Controversy | പ്രശാന്തൻപൊട്ടിച്ചത് ഉണ്ടയില്ലാ വെടി; നവീൻ ബാബു കേസിൽ ദിവ്യയെ കുടുക്കിയതോ?


● നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം.
● ദിവ്യയുടെ ജാമ്യഹർജിയിൽ വാദം കേൾക്കാൻ നവംബർ 5ന് കോടതി തീരുമാനിച്ചു.
● ദിവ്യയെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ പെട്രോൾ പമ്പ് സംരഭകനായി നടിച്ച ടി.വി പ്രശാന്തൻ തെറ്റിദ്ധരിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ദിവ്യയുടെ ഭർത്താവിൻ്റെ സഹപ്രവർത്തകനായ പ്രശാന്ത് തൻ്റെ നേതൃത്വത്തിലുള്ള പെട്രോൾ പമ്പ് സംരഭമാണ് തുടങ്ങുന്നതെന്നാണ് പറഞ്ഞത്. ദിവ്യയുടെ കൂടെ ഡി.വൈ.എഫ്.ഐ യിൽ പ്രവർത്തിച്ച തിരുവനന്തപുരം എ.കെ.ജി സെൻ്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ , കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി ഗോപിനാഥ് എന്നിവരുടെ അടുത്ത ബന്ധുവാണെന്ന പരിഗണനയും നൽകിയിരുന്നു.
അതുകൊണ്ടുതന്നെയാണ് തനിക്ക് യാതൊരു ബന്ധവും ഇല്ലാത്ത വിഷയമായിട്ടും എ.ഡി.എം നവീൻ ബാബുവിനെ നിരാക്ഷേപപത്രം ലഭിക്കുന്നതിനായി നാലിലേറെ തവണ ദിവ്യ ഫോണിൽ വിളിക്കാൻ തയ്യാറായത്. കൊടുംവളവും നെൽപ്പാടവുമുള്ള സ്ഥലമായതിനാൽ ചെങ്ങളായിയിൽ പെട്രോൾ പമ്പ് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു എ.ഡി.എം നവീൻ ബാബുവിൻ്റെ ആദ്യ നിലപാട് എന്നാൽ തനിക്ക് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വാങ്ങിത്തന്ന സി.പി.ഐ കണ്ണൂർ ജില്ലാ നേതൃത്വത്തിൻ്റെ ശുപാശയാണ് നവീൻ ബാബുവിനെ സ്ഥലം മാറി പോകുന്നതിന് മുൻപായി എൻ.ഒ.സി നൽകാൻ പ്രേരിപ്പിച്ചത്.
തന്നെ മറികടന്നുകൊണ്ടു നടത്തിയ ഈ പ്രവൃത്തിയെ പി.പി ദിവ്യ വ്യക്തിപരമായ അധിക്ഷേപമായാണ് കണ്ടത്. താൻ പറഞ്ഞിട്ട് കേൾക്കാത്ത ഉദ്യോഗസ്ഥൻ സി.പി.ഐ ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ അനുസരിച്ചതാണ് ദിവ്യയെ പ്രകോപിതയാക്കിയത്. ഇതിനൊപ്പം തനിക്ക് കൈക്കൂലി നൽകേണ്ടി വന്നുവെന്ന പ്രശാന്തൻ്റെ എരിവ് കയറ്റലമുമായതോടെയാണ് യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായിട്ടും മുൻപിൻ നോക്കാതെ കയറി ചെന്ന് പ്രതികരിക്കാൻ ദിവ്യ തയ്യാറായത്. ഇത് അവരുടെ രാഷ്ട്രീയ ജീവിതത്തിന് വാരി കുഴി ഒരുക്കുകയും ചെയ്തു.
എ.ഡി.എം തന്നിൽ നിന്നും കൈക്കൂലി വാങ്ങിയെന്നതിന് യാതൊരു തെളിവും പ്രശാന്തൻ്റെ കൈയ്യിൽ ഇല്ലെന്ന് പിന്നെയാണ് ദിവ്യയ്ക്ക് മനസിലായത്. ഇതു സംബന്ധിച്ച് ഇയാൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും വ്യാജമാണെന്ന് തെളിഞ്ഞത് ആരോപണം ഉന്നയിച്ച പി.പി ദിവ്യ ഊരാ കൂടുക്കിലായി. ഉണ്ടയില്ലാ വെടി പൊട്ടിച്ച പ്രശാന്തൻ തൻ്റെ സൗഹൃദം ഉപയോഗിച്ചു ദിവ്യയെ തെറ്റിദ്ധരിപ്പിച്ചു വലയിൽ വീഴ്ത്തിയത് മറ്റാർക്കെങ്കിലും വേണ്ടിയാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്.
ഇതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ യുക്തിഭദ്രമായ ഉത്തരം നൽകാനാവാതെ ദിവ്യ പതറിപ്പോയത്. എ.ഡി.എം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം സാധൂകരിക്കാൻ തെളിവില്ലാത്തതാണ് ദിവ്യയുടെ ആത്മവിശ്വാസം ചോർത്തിയത്. ആദ്യ ദിനത്തിൽ മാധ്യമപ്രവർത്തകരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും ഇത്തവണ അതു മുണ്ടായില്ല. തലകുനിച്ചാണ് ചോദ്യം ചെയ്യലിനു ശേഷം ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്നും പിന്നീട് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ദിവ്യമടങ്ങിയത്.
അഞ്ചു മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യാ കേസിലെ പ്രതിയായ പി.പി ദിവ്യയെ കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത് വെള്ളിയാഴ്ച് വൈകുന്നേരം നാലരയോടെ ദിവ്യയെ വീണ്ടും ജയിലിൽ അടച്ചു. പതിവിൽ നിന്നും വ്യത്യസ്തമായി ചൂരിദാർ അണിഞ്ഞാണ് ദിവ്യ ചോദ്യം ചെയ്യലിന് ജയിലിൽ നിന്നും എത്തിയത്.
കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലെ റിമാൻഡ് തടവുകാരിയാണ് ദിവ്യ. പൊലിസ് ഹരജി നൽകിയതു പ്രകാരമാണ് പി.പി ദിവ്യയെ ഒരു ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടു നൽകിയത്.
വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയായിരുന്നു സമയമെങ്കിലും നാലു മണിയോടെ കോടതിയിൽ ഹാജരാക്കി. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്നും കണ്ണൂർ അസി. പൊലിസ് കമ്മിഷണർ ടി.കെ രത്നമകുമാറിൻ്റെ നേതൃത്വത്തിലാണ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്. നേരത്തെ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണ് പി.പി ദിവ്യ ചെയ്തതെന്നാണ് വിവരം. താൻ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തത് കലക്ടർ അരുൺ കെ വിജയൻ ക്ഷണിച്ചിട്ടാണെന്നും എ.ഡി. എമ്മിനെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ദിവ്യ പറഞ്ഞു.
ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന ' മുഖ്യമന്ത്രിയുടെ വാചകം സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ ഓർമ്മിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് പി.പി ദിവ്യ പറഞ്ഞു. എന്നാൽ എ.ഡി.എം ജീവനൊടുക്കുമെന്ന് കരുതിയില്ല. അത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ദിവ്യ പറഞ്ഞു.
ഇതിനിടെ കണ്ണൂർ നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം കേള്‍ക്കാൻ മാറ്റി. നവംബർ അഞ്ചിന് കോടതി വാദം കേള്‍ക്കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. നവീന്‍ ബാബുവിന്റെ കുടുംബം ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് ദിവ്യ യ്ക്ക് തിരിച്ചടിയായിട്ടുണ്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നുണ്ട്.
തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കണ്ണൂർ കക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്.
തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണെന്നും ജോയിന്റ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
വീഡിയോ പകര്‍ത്തിയവരില്‍ നിന്ന് ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാല്‍ അവരുടെ മൊഴി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല.
#KeralaPolitics #NaveenBabuCase #PPDivya #Investigation #CorruptionAllegations