SWISS-TOWER 24/07/2023

Power Struggle | അധികാര തർക്കം എൻസിപിയെ പിളർത്തുമോ? പാർട്ടിയിൽ ഒറ്റപ്പെട്ട ശശീന്ദ്രൻ്റെ മന്ത്രിസ്ഥാനത്തിന് തുണ മുഖ്യമന്ത്രി

 
NCP Power Struggle in Kerala
NCP Power Struggle in Kerala

Photo Credit: Facebook/ PC Chacko

ADVERTISEMENT

● ശശീന്ദ്രന്‍ മാറിയാല്‍ എന്‍സിപിക്ക് മന്ത്രിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
● പി സി ചാക്കോയും തോമസ് കെ തോമസും ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ഈ ആവശ്യം ഉന്നയിച്ചു കണ്ടിരുന്നു
● മുന്നണി സംവിധാനത്തിൽ ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് അതാത് പാര്‍ട്ടികളാണെന്നാണ് തോമസ് കെ തോമസിന്‍റെ നിലപാട്. 

കാർത്തിക് കൃഷ്ണ

കണ്ണൂർ: (KVARTHA) പാർട്ടിയിലെ അധികാര തർക്കം മൂർച്ഛിച്ചതോടെ എൻ.സി.പി യിൽ വീണ്ടും പിളർപ്പിന് കളമൊരുങ്ങുന്നു. ദേശീയ നേതൃത്വം ശക്തമായി ഇടപെട്ടിട്ടും മന്ത്രിമാറ്റം എങ്ങും എത്താതായതോടെ എൻസിപി വീണ്ടും പിളരുമെന്നാണ് രാഷ്ട്രീയ ഉപശാലങ്ങളിൽ നിന്നും പുറത്തുവരുന്ന സൂചന. വനം മന്ത്രി എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും വ്യക്തമാക്കിയതോടെയാണ് പി സി ചാക്കോയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികവിഭാഗം പാർട്ടി വിടാനൊരുങ്ങുന്നത്.

Aster mims 04/11/2022

ശശീന്ദ്രന്‍ മാറിയാല്‍ എന്‍സിപിക്ക് മന്ത്രിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധവും ഗുഡ് സർട്ടിഫിക്കറ്റുമാണ് ശശീന്ദ്രന് തുണയാകുന്നത്.
പി സി ചാക്കോയും തോമസ് കെ തോമസും ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ഈ ആവശ്യം ഉന്നയിച്ചു കണ്ടിരുന്നു. ഇതേ തുടർന്ന് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ടുമായി കഴിഞ്ഞ ദിവസം പവാർ കൂടിക്കാഴ്ച നടത്തിയെങ്കിലും ഗുണമുണ്ടായില്ല.

മന്ത്രിമാറ്റത്തിന് താല്‍പര്യമുണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയേയും അറിയിക്കാന്‍ ശരദ് പവാര്‍ പ്രകാശ് കാരാട്ടിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വത്തെ ഇടപെടുത്തി മന്ത്രിയെ മാറ്റാനുള്ള തോമസിന്റെ ശ്രമങ്ങള്‍ക്ക് സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും വഴങ്ങാൻ തയ്യാറല്ല. മുന്നണി സംവിധാനത്തിൽ ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് അതാത് പാര്‍ട്ടികളാണെന്നാണ് തോമസ് കെ തോമസിന്‍റെ നിലപാട്. 

എന്നാൽ മന്ത്രിമാറ്റമെന്ന വാദത്തെ ഇടതുമുന്നണിയും അനുകൂലിക്കുന്നില്ല. ശശീന്ദ്രൻ നല്ല മന്ത്രിയാണെന്നായിരുന്നു കൺവീനർ ടി പി രാമകൃഷ്ണന്റെ നിലപാട്. അനാവശ്യ ചര്‍ച്ചകള്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹോദരൻ തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് സിപിഎമ്മും മുന്നണിയും നൽകിയ പ്രത്യേക പരിഗണനയിലാണ് 2021ൽ തോമസ് കെ തോമസ് കുട്ടനാട് സീറ്റിൽ മത്സരിച്ചത്. 

രണ്ടര വര്‍ഷം കഴിയുമ്പോൾ മന്ത്രിമാറ്റമെന്നത് പാര്‍ട്ടിക്കുള്ളിലെ ധാരണയാണെന്ന് പറഞ്ഞ് 67 കാരനായ തോമസ് കെ തോമസ് എൻസിപി കേരള ഘടകത്തിൽ പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. ശശീന്ദ്രനൊപ്പം നിന്ന ചാക്കോ തോമസിനൊപ്പം മാറിയതോടെയാണ് ദേശീയ നേതൃത്വം ഈ കാര്യത്തിൽ ഇടപെടൽ ശക്തമാക്കിയതും. മന്ത്രിമാറ്റത്തില്‍ ചാക്കോ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നാണ് ശശീന്ദ്രന്റെ നിലപാട്. 

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി (2018 ഫെബ്രുവരി ഒന്ന് മുതൽ ) മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെന്ന റെക്കോഡു നേടിയ ശശീന്ദ്രൻ പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയാമെന്ന മുൻനിലപാടിൽ നിന്ന് ഇപ്പോൾ മലക്കംമറിയുകയാണ്. തോമസ് കെ തോമസ് മന്ത്രിസഭയിലേക്ക് എത്തുന്നതിൽ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന നേതൃത്വത്തിനും താൽപര്യം പോര എന്നത് മുന്നിൽ കണ്ടാണ് മന്ത്രിസ്ഥാനം ഒഴിയില്ലെന്നും പകരം മന്ത്രിയില്ലാത്ത സാഹചര്യം ഉണ്ടാകരുതെന്നും ശശീന്ദ്രൻ ഓര്‍മ്മിപ്പിക്കുന്നത്.

തോമസ് കെ തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തെ മൂന്നുവട്ടം പറഞ്ഞതാണ്. ശശീന്ദ്രനെ മാറ്റുന്നതിനോട് സിപിഎമ്മും മുഖ്യമന്ത്രിയും യോജിക്കുന്നില്ലെന്നു പ്രകാശ് കാരാട്ട് ശരദ് പവാറിനെ അറിയിക്കും.  കൂറുമാറ്റത്തിന് കോടികൾ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം തോമസ് കെ തോമസിനെതിരെ നില്‍ക്കുന്നതിനാല്‍ മന്ത്രിസഭയിലെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രകാശ് കാരാട്ട് അന്തിമമായി ഫോൺ വഴിശരദ് പവാറിനെ അറിയിക്കും.

ശശീന്ദ്രന്‍ രാജിവെയ്ക്കണമെന്നാണ് എന്‍സിപിയുടെ താല്പര്യമെങ്കില്‍ വിരോധമില്ലെന്നും പക്ഷെ പിന്നീട് മന്ത്രിസ്ഥാനം എന്‍സിപിക്ക് ഉണ്ടാവില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. തോമസ് കെ തോമസിനെ എന്തുകൊണ്ട് മന്ത്രിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി വിശദമായി തന്നെ പ്രകാശ് കാരാട്ടിനെ അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെയും നിലപാട് ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രകാശ് കാരാട്ട് ശരദ് പവാറിനേയും അറിയിച്ചതായാണ് സൂചന.

ഇടതു മുന്നണിയിലെ കോൺഗ്രസ് ധാരയാണ് എൻസിപിയെന്ന പാർട്ടി. 1980 ൽ ഉമ്മൻ ചാണ്ടിയുൾപ്പടെ 21 പേരുമായി ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായിരുന്ന കോൺഗ്രസ് (യു) പിന്നീട് കോൺഗ്രസ് (എസ്) ആയി. അതിലെ പ്രബല വിഭാഗം എൻസിപിയായി മാറി. കഴിഞ്ഞ നിയമസഭയിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരുന്ന എൻസിപി ഇത്തവണ രണ്ടായി ചുരുങ്ങി. കേരളാ കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് വന്ന് ജോസ് കെ മാണി തന്റെ പിതാവ് അര നൂറ്റാണ്ട് പ്രതിനിധീകരിച്ച പാല മണ്ഡലത്തിന് വേണ്ടി ഉന്നയിച്ച അവകാശവാദം മുന്നണി സ്വീകരിച്ചതോടെയാണ് പാലാ എംഎൽഎ മാണി സി കാപ്പൻ പാർട്ടി വിട്ടത്. 

78 കാരനായ ശശീന്ദ്രൻ 1980 മുതൽ ആറ് തവണ എംഎൽഎ ആയിട്ടുണ്ട്. 2006 ൽ കരുണാകരനൊപ്പം ഡി ഐ സിയിൽ നിന്നും പാർട്ടിയിലെത്തിയ സഹോദരൻ തോമസ് ചാണ്ടിക്കൊപ്പമായിരുന്നു തോമസ് കെ തോമസ്. സാമ്പത്തിക സംഭാവനകൾ കൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്തിയ ശേഷം സഹോദരനെ പിന്തുടർന്നാണ് പാർലമെന്ററി ജനാധിപത്യത്തിൽ എത്തുന്നത്. മഹാരാഷ്ട്രയിലെ പിളർപ്പിന് ശേഷം പവാറിനൊപ്പമുള്ള എംഎൽഎമാരുടെ എണ്ണം 78 ൽ നിന്നും മൂന്ന് ആയെങ്കിലും പാർട്ടിയുടെ പേരിൽ രണ്ടക്ഷരം കൂടി എൻസിപിയായി. 

തെരഞ്ഞെടുപ്പിൽ മത്സരിച്ച ക്ലോക്ക് ചിഹ്നവും നഷ്ടമായി. ഇപ്പോൾ കുഴലൂതുന്ന മനുഷ്യനാണ് ചിഹ്‌നം. ഈ ചിഹ്നത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശശീന്ദ്രൻ ഉണ്ടാവില്ലെന്നും അപ്പോൾ എലത്തൂർ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. സിപിഎമ്മിന് താൽപര്യമില്ലാത്ത തോമസിന്റെ കാര്യവും ചോദ്യചിഹ്നമാണ്. എൺപത് കടന്ന കോൺഗ്രസ് (എസ്) പ്രതിനിധി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും അടുത്ത തെരഞ്ഞടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുമോയെന്ന കാര്യം സംശയമാണ്. അങ്ങനെ വന്നാൽ ഇതോടെ ഇടതു മുന്നണിയിലെ കോൺഗ്രസ് ധാരയുടെ വംശനാശവും സംഭവിക്കുമെന്നാണ് സൂചന.

അടുത്ത ഭരണം യു.ഡി.എഫിന് ലഭിക്കുമെന്ന പ്രതീക്ഷയിൽ പി സി ചാക്കോ കോൺഗ്രസ് നേതൃത്വവുമായി അണിയറ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ദേശീയ നേതൃത്വം കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയിലായതിനാൽ യു.ഡി.എഫ് പ്രവേശനം എളുപ്പമാവുമെന്നാണ് പ്രതീക്ഷ. ദേശീയ നേതൃത്വത്തിൻ്റെ അനുഗ്രഹാശിസുകളോടെ എൻ.സി.പി യിൽ നിന്നും ശശീന്ദ്രനെ പുറത്താക്കി യു.ഡി.എഫിലേക്ക് ചേക്കേറാനാണ് പി.സി. ചാക്കോ ശ്രമിക്കുന്നത്. ഇതിനായി ശരത് പവാറിൻ്റെ അനുമതി തേടിയേക്കും.

#NCP #PowerStruggle #KeralaPolitics #PinarayiVijayan #CabinetReshuffle #PoliticalCrisis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia