Allegation | എഡിഎമ്മിൻ്റെ ജീവനൊടുക്കൽ: കണ്ണൂരിൽ ഭരണചക്രം സ്തംഭിക്കുന്നു
● ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ രാജിവെച്ചു.
● കലക്ടറും വിവാദങ്ങളിൽ അകപ്പെട്ട് സജീവമാകാതെ മാറി നിൽക്കുകയാണ്
● നവീൻ ബാബുവിന്റെ കുടുംബം കേസിൽ ഇടപെടാൻ തീരുമാനിച്ചിരിക്കുകയാണ്
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) ജില്ലയെ മാത്രമല്ല കേരള ത്തെയാകെ ഞെട്ടിച്ച മുൻ എ.ഡി.എം കെ.നവീൻ ബാബുവിൻ്റെ മരണം ഭരണതലത്തിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചതും ജീവനക്കാരുടെ പ്രതിഷേധം നിലനിൽക്കുന്നതിനാൽ കലക്ടർ ഭരണനിർവഹണത്തിൽ സജീവമല്ലാത്തതും ഉദ്യോഗസ്ഥ തലത്തിൽ മാത്രമല്ല പൊതുജനങ്ങളിലും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന് പുതിയ പ്രസിഡൻ്റിനെ ഭരണകക്ഷി പാർട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിലും അധികാരമേറ്റെടുക്കാൻ ഇനിയും ആഴ്ചകൾ വേണ്ടി വരും.
ഇവർക്ക് സത്യപ്രതിജ്ഞ ചെയ്തു കൊടുക്കേണ്ട കലക്ടറും വിവാദങ്ങളിൽ അകപ്പെട്ട് സജീവമാകാതെ മാറി നിൽക്കുകയാണ്. കണ്ണൂരിൽ സർക്കാരിൻ്റെ പ്രതിനിധിയായി ഒരു മന്ത്രിയുണ്ടെങ്കിലും ഇത്രയും വിവാദങ്ങളുണ്ടായിട്ടും ഇതുവരെ ഇടപെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. സർക്കാർ പരിപാടികൾ പോലും വഴിപാടായി നടക്കുന്ന സാഹചര്യത്തിൽ കണ്ണൂരിലെ ഭരണതലത്തിൽ അഴിച്ചു പണിയുണ്ടായെങ്കിൽ മാത്രമേ ജനകീയ ആവശ്യങ്ങൾ നിറവേറ്റപ്പെടുകയുള്ളു. ദിവസങ്ങൾ മാത്രം എൻ.ഒ.സി നൽകാതെ പിടിച്ചു വെച്ച പെട്രോൾ പമ്പ് തുടങ്ങുന്ന ഒരു ഫയലിൻ്റെ പേരിലാണ് എ.ഡി.എമ്മിനെപ്പോലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെട്ടതെങ്കിൽ ഭരണചക്രം സ്തംഭിച്ചതിനാൽ അതിൽ കുടുങ്ങിക്കിടക്കുന്നത് സാധാരണ മനുഷ്യരുടെ ആവശ്യങ്ങളും ആവലാതികളുമാണെന്ന് സർക്കാർ ഓർക്കണം.
മുൻ എഡിമ്മിന്റെ ആത്മഹത്യയിൽ ആരോപണ വിധേയയായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ കക്ഷിചേരാൻ നവീൻ ബാബുവിന്റെ കുടുംബം തീരുമാനിച്ചിരിക്കെ നീതി തേടിയുള്ള പോരാട്ടത്തിന് രാഷ്ട്രീയ ധാർഷ്ട്യത്തിന് ഇരയായ ആ കുടുംബം രംഗത്തു വരുമ്പോൾ കേരളിയ സമൂഹം അവർക്കൊപ്പം ധാർമ്മിക പിൻതുണയോടെ നിൽക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ദിവ്യയ് ക്കൊപ്പമല്ല നവീൻ ബാബുവിൻ്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് കേരളത്തിൻ്റെ മന:സാക്ഷി നിലയുറപ്പിച്ചിരിക്കുന്നത്.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പി പി ദിവ്യ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിട്ടുള്ത് കഴിഞ്ഞ14-ന് രാവിലെയാണ് യാത്രയയപ്പിനെ പറ്റി അറിയുന്നതെന്നും കലക്ടർ ക്ഷണിച്ചത് പ്രകാരമാണ് യോഗത്തിൽ എത്തിയതെന്നും ഹർജിയിൽ ദിവ്യ പറയുന്നു. പ്രസംഗം സദുദ്ദേശത്തോടെയായിരുന്നുവെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവിച്ച കാര്യങ്ങളിൽ താൻ നിരപരാധിയാണെന്ന് സ്ഥാപിക്കാൻ മുൻ എഡിഎംനവീൻ ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങൾ മുൻകൂർ ജാമ്യഹർജിയിൽ ദിവ്യ ഉന്നയിക്കുന്നുണ്ട്. ഫയലുകൾ വെച്ചു താമസിപ്പിക്കുന്നുവെന്ന പരാതി നേരത്തെയും നവീനെതിരെയുണ്ട്. പ്രശാന്തൻ മാത്രമല്ല, ഗംഗാധരൻ എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നു.
ഫയൽ നീക്കം വേഗത്തിൽ വേണമെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് താൻചെയ്തത്. അന്വേഷണത്തിൽ നിന്ന് താൻ ഒളിച്ചോടില്ലെന്നും ദിവ്യ പറഞ്ഞു. മുൻകൂർ ജാമ്യം അനുവദിക്കണം. ഗുരുതരാവസ്ഥയിലുള്ള അച്ഛൻ അടക്കം വീട്ടിലുണ്ടെന്നും ഇത്തരം സാഹചര്യങ്ങൾ പരിശോധിക്കണമെന്നും ജാമ്യാപേക്ഷയിൽ ആവശ്യപ്പെടുന്നു. എന്നാൽ വീണ്ടുവിചാരമില്ലാത്ത വാക്കുകളും പ്രവൃത്തിയും ഒരു കുടുംബത്തെ തന്നെയാണ് ഇല്ലാതാക്കിയതെന്ന കുറ്റബോധം നിഴലിക്കാതെയാണ് പി.പി ദിവ്യ തൻ്റെ നിയമപോരാട്ടം തുടങ്ങിയിട്ടുള്ളത്. ജീവനൊടുക്കിയ നവീൻ ബാബുവിൻ്റെ കുടുംബം ഇവർ നൽകിയ മുൻകൂർ ജാമ്യ ഹരജി തള്ളുന്നതിനായി കക്ഷി ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
കണ്ണൂരിലെ പാർട്ടിയുടെ പിൻതുണ ജില്ലാ കമ്മിറ്റിയംഗമെന്ന നിലയിൽ ദിവ്യയ് ക്കൊപ്പമുണ്ടെങ്കിലും പത്തനംതിട്ട ജില്ലാ നേതൃത്വം മുഴുവനായും നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണ്. മലയാലപ്പുഴയിലെ അടിയുറച്ച പാർട്ടി കുടുംബമാണ് കെ. നവീൻ ബാബുവിൻ്റെത്. ദിവ്യയ്ക്കായി കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയത് പ്രമാദമായ പല കേസുകളും വാദിച്ച സി.പി.എമ്മിൻ്റെ പ്രമുഖ അഭിഭാഷകനായ കെ.വിശ്വനാണ്. അതുകൊണ്ടുതന്നെ പാർട്ടിയുടെ പിൻതുണ പി.പി ദിവ്യയ്ക്കുണ്ടെന്നത് വ്യക്തമാണെന്നാണ് ആക്ഷേപം.
'ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ, ആ നിമിഷത്തെക്കുറിച്ചോർത്ത് നമ്മളെല്ലാവരും ജോലി ചെയ്യണമെന്നു മാത്രാണ് ഞാൻ നിങ്ങളോട് പറയുന്നത്', ക്ഷണിക്കപ്പെടാത്ത അതിഥിയായി കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ യാത്ര അയപ്പ് യോഗത്തിനെത്തി അദ്ദേഹത്തെ അധിക്ഷേപിച്ച് സംസാരിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ പ്രസംഗത്തിലെ ഒരു വരി തന്നെ ഇപ്പോൾ അറം പറ്റിയിരിക്കുകയാണ്. ഈഅധിക്ഷേപ പ്രസംഗം നവീൻ ബാബുവിന്റെ ജീവനെടുക്കുക മാത്രമല്ല പിപി ദിവ്യയുടെ രാഷ്ട്രീയ ഭാവി കൂടിയാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്.
പിപി ദിവ്യയെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയതായി കാണിച്ചുകൊണ്ട് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവന ഇറക്കിയതോടെ കുതിച്ചുയർന്നിരുന്ന ദിവ്യയുടെ പൊളിറ്റിക്കൽ ഗ്രാഫിനാണ് താത്കാലികമായെങ്കിലും വിരാമമായിരിക്കുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയ്ക്കെതിരെ പൊലീസ് പ്രേരണാ കുറ്റം ചുമത്തിയതോടെ ഇവരെ പാർട്ടിയും കൈവിടുകയായിരുന്നു.
കല്യാശേരി ഡിവിഷനിൽ നിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറി വന്നാണ് പിപി ദിവ്യ എന്ന 36 വയസുകാരിയായ യുവ രാഷ്ട്രീയ നേതാവ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഒൻപതാമത് പ്രസിഡന്‍റായി സ്ഥാനമേറ്റെടുക്കുന്നത്.
അതിന് തൊട്ടുമുമ്പുള്ള ഭരണസമിതിയിൽ വൈസ് പ്രസിഡന്റിൻ്റെ കസേരയിലും ഇരുന്നിട്ടുണ്ട് ദിവ്യ. കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ജില്ലാ പഞ്ചായത്താക്കി കണ്ണൂരിനെ മാറ്റുമെന്ന ലക്ഷ്യത്തോടെയാണ് ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി അധികാരമേൽക്കുന്നത്. മികച്ച പ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങൾ പഞ്ചായത്തിന് നേടിയെടുക്കാനായെങ്കിലും വിവാദ പ്രസംഗത്തിൽപ്പെട്ട് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് ദിവ്യക്ക് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ്. എസ്എഫ്ഐയിലൂടെയാണ് പിപി ദിവ്യ ഇടതു രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതും ഉയർന്നു വരുന്നതും. കണ്ണൂർ സർവകലാശാല യൂണിയന്റെ വൈസ് ചെയർപേഴ്സണായതോടെ രാഷ്ട്രീയ രംഗത്ത് ദിവ്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയുടെ ഭാരവാഹിത്വത്തിലേക്ക് വളരെ വേഗത്തിലായിരുന്നു ദിവ്യയുടെ ഉയർച്ച. അവിടെ നിന്നും പാർട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വരെയെത്തിയ ദിവ്യയുടെ രാഷ്ട്രീയ ജീവിതം. ഇത്തവണത്തെ ലോക്സഭാ സ്ഥാനാർത്ഥി പട്ടികയിലേക്ക് പിപി ദിവ്യയുടെ പേര് പരിഗണിച്ചിരുന്നു. മാത്രമല്ല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ദിവ്യയുടെ പേരുണ്ടാകുമെന്നും എറെക്കുറെ ഉറപ്പായിരുന്നു. എംഎൽ എയിലേക്കോ ഒരു പക്ഷേ മന്ത്രി തലത്തിലോ വരെ ഉയരേണ്ടിയിരുന്ന രാഷ്ട്രീയ ഭാവിയാണ് ഒരൊറ്റ വിവാദ പ്രസംഗം കൊണ്ട് ഇല്ലാതായിരിക്കുന്നത്.
#KannurPolitics #ADMDeath #PPDivya #KeralaNews #JusticeForNaveenBabu