Controversial Action | വീണ്ടും ബാഗുമായി അമ്പരിപ്പിച്ച് പ്രിയങ്ക ഗാന്ധി; ഇത്തവണ വിഷയം ബംഗ്ലാദേശ്
● ബംഗ്ലാദേശ് എന്ന് എഴുതിയ ബാഗുമായാണ് പ്രിയങ്ക ഇത്തവണയെത്തിയത്.
● 'ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം', എന്ന് ബാഗിൽ എഴുതിയിട്ടുമുണ്ട്.
ന്യൂഡൽഹി: (KVARTHA) തിങ്കളാഴ്ച ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന ബാഗുമായി പാർലമെൻ്റിലെത്തി ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച മറ്റൊരു ബാഗുമായി പാർലമെൻ്റിലെത്തി. ബംഗ്ലാദേശ് എന്ന് എഴുതിയ ബാഗുമായാണ് പ്രിയങ്ക ഇത്തവണയെത്തിയത്. പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നിരവധി എംപിമാരും സമാനമായ ബാഗുകളുമായി പാർലമെൻ്റിലെത്തിയതും ശ്രദ്ധേയമായി.
'ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം', എന്ന് ബാഗിൽ എഴുതിയിട്ടുമുണ്ട്. പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ബംഗ്ലദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങളെ കുറിച്ച് സഭയ്ക്ക് പുറത്ത് മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
ഫലസ്തീൻ എന്ന് എഴുതിയ ബാഗുമായി തിങ്കളാഴ്ച പാർലമെൻ്റിലെത്തിയതിന്റെ പേരിൽ പ്രിയങ്ക ഗാന്ധിയെ ലക്ഷ്യമിട്ട് ബിജെപി 'മുസ്ലിം പ്രീണന' രാഷ്ട്രീയമാണെന്ന് ആരോപിച്ചിരുന്നു. ബാഗിൽ ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിൻ്റെ ആഗോള അടയാളമായ തണ്ണിമത്തൻ ആലേഖനം ചെയ്തിരുന്നു, കൂടാതെ 'ഫലസ്തീൻ' എന്ന് ഇംഗ്ലീഷിൽ വ്യക്തമായി എഴുതിയിട്ടുമുണ്ടായിരുന്നു.
രാഹുൽ ഗാന്ധിയേക്കാൾ വലിയ ദുരന്തമാണ് പ്രിയങ്കയെന്നും ബംഗ്ലദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നതിൽ പ്രിയങ്ക ആശങ്കയൊന്നും കാണിക്കുന്നില്ലെന്നും മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമാണ് ഇടപെടുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു.
എന്നാൽ തനിക്ക് ഇഷ്ടമുള്ളത് ധരിക്കുമെന്നും, താൻ എന്താണ് ധരിക്കുക എന്നത് താനല്ലാതെ വേറെ ആരാണ് തീരുമാനിക്കുകയെന്നും ഏന്ത് ധരിക്കരുതെന്നും ധരിക്കണമെന്നും പറയുന്നത് പുരുഷാധിപത്യമാണെന്നും പ്രിയങ്ക മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച മറ്റൊരു അമ്പരിപ്പിക്കുന്ന നടപടിയുമായി പ്രിയങ്ക രംഗത്തെത്തിയത്.
#PriyankaGandhi #BangladeshBag #PoliticalControversy #OppositionPolitics #BJPAllegations #CongressNews