Inflation | വിലക്കയറ്റത്തിന് വില്ലൻ കാലാവസ്ഥ! തടയാനാകാതെ മോദി സര്‍ക്കാര്‍; വരും തിരഞ്ഞെടുപ്പുകളിലും കർഷക രോഷം ഉയരുമോ?

 
Inflation
Inflation


കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയും ഉത്തരേന്ത്യയിലടക്കം തുടരുന്ന ഉഷ്ണ തരംഗവും ജലക്ഷാമവും  പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വിതരണം ഗണ്യമായി ബാധിച്ചിട്ടുണ്ട്

അര്‍ണവ് അനിത

ന്യൂഡല്‍ഹി: (KVARTHA) വിലക്കയറ്റം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ ഭക്ഷ്യ വിലക്കയറ്റം എട്ട് ശതമനമായി തുടരുന്നു. പിടിച്ചുകെട്ടാന്‍ മോദി സര്‍ക്കാര്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നടക്കുന്നില്ല. അസാധാരണ സാഹചര്യത്തിലേക്ക് രാജ്യത്തെ എത്തിച്ചതിന് പിന്നില്‍ ഭരണകൂടങ്ങള്‍ക്ക് മാത്രമല്ല, മനുഷ്യരുടെ ആര്‍ത്തിയും സ്വാര്‍ത്ഥതയ്ക്കും പങ്കുണ്ട്. അതുകൊണ്ടാണ് ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം കാലാവസ്ഥ വില്ലനായി അവതരിക്കുന്നത്. 

പരിസ്ഥിതി സംരക്ഷണത്തില്‍ നമ്മള്‍ ഇനിയും വിട്ടുവീഴ്ച കാണിച്ചാല്‍ സാമ്പത്തികാവസ്ഥ തകര്‍ന്നടിയുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രതികൂല കാലാവസ്ഥ അടക്കം കാര്‍ഷിക വിളകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഭക്ഷ്യവിതരണത്തിലും പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത് വിലക്കയറ്റത്തിലേക്ക് നയിക്കുന്നു.  ഇക്കൊല്ലം മണ്‍സൂണ്‍ നേരത്തെ വന്നപ്പോള്‍ പ്രതീക്ഷകള്‍ വാനോളമുണ്ടായിരുന്നു. എന്നാല്‍ എല്ലാം പെട്ടെന്നാണ് അസ്തമിച്ചത്. പതിവില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ പ്രവചനം ഉണ്ടായിട്ടും വിലക്കയറ്റം കുറയാന്‍ സാധ്യതയില്ലെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പച്ചക്കറി അടക്കമുള്ള ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം, ആകെയുള്ള ഉപഭോക്തൃ വിലയുടെ പകുതിയോളം വരുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം നിലനിര്‍ത്തേണ്ടിവന്നു. പലിശനിരക്ക് കുറയ്ക്കാനുള്ള പദ്ധതി പാളുകയും  ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയും ഉത്തരേന്ത്യയിലടക്കം തുടരുന്ന ഉഷ്ണ തരംഗവും ജലക്ഷാമവും  പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വിതരണം ഗണ്യമായി ബാധിച്ചിട്ടുണ്ട്, ഇത് ഭക്ഷ്യസാധനങ്ങളുടെ വില ഉയരാനുള്ള കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു.  ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇറക്കുമതി ചുങ്കം കുറച്ചതും വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ജലക്ഷാമം കാരണം വേനല്‍ക്കാലത്ത് പച്ചക്കറി ലഭ്യത സാധാരണ കുറയുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനനുസരിച്ചുള്ള കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ വേനല്‍ കടുത്തു, ഉഷ്ണതരംഗം ആഞ്ഞടിച്ചു. അതോടെ പച്ചക്കറി ലഭ്യത പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞു. രാജ്യത്തെ പകുതിയോളം പ്രദേശങ്ങളില്‍ താപനില സാധാരണയേക്കാള്‍ 4-9 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു,  പച്ചക്കറികളും പഴങ്ങളും മാസങ്ങളോളം സംഭരിച്ചുവയ്ക്കുന്നതിനുള്ള ശീതീകരണ സംവിധാനം രാജ്യത്ത് പൂര്‍ണ സജ്ജമല്ല.  

സംഭരിച്ച പച്ചക്കറികള്‍ കേടായി. ചൂട് കൂടിയതോടെ ഉള്ളി, തക്കാളി, വഴുതന, ചീര തുടങ്ങിയ വിളകളുടെ നടീലിന് തടസ്സമാവുകയും ചെയ്തു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തിന്  മുമ്പാണ് സാധാരണ പച്ചക്കറി തൈകള്‍ മുളപ്പിക്കുകയും പിന്നീട്  വയലുകളിലേക്ക് പറിച്ചുനടുകയും ചെയ്യുന്നത്.  ഇത്തവണത്തെ ക്രമാതീതമായ ചൂടും ജലക്ഷാമവും വിള നടീലിനും പിന്നീടത് പറിച്ച് നടുന്നതിനും തടസ്സം സൃഷ്ടിച്ചു, ഇത് പച്ചക്കറി ക്ഷാമം കൂടുതല്‍ രൂക്ഷമാക്കാനും വലിക്കയറ്റിന്റെ വാതില്‍ തുറക്കാനും ഇടയാക്കി.

തെക്കേയിന്ത്യയിലും പടിഞ്ഞാറ് കിടക്കുന്ന മഹാരാഷ്ട്രയിലും പ്രതീക്ഷിച്ചതിലും നേരത്തെ കാലവര്‍ഷം എത്തിയെങ്കിലും പെട്ടെന്ന് ദുര്‍ബലമായി.  ഈ സീസണില്‍ ഇതുവരെ 18 ശതമാനം മഴയുടെ കുറവുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.  രാജ്യത്തെ കാര്‍ഷികമേഖല കാലവര്‍ഷത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. മണ്‍സൂണ്‍ ദുര്‍ബലമായതോടെ വേനല്‍ക്കാലത്ത് വിതച്ച വിളകളുടെ നടീല്‍ വൈകി, നല്ലപോലെ മഴ ലഭിച്ചാല്‍ മാത്രമേ കൃഷിയുമായി മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് കര്‍ഷകര്‍ പറയുന്നു. മഴയുടെ കുറവ് കടുത്ത ചൂടിനും ഉഷ്ണതരംഗത്തിനും വഴിവയ്ക്കുന്നു. അങ്ങനെ കാലാവസ്ഥ ഇരുതലമൂര്‍ച്ചയുള്ള വാളായി ഇന്ത്യാ മഹാരാജ്യത്തിന്റെ വിരിമാറില്‍ തൂങ്ങിക്കിടക്കുകയാണ്.

മഴ ശക്തിപ്രാപിക്കുകയും സാധാരണ ലഭിക്കുന്നത് പോലെ രാജ്യം മുഴുവന്‍ ലഭിക്കുകയും ചെയ്താല്‍ ഓഗസ്റ്റ് മുതല്‍ പച്ചക്കറി വില കുറയുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.  ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വെള്ളപ്പൊക്കമോ നീണ്ടുനില്‍ക്കുന്ന വരണ്ട കാലാവസ്ഥയോ ഉണ്ടായാല്‍ പച്ചക്കറി ഉല്‍പാദനത്തിന് തടസ്സമാകും. അതായത് പഴയ പോലെ കാര്യങ്ങള്‍ നടക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥ. പ്രകൃതി ചൂഷണം പരിധിവിട്ടതും നഗരവല്‍ക്കരണം അതിവേഗം കുതിക്കുന്നതും കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതിന് ഇടയാക്കി. പാല്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ ലഭ്യത തീരെ കുറഞ്ഞതിനാല്‍ ഇവയുടെ വില അടുത്തകാലത്തെങ്ങും കുറയില്ല. രാജ്യത്തെ ഭൂരിപക്ഷം പേരും ആശ്രയിക്കുന്ന ഗോതമ്പിന്റെ ലഭ്യതയും കുറഞ്ഞുവരികയാണ്, ഇവ ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല, അതുകൊണ്ട് ഗോതമ്പ് വില ഇനിയും കുതിക്കാനാണ് സാധ്യത.

തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ നല്‍കിയ കനത്തതിരിച്ചടി ഭയന്ന്, അധികാരത്തിലേറിയ ഉടനെ പ്രധാനമന്ത്രി നരേന്ദ്രമോദി നെല്ലിന്റെ കുറഞ്ഞ താങ്ങുവില 5.4 ശതമാനമായി ഉയര്‍ത്തിയതിനാല്‍ അരിവിലയും കൂടിയേക്കും. ഇത് വിലക്കയറ്റം ഇനിയും രൂക്ഷമാക്കും. നിലവില്‍ 45 മുതല്‍ 55 രൂപ വരെയാണ് ഒരു കിലോ അരിയുടെ വില. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച  തുവര, ഉഴുന്ന്, ചെറുപയര്‍ എന്നിവയുടെ വിതരണത്തെ സാരമായി ബാധിച്ചു, ഇത്തവണ വിളവെടുപ്പ് വരെ വില കുറയാന്‍ സാധ്യതയില്ല. കരിമ്പിന്റെ നടീല്‍ കുറഞ്ഞതിനാല്‍ വരുന്ന സീസണിലെ ഉല്‍പ്പാദനം കുറയുമെന്നും ഇത്  കാരണം നിലവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പഞ്ചസാര വില കുറയാന്‍ സാധ്യതയില്ല. ഇപ്പോള്‍ കിലോഗ്രാമിന് 45 മുതല്‍ 50 രൂപ വരെയാണ് വില.

കയറ്റുമതി നിയന്ത്രിക്കുക, ഇറക്കുമതി കുറയ്ക്കുക, സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വില്‍ക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ചില ഭക്ഷ്യോത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകും.  വലിയതോതില്‍ നശിക്കുന്നതും ഇറക്കുമതി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതും രാജ്യത്ത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളതുമായ പച്ചക്കറികളുടെ  കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാനാകില്ല. അതുകൊണ്ട് പച്ചക്കറി വില ഇനിയും കുതിക്കാനാണ് സാധ്യത. പഞ്ചസാര, അരി, ഉള്ളി, ഗോതമ്പ് എന്നിവയുടെ കയറ്റുമതി നിയന്ത്രിച്ചു വില കുറയ്ക്കാന്‍ സര്‍ക്കാര്‍ പല നടപടികളും എടുത്തിട്ടുണ്ട്. എന്നാലിത് കര്‍ഷക രോക്ഷത്തിനിടയാക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു. 

പല ബിജെപി സ്ഥാനാര്‍ത്ഥികളെയും കര്‍ഷകര്‍ തടയുകയും അവരുടെ വീടുകള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, മഹാരാഷ് ട്ര, യുപി എന്നിവിടങ്ങളിലെ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയങ്ങള്‍ക്കെതിരെ കടുത്ത എതിര്‍പ്പാണുയര്‍ത്തുന്നത്. മഹാരാഷ്ട്രയിലും ഹരിയാനയിലും നവംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളില്‍ കര്‍ഷക ശക്തി പ്രബലമാണ്. മോദി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ കര്‍ഷകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.  നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഭക്ഷ്യ വിലക്കയറ്റം കുറയ്ക്കുന്നതിന് പകരം ചില വിളകളുടെ വില കൂട്ടി കര്‍ഷകരെ സുഖിപ്പിക്കാനുളള തന്ത്രമായിരിക്കും സര്‍ക്കാര്‍ മെനയുക. ഇത് രാജ്യത്തെ എല്ലാവരുടെയും പോക്കറ്റ് കൊള്ളയടിക്കുന്ന പരിപാടിയാണെന്നാണ് ആക്ഷേപം. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia