Clarification | കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ താൻ വിദേശ യാത്ര നടത്തിയത് രണ്ടുതവണ മാത്രമെന്ന് പി പി ദിവ്യ; '23 തവണ യാത്ര നടത്തിയെന്നത് അടിസ്ഥാനരഹിതം'


● പാസ്പോർട്ട് പരിശോധിച്ചാൽ സത്യാവസ്ഥ അറിയാം.
● സി.പി.എം പ്രവർത്തകയായതുകൊണ്ടാണ് മാധ്യമവേട്ട.
● തെളിയിക്കാൻ തയ്യാറാകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
കണ്ണൂർ: (KVARTHA) ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാലത്ത് താൻ 23 തവണ വിദേശ യാത്ര നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പി പി ദിവ്യ സോഷ്യൽ മീഡിയ വീഡിയോയിലുടെ വ്യക്തമാക്കി. ഇതു സംബന്ധിച്ചു ചില മുഖ്യധാര മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത തന്നെ വേട്ടയാടാൻ വേണ്ടി കെട്ടിച്ചമച്ചതാണ്. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാലത്ത് രണ്ടേ രണ്ടുതവണ മാത്രമേ താൻ വിദേശ യാത്ര നടത്തിയിട്ടുള്ളു. ഈ കാര്യം തൻ്റെ പാസ്പോർട്ട് പരിശോധിച്ചാൽ വ്യക്തമാകും.
ഗൾഫ് പ്രവാസി സംഘടനയായ കെ.എം.സി.സിയുടെയും പ്രവാസി വ്യവസായ സംഘടനയായ വെയ്ക്കിൻ്റെയും പരിപാടികളിൽ പങ്കെടുക്കാനാണ് പോയത്. ഇതിൽ കെ.എം.സി സി യുടെ പരിപാടിയിൽ കോൺഗ്രസ് നേതാവ് എം.എം ഹസൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റെന്ന നിലയിൽ വിദേശ യാത്ര നടത്തണമെങ്കിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. 23 വിദേശയാത്ര നടത്തിയെന്ന് ആരോപിക്കുന്നവർ അതു തെളിയിക്കാനും തയ്യാറാകണം. അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടി വരും.
സി.പി.എമ്മിൻ്റെ പ്രവർത്തകയായതു കൊണ്ടാണ് തനിക്കെതിരെ മാധ്യമവേട്ട നടക്കുന്നത്. കോൺഗ്രസിൻ്റെയോ ബി ജെ പി യുടെ യോ പ്രവർത്തകയാണെങ്കിൽ തനിക്കെതിരെ ഇത്തരത്തിലുള്ള കടന്നാക്രമണം ഉണ്ടാവാൻ സാധ്യതയില്ലെന്നും പി പി ദിവ്യ പറഞ്ഞു. വസ്തുതയുമായി ബന്ധമില്ലാത്ത വാർത്തകളാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീയായ താൻ കേസിൽ പ്രതിയാണെങ്കിൽ നിയമനടപടി സ്വീകരിക്കാൻ ഇവിടെ കോടതിയുണ്ട്. തൻ്റെ കേസിൽ കോടതിയാണ് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് തീരുമാനിക്കേണ്ടത്. നിയമസംവിധാനത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് ജീവിച്ചു പോകുന്നതെന്നും ദിവ്യ പറഞ്ഞു.
തനിക്കെതിര വാർത്ത ചമച്ചവർ പരസ്യമായി മാപ്പുപറയണം. ഇത്തരം വാർത്തകളിൽ ഒരു പാടുപേർ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. സാധാരണക്കാരായ ആളുകൾ അറിയുന്നതിനുവേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതെന്നും അവരുടെ പിൻതുണ താൻ നടത്തുന്ന പോരാട്ടങ്ങൾക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദിവ്യ പറഞ്ഞു. പോരാളി ഷാജി ഉൾപ്പെടെയുള്ള ഇടതു പ്രൊഫൈലുകൾ പി.പി ദിവ്യയുടെ വീഡിയോക്ക് വലിയ പ്രചാരണമാണ് നൽകുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Former Kannur District Panchayat President PP Divya has refuted allegations of making 23 foreign trips during her tenure, stating she only made two trips. She claims the news is fabricated to target her and is ready to take legal action against those who spread false information.
#Kannur, #PPDivya, #ForeignTrip, #Allegation, #KeralaPolitics, #MediaHunt