Criticism | പൂരം കലക്കാന്‍ രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ ആസൂത്രിത നീക്കം നടത്തിയതായി എഡിജിപിയുടെ റിപ്പോര്‍ട്ട്; വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മേധാവി 

 
Political Motives Behind Pooram Disruption: ADGP Report
Political Motives Behind Pooram Disruption: ADGP Report

Photo Credit: Website Kerala Police

● സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് തുടരന്വേഷണത്തിന് നീക്കം നടക്കുന്നത്
● എംആര്‍ അജിത് കുമാറിന് പകരം മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചേക്കും

തിരുവനന്തപുരം: (KVARTHA)  പൂരം കലക്കാന്‍ രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ ആസൂത്രിത നീക്കം നടത്തിയതായുള്ള എഡിജിപിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ് സാഹിബ്.  വിവാദത്തെക്കുറിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് പൊലീസ് മേധാവിയുടെ നടപടി. 

തുടര്‍നടപടി നിര്‍ദേശിച്ച് പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. കേസെടുത്ത് അന്വേഷിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. പൂരം നിര്‍ത്തുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ആസൂത്രിതമാണെന്ന കുറ്റപ്പെടുത്തലുമുണ്ട്. ഇതു പരിഗണിച്ചാണ് പൂരം കലക്കലില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, അന്വേഷണത്തില്‍ കാലതാമസം വരുത്തിയതില്‍ പൊലീസ് മേധാവി അതൃപ്തി പ്രകടിപ്പിച്ചതായുള്ള സൂചനയുണ്ട്.

പൂരം കലക്കിയതില്‍ ദേവസ്വങ്ങളെ കുറ്റപ്പെടുത്തിയാണ് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പൂരം മുടക്കാന്‍ ശ്രമിച്ച ചിലര്‍ പൊലീസ് നിര്‍ദേശങ്ങള്‍ അവഗണിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും രാഷ്ട്രീയ താല്‍പര്യമുള്ള ചിലര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും എഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ തെളിവായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

പൂരം കലക്കലുമായി ബന്ധപ്പെട്ട് സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് തുടരന്വേഷണത്തിന് നീക്കം നടക്കുന്നത്. പൂരം കലക്കലില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന ഉറച്ച നിലപാടിലാണ് ലോക് സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ സ്ഥാനാര്‍ഥിയായിരുന്ന വിഎസ് സുനില്‍കുമാറും സിപിഐ തൃശൂര്‍ ജില്ലാ നേതൃത്വവും. എന്നാല്‍, സംസ്ഥാന നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

പൂര ദിവസം തൃശൂരില്‍ ഉണ്ടായിട്ടും പ്രശ്നം പരിഹരിക്കാതിരുന്ന എഡിജിപി തന്നെ, വിഷയം അന്വേഷിക്കുന്നതിലുള്ള അതൃപ്തി സിപിഐ നേരത്തെ തന്നെ പ്രകടമാക്കുകയും ചെയ്തു. എംആര്‍ അജിത് കുമാറിനു പകരം മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യവും പാര്‍ട്ടി ഉന്നയിച്ചേക്കും.

അതിനിടെ, തൃശൂര്‍ പൂരത്തിന് വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി എഡിജിപി എംആര്‍ അജിത് കുമാര്‍ ഇടപെട്ട് മാറ്റങ്ങള്‍ വരുത്തിയതായുള്ള സംസാരം പൊലീസിനുള്ളില്‍ തന്നെ ഉണ്ടെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.

#Pooram #KeralaPolitics #ADGPreport #ThrissurPooram #FestivalControversy #KeralaPolice
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia