Candidate Nomination | ലോക് സഭാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട് മണ്ഡലത്തില്‍ എത്തുന്നത് കോണ്‍ഗ്രസിന്റെ വന്‍ നേതൃനിര
● വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ 12 മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
● 10 ദിവസം പ്രിയങ്ക മണ്ഡലത്തില്‍ പ്രചാരണം നടത്തുമെന്ന് നേതാക്കള്‍
● വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും എത്തുന്നു
കല്‍പറ്റ: (KVARTHA) ലോക് സഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട് മണ്ഡലത്തില്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട് മണ്ഡലത്തില്‍ എത്തുന്നത് കോണ്‍ഗ്രസിന്റെ വന്‍ നേതൃനിര. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പഴ്‌സണ്‍ സോണിയ ഗാന്ധി, ലോക് സഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രിയങ്കയ്ക്കൊപ്പമുണ്ടാകും.
കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും എത്തുന്നു. രാവിലെ 11 മണിക്ക് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ നേതാക്കള്‍ അണിനിരക്കും. വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ 12 മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 10 ദിവസം പ്രിയങ്ക മണ്ഡലത്തില്‍ പ്രചാരണം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ മൂന്നു ദിവസം മാത്രമാണുണ്ടായത്. രണ്ടു തവണ രാഹുല്‍ മത്സരിച്ചപ്പോഴും പ്രിയങ്ക വയനാട്ടില്‍ വോട്ടഭ്യര്‍ഥിക്കാന്‍ എത്തിയിരുന്നു. അതുകൊണ്ടുതന്നെ രാഹുലനൊപ്പം പ്രിയങ്കയും വയനാട്ടുകാര്‍ക്ക് സുപരിചിതയാണ്. എന്നാല്‍ സോണിയ എത്തിയിരുന്നില്ല. ഏറെ നാളുകള്‍ക്കു ശേഷമാണു സോണിയ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലാതിരുന്ന പ്രിയങ്ക സഹോദരന്റെ അഭ്യര്‍ഥനയ്ക്ക് മുന്നില്‍ ഒടുവില്‍ കീഴടങ്ങുകയായിരുന്നു. കന്നി മത്സരത്തിനിറങ്ങുന്ന പ്രിയങ്കയെ അഞ്ച് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ഇതിനായി നേതാക്കളെല്ലാം കച്ചകെട്ടി ഒരുങ്ങിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ദിവസം തന്നെ വയനാട്ടില്‍ പ്രചാരണം തുടങ്ങിയ യുഡിഎഫിന്റെ പ്രചാരണ പരിപാടികള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രിയങ്കാ ഗാന്ധി എത്തുന്നതോടെ എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോ ഉള്‍പ്പടെയുള്ള പരിപാടികള്‍ നടക്കും.
തുടക്കത്തില്‍ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണ പരിപാടികള്‍ക്കായി പ്രിയങ്കാഗാന്ധി മാറ്റിവെക്കുമെന്നാണ് സൂചന.
ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തേണ്ടതിനാല്‍ ഇതു കൂടി പരിഗണിച്ചാവും വയനാട്ടിലെ പ്രചാരണത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കുക.
#PriyankaGandhi, #WayanadByElection, #Congress, #UDF, #Election2024, #Kera-la