Controversy | കൊല്ലം എംഎൽഎ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം
സിപിഎമ്മിന് സമ്മർദ്ദം വർധിച്ചു.
പ്രതിപക്ഷ സമരം ശക്തമാക്കി.
തിരുവനന്തപുരം: (KVARTHA) കൊച്ചി/തിരുവനന്തപുരം സിനിമാ പീഡന കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷിന്റെ രാജിക്ക് സമ്മർദ്ദം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
ധാർമികതയുടെ പേരിൽ മുകേഷ് മാറി നിൽക്കണമെന്ന സിപിഐ നിലപാട് പാർട്ടി എക്സിക്യൂട്ടീവ് തീരുമാനപ്രകാരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മുകേഷ് മാറിയേ തീരുവെന്നാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചത്.
സിപിഐയുടെ ഈ നിലപാട് സിപിഎമ്മിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കിയിരിക്കുന്നു. സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎം നിലപാട്. എന്നാൽ, സിപിഐ അടക്കമുള്ള ഘടകക്ഷികളോട് ഈ സംഭവത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതും സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.
മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. വനിതാ കൂട്ടായ്മയായ വിമൺ കലക്ടീവും എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുകേഷ് രാജി വയ്ക്കും വരെ സമരം തുടരാനാണ് തീരുമാനം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നു.
സിനിമ പീഡനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ റജിസ്‌റ്റർ ചെയ്ത ഏഴു കേസുകളിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ വെള്ളിയാഴ്ച തുടങ്ങും. ഓരോ കേസിനും ഓരോ അന്വേഷണ ഉദ്യോഗസ്ഥനാകും. ഡിഐജി പുങ്കുഴലിക്കാണ് കൊച്ചിയിലെ കേസുകളുടെ ചുമതല. രഞ്ജിത്തിനെതിരായ കേസിലും തുടർ നടപടികൾ ഉണ്ടാകും. ഇതിനിടെ പ്രതി ചേർക്കപ്പെട്ട കൂടുതൽ പേർ മുൻകൂർ ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ ഉടൻ തന്നെ സമീപിക്കുമെന്നാണ് വിവരം.
ഡിഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് നടൻ സിദ്ദിഖിനെതിരായ കേസ് അന്വേഷിക്കുക. എസ്‌പി മധുസൂദനൻ, തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ വിജു കുമാർ, മ്യൂസിയം എസ്എച്ച്ഒ, എസ്ഐ എന്നിവരാണ് സംഘത്തിലുള്ളത്.
#KeralaPolitics #SexualHarassment #IndianPolitics #CPI #CPM #Investigation #Protest #JusticeForSurvivors