Viral Pic | രാധാകൃഷ്ണന്റെ തൊട്ടുകൂടായ്മ വിവാദത്തിന് അയ്യർ വംശജയായ കലക്ടറുടെ നല്ല മറുപടി; മതത്തിന്റെ പേരിൽ 'മദം' ഇളകുന്നവർക്കാണ് ഈ ആശ്ലേഷത്തിൽ പ്രശ്നം 

 
Politics of hugging IAS officer and ex-minister
Politics of hugging IAS officer and ex-minister


ആശ്ലേഷത്തിലെ വ്യക്തികളുടെ നിഷ്കളങ്കത അഭിനന്ദനീയം, ആവേശകരം, അനുകരണീയം

സോണി കല്ലറയ്ക്കൽ

(KVARTHA) മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ് അയ്യര്‍ അദ്ദേഹത്തെ ആശ്ലേഷിക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം വൈറലാകുകയും അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങൾ വരികയുമുണ്ടായി. കനിവാര്‍ന്ന വിരലാല്‍ വാര്‍ത്തെടുത്തൊരു കുടുംബം, രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ, സര്‍... എന്നിങ്ങനെ പല വാത്സല്യവിളികള്‍ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രിവസതിയില്‍ യാത്രയയക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടര്‍ വസതിയില്‍ നിന്നും ഞാന്‍ ഇറങ്ങുമ്പോള്‍ അന്ന് അദ്ദേഹത്തിന്റെ സ്‌നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കല്‍ കൂടി നുകര്‍ന്നപോല്‍' എന്നായിരുന്ന ദിവ്യ എസ് അയ്യർ ചിത്രത്തിനിട്ട അടിക്കുറിപ്പ്. 

politics of hugging ias officer and ex minister

എന്നാൽ ചിലർ ഇത് വിവാദമാക്കിയതിനെത്തുടർന്ന് ഇപ്പോൾ കെ രാധാകൃഷ്ണനും രംഗത്തെത്തിയിരിക്കുകയാണ്. ദിവ്യ എസ് അയ്യർ തന്നെ ആശ്ലേഷിക്കുന്ന ചിത്രത്തിനെ വലിയ രീതിയിൽ ചർച്ചയാക്കേണ്ട കാര്യമില്ലെന്ന് നിയുക്ത എംപി കെ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭയിലും മറ്റും പ്രവർത്തിച്ച അനുഭവം ഉണ്ടെങ്കിലും ഞാനൊരു പുതിയ പാർലമെന്റ് അംഗമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ മുന്നിലെത്തിക്കാനാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷം തന്നെ വലിയ കരുത്തോട് കൂടിയാണ് സഭയിൽ ഇടപെടാൻ പോകുന്നത്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള എല്ലാ ഇടപെടലും നടത്തും', കെ രാധാകൃഷ്ണൻ പറഞ്ഞു.

ഇത് ഇത്തരത്തിൽ ഒരു വിവാദമാക്കിയവർ ആരെന്ന് സ്വയം ചിന്തിക്കേണ്ടതാണ്. ഇതിൽ എന്താ ഇത്ര പ്രത്യേകത, ഒരു ജില്ലയിലെ കളക്ടർ അതേ ജില്ലയിലെ എം.എൽ.എയും മന്ത്രിയുമായ വ്യക്തിയെ ആശ്ലേഷിച്ചു യാത്രയാക്കുന്നു, അത് ഒരു ദേശദ്രോഹ കുറ്റമാണോ, സത്യത്തിൽ ഇടുങ്ങിയ ചിന്തകളും മനസ്സും ഉള്ളവർക്കുമാത്രമേ ഇതിനെ മറ്റുരീതിയിൽ കാണാനും ചിത്രീകരിക്കാനും സാധിക്കൂ. ഉയർന്ന ജാതികാരിയായ കളക്ടർ താഴ്ന്ന ജാതിയിൽ പെട്ടൊരാളെ ഇങ്ങനെ യാത്രയാക്കുന്നത് കളക്ടറുടെ ഹൃദയ വിശാലത ആയിട്ടാണ് എനിക്ക് മനസ്സിലാകുന്നത്. അവരെ പോലുള്ളവർ ഒരു ജില്ലയുടെ ഭരണാധികാരിയായിരിക്കുമ്പോൾ ആ നാട്ടിലെ സാധാരണ ജനവിഭാഗത്തിന് നിക്ഷ്പക്ഷമായും നീതി യുക്തമായും ഉള്ള സേവനങ്ങൾ ലഭിക്കുമെന്നും ഉറപ്പിക്കാം.

പിന്നെ മഞ്ഞപിത്തം ബാധിച്ചവർക്ക് നോക്കുന്നതെല്ലാം മഞ്ഞനിറത്തിലുള്ളതായിരിക്കും. അതിനു ചികിത്സ തേടേണ്ടത് അവർ തന്നെയാണ്. അധികാരമുണ്ടായിട്ടും ലാളിത്വത്തിൻ്റെ പര്യായമായ രാധാകൃഷ്ണനെ കണ്ടാൽ മൃദു മനസ്സുള്ളവർ ആരായാലും ബഹുമാനം കൊണ്ട് ചെയ്തു പോകും. അതിന് ഒരു ചർച്ചയുടെ ആവശ്യമുണ്ടോ?. ശരിക്കും നല്ല മനുഷ്യരെപ്പോലും മോശക്കാരാക്കുന്നതിന് തുല്യമാകുന്നു ഈ സമീപനങ്ങൾ. ഒരു പട്ടികജാതിക്കാരനെ ഒരു അയ്യർ കെട്ടിപ്പിടിച്ചത് ആഘോഷിക്കുന്ന മനുഷ്യർ. അതൊരു സ്വാഭാവിക പ്രക്രിയയായി തോന്നാത്തതിന് പിന്നിൽ രാധാകൃഷ്ണൻ പേറുന്ന ഉടലിന്റെയും ദിവ്യ പേറുന്ന ഉടലിന്റെയും മഹിമ തമ്മിൽ സമൂഹം കല്പിച്ച അന്തരം ആണ്. മതത്തിന്റെ പേരിൽ 'മദം' ഇളകുന്നവർക്കാണ് ഈ ആശ്ലേഷത്തിൽ പ്രശ്നം. 

രാധാകൃഷ്ണന്റെ തൊട്ടുകൂടായ്മ വിവാദത്തിന് അയ്യർ വംശജയായ കളക്ടറുടെ നല്ല മറുപടി തന്നെയാണ് ഈ ആശ്ലേഷണം എന്ന് വേണം പറയാൻ. തികച്ചും ആ നിമിഷം നിർദോഷകരമായ സ്നേഹപരമായ പല ഘട്ടങ്ങളിൽ ഒത്തൊരുമിച്ചു പ്രവർത്തിച്ചിട്ടുള്ള മന്ത്രി - കളക്ടർ ബന്ധത്തിലുപരി രാധാകൃഷ്ണൻ എന്ന വ്യക്തിയോടുള്ള ആദര്യം, ബഹുമാനം, അദ്ദേഹം അവർക്കു നല്കി പോന്ന സ്നേഹവായ്പ്  ഇതെല്ലാമാണു  കാണുന്നത്. കോൺഗ്രസുകാരനായ ശബരീനാഥിന്റെ കളക്ടറായ ഭാര്യ സിപിഎം. മന്ത്രിയായ  കെ രാധാകൃഷ്ണനെ ആശ്ലേഷിച്ചത് അദ്ദേഹത്തിന്റെ അവരോടുള്ള സമീപനത്തിന്റെ യും സഹവർത്തിത്വത്തിന്റെയും പ്രതിഫലനം മാത്രമായെ കാണേണ്ടതുള്ളു. ഇതിൽ ന്യായീകരണവും ആരോപണ വും പ്രത്യാരോപണവും വെറും അനാവശ്യ ചർച്ചകൾ ആണ്. 

പച്ചയായ മനുഷ്യനോട് കളക്ടർ പ്രകടിപ്പിച്ചത് സ്നേഹത്തിന്റെ ഭാഷയിലൂടെയുള്ള ആദരവ് ആണ്. കളങ്കമില്ലാത്ത മന്ത്രിക്ക്, കൊടുക്കുവാൻ പറ്റിയ ഏറ്റവും വലിയ ആദരവ്. കുത്തനെയുള്ള മലകൾ കയറി ആദിവാസി ഊരുകളിൽ പോയി കുഞ്ഞുങ്ങളെ എടുത്തു താലോലിച്ച മന്ത്രിയും കളക്ടറും പണ്ടും തരംഗം ആയിട്ടുണ്ട്. ശരിക്കും ഇതിൽ കലക്ടറെ അഭിനന്ദിക്കുക തന്നെയാണ് വേണ്ടത്. ഒരു സഹോദരനും സഹോദരിയും ആശ്ലേഷിക്കുന്നത് സർവ സാധാരണമാണ്. അതിനെ ചർച്ചയാക്കുന്നത് മനസ്സിൽ പുണ്ണ് നിറഞ്ഞവർ എന്ന യാഥാർത്ഥ്യം മറക്കാതിരിക്കുക. 'ഞാൻ സുന്ദരനല്ല, എന്റെ ജാതി സുന്ദരമല്ല, എനിക്കാരുമില്ല', എന്നൊക്കെയുള്ള തോന്നൽപലരിലും ഉണ്ടാകാറുണ്ട്. ചിലപ്പോൾ ഇങ്ങനെയുള്ള ചിന്തകൾ ആത്മഹത്യയിൽ വരെ കൊണ്ടെത്തിക്കാറുണ്ട്. അതിനൊക്കെയുള്ള മറുപടിയാണ് നിഷ്ക്കളങ്കമായ ആലിംഗനം. 

ഇതിനെ മനുഷ്യ സ്നേഹത്തോട് കണ്ടാൽ ഒരു കുഴപ്പവും ഇല്ല. അല്ലാതെ ചിലർ രാഷ്ട്രീയമായി കാണുന്നത് കൊണ്ടാ ഓരോന്നും തോന്നുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ചില ദുഷ്ട ലാക്കുള്ളവർക്കാണ് ഇത് ആഘോഷം. അവരുടെ ദുഷിച്ച മനസ്സ് ഇത് ഉത്സവമാക്കുന്നു. അവരുടെ ചിന്തയിൽ രണ്ട് ജാതികൾ ആണ്. ഉയർന്ന ജാതിയും താഴ്ന്ന ജാതിയും . അങ്ങനെയുള്ളവർ  സാധാരണ ഇങ്ങനെ ആലിംഗനം ചെയ്യാൻ പാടില്ല എന്ന് അവർ ആത്മാർത്ഥമായി വിശ്വസിക്കുന്നു, പക്ഷെ അത് നടന്നിരിക്കുന്നു. അതാണ് ഇവിടുത്തെ കുഴപ്പവും. 

സി.പി.എമ്മിൽ ഇപ്പോൾ ഉള്ള നേതാക്കളിൽ മനുഷ്യന്മാരോട് പെരുമാറാൻ അറിയുന്ന ഒരു നേതാവ് ആയിട്ടാണ് കെ രാധാകൃഷ്ണനെ പൊതുസമൂഹം കരുതുന്നത്. അദ്ദേഹം പട്ടികവിഭാഗത്തിൽപ്പെട്ട ആളാണെങ്കിലും എല്ലാ വിഭാഗത്തിനും സ്വീകാര്യനുമാണ്. ഭാവിയിൽ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായിട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരും കേരളത്തിൽ ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഏറെപ്പേരുണ്ട്. അങ്ങനെയുള്ള കെ രാധാകൃഷ്ണനെ മകളുടെ പ്രായമുള്ള കലക്ടർ ആശേഷിച്ചത് അവരുടെ മഹത്വം വർദ്ധിപ്പിക്കുകയെയുള്ളു. ആ ആശ്ലേഷത്തിലെ വ്യക്തികളുടെ നിഷ്കളങ്കത അഭിനന്ദനീയം, ആവേശകരം, അനുകരണീയം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia