ക് തടസ്സമേർപ്പെടുത്തിയും അനുമതി നിഷേധിച്ചും ഇന്ത്യയിലെ ഫാസിസ്ററ് ഭരണകൂടത്തിന് ശക്തമായ താക്കീത് നൽകാനും മമത ബാനർജി മുന്നോട്ടുവന്നിട്ടുണ്ട്. പൊതുവിൽ സംഘപരിവാറിന്റെ ജനവിരുദ്ധ വർഗീയ നിലപാടുകൾക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ തൃണമൂൽ കോൺഗ്രസിന്റെ എംപിമാർ കാണിക്കുന്ന ജാഗ്രത ശ്ലാഘനീയമാണ്.
അഖിലേന്ത്യാടിസ്ഥാനത്തിൽ വളർന്നുവരുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ മമതാബാനർജിയുടെ നേതൃത്വത്തെ ബംഗാളിലെ മുസ്ലീംങ്ങൾ ഉൾപ്പെടെയുള്ള മതേതര സമൂഹം നിറഞ്ഞ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.
കേരളത്തിൽ പിണറായി വിജയന്റെ കുടുംബാധിപത്യത്തിനെതിരെയും ഹിന്ദുത്വനിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന്റെ വർഗീയ നിലപാടുകളോടും എതിരിട്ടുനിൽക്കാൻ ഇത്തരമൊരു രാഷ്ട്രീയ മുന്നേറ്റം സമകാലിക കേരളവും ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ തൃണമൂലിന്റെ കേരളത്തിലെ രൂപീകരണം കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധശക്തികളേയും ന്യൂനപക്ഷങ്ങളേയും ഒരേ ചരടിൽ കോർക്കാനുതകുന്ന തരത്തിലായിരിക്കുമെന്ന ശരിയായ തിരിച്ചറിവാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്.
അഖിലേന്ത്യാടിസ്ഥാനത്തിൽ ഇന്ത്യാമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കേരളത്തിലെ യുഡിഎഫിന്റെകൂടി ഭാഗമായി പ്രവർത്തിക്കുകയെന്നാണ് പാർട്ടിയുടെ തീരുമാനം.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ അവസ്ഥ സംബന്ധിച്ചും സർഫാസിയുൾപ്പെടെയുള്ള ജനവിരുദ്ധ നടപടികൾക്കെതിരായും പാർലമെന്റിൽ നിലപാടുകളെടുക്കാമെന്നുമുള്ള ഉറപ്പുകൾ തൃണമൂൽ നേതൃത്വം നൽകിയിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം എന്നെ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്ററായി ഇതിനകം നിയമിച്ചു കഴിഞ്ഞു. സംസ്ഥാനാടിസ്ഥാനത്തിൽ വിവിധ തലത്തിലുള്ള കമ്മറ്റികൾ രൂപീകരിക്കുകയും പ്രവർത്തനങ്ങൾ വിപുലപ്പെത്തുകയും ചെയ്യുകെന്നതാണ് അടുത്ത ഘട്ടം. അതിന്റെ ഭാഗമായി വരും മാസങ്ങളിൽ കേരളത്തിൽ നടക്കുന്ന വിവിധ റാലികളിൽ പാർട്ടി നേതാക്കളായ മമതാ ബാനര്‍ജി, മെഹുവാ മൊയ്ത്ര ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. .
നിലവിൽ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ച് പൂർണസമയം തൃണമൂൽ കോൺഗ്രസിന്റെ സംഘാടനത്തിനുവേണ്ടി ചിലവഴിക്കാനാണ് തീരുമാനം. നിലമ്പൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നിരുപാധിക പിന്തുണയും നൽകുന്നു. നേരത്തേ നിങ്ങൾ നൽകിയ സഹായ സഹകരണങ്ങൾ പുതിയ പ്രസ്ഥാനത്തിനും നൽകണമെന്നും അഭ്യർഥിക്കുന്നു.
അതിശക്തമായ രാഷ്ട്രീയമുന്നേറ്റത്തിനാണ് വരുംനാളുകളിൽ കേരളം സാക്ഷ്യംവഹിക്കാൻ പോകുന്നത്.
പി.വി. അൻവർ.
കൺവീനർ,
തൃണമൂൽ കോൺഗ്രസ് കേരളാ ഘടകം.
#PVAnvar #TrinamoolCongress #KeralaPolitics #MamataBanerjee #UDF #CPI(M) #Kerala #India