എഡിഎം നവീൻ ബാബുവിൻ്റെ മരണം: പി പി ദിവ്യയെ കുറ്റവിമുക്തയാക്കാൻ ഹൈക്കോടതിയിൽ ഹരജി നൽകുമെന്ന് അഭിഭാഷകൻ


● ദിവ്യക്കെതിരായ കുറ്റം നിലനിൽക്കില്ലെന്ന് അഭിഭാഷകൻ.
● റവന്യൂ മന്ത്രിയെ വിവരമറിയിച്ചതായി കളക്ടറുടെ മൊഴി.
● പെട്രോൾ പമ്പ് സംരംഭകൻ്റെ ആരോപണങ്ങൾ ശരിവെക്കുന്നു.
● പോരാളി ഷാജിയടക്കമുള്ള പേജുകളിൽ ദിവ്യക്ക് അനുകൂല പോസ്റ്റുകൾ.
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) മുൻ എഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകാൻ ഒരുങ്ങുകയാണ് കേസിലെ പ്രതിയായ പി.പി. ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ. വിശ്വൻ. കണ്ണൂർ കോടതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.പി. ദിവ്യയുടെ വാദങ്ങളെ ശരിവെക്കുന്നതാണ് കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ കുറ്റപത്രത്തിൽ നൽകിയ മൊഴി എന്ന് അഡ്വ. വിശ്വൻ ചൂണ്ടിക്കാട്ടി. എഡിഎം കൈക്കൂലി വാങ്ങിയെന്ന് സമ്മതിച്ചതായി കളക്ടർ നൽകിയ മൊഴി കേസിൽ നിർണായകമാണ്. എഡിഎം കൈക്കൂലി വാങ്ങിയെന്നതിലേക്ക് വിരൽചൂണ്ടുന്ന നിരവധി തെളിവുകൾ വേറെയുമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ കാരണങ്ങൾകൊണ്ട് ദിവ്യയ്‌ക്കെതിരായ കുറ്റം നിലനിൽക്കില്ലെന്നും അഡ്വ. വിശ്വൻ വ്യക്തമാക്കി. വിവാദമായ യാത്രയയപ്പ് സമ്മേളനത്തിനുശേഷം തനിക്ക് തെറ്റുപറ്റിയെന്ന് എഡിഎം നവീൻ ബാബു തൻ്റെ ചേംബറിൽ വന്ന് പറഞ്ഞതായി കളക്ടർ അരുൺ കെ. വിജയൻ കുറ്റപത്രത്തിൽ മൊഴി നൽകിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എഡിഎം പറഞ്ഞ കാര്യങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനോട് പറഞ്ഞിരുന്നതായും കളക്ടർ മൊഴി നൽകിയിട്ടുണ്ട്.
ഇതോടെ, ചെങ്ങളായിയിലെ പെട്രോൾ പമ്പ് സംരംഭകൻ ടി.വി. പ്രശാന്തൻ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ കേസിൽ പുറത്തുവന്നിരിക്കുന്നതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ഇതിനിടെ, പി.പി. ദിവ്യക്ക് അനുകൂലമായി പോരാളി ഷാജിയടക്കമുള്ള ഇടതു ഫേസ്ബുക്ക് പേജുകളിൽനിന്ന് പോസ്റ്റുകൾ വന്നിട്ടുമുണ്ട്.
എഡിഎം നവീൻ ബാബു കേസിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: PP Divya's lawyer to challenge charges in ADM Naveen Babu case.
#Kannur #ADMCase #NaveenBabu #PPDivya #HighCourt #KeralaPolitics