Criticism | നവീന്‍ ബാബുവിന്റെ മരണം: കണ്ണില്‍ പൊടിയിടാനോ എസ്ഐടി?


● അന്വേഷണ സംഘം രൂപീകരിച്ചത് വൈകിയെന്ന് ആരോപണം.
● പ്രതിയെ രക്ഷിക്കാനുള്ള ശ്രമമെന്നും ആക്ഷേപം.
● അന്വേഷണത്തിൽ നിരവധി അപാകതകൾ ചൂണ്ടിക്കാട്ടുന്നു.
അർണവ് അനിത
(KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും കടുത്ത അനാസ്ഥ തുടരുന്നു. സംഭവം പരമാവധി തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ നോക്കിയിട്ടും നടക്കില്ലെന്ന് മനസിലായപ്പോള്‍ അന്വേഷണം ചുരുട്ടിക്കെട്ടി മടക്കാനായി എസ്‌ഐടി രൂപീകരിച്ചിരിക്കുകയാണ്, അതും പതിനൊന്നാം ദിവസം എന്നാണ് ആക്ഷേപം. ഈ വിഷയത്തില്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ തുടക്കം തന്നെ എസ്‌ഐടി രൂപീകരിക്കുകയും കുറ്റാരോപിതയായ പിപി ദിവ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തേനെ. അതുണ്ടായില്ല, ദിവ്യയുടെ വീടിന് മുന്നില്‍ കാവല്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു ചെയ്തത്.
ഒരു കുറ്റാരോപിതയെ സംഘടിതമായി സംരക്ഷിക്കുന്നത് എങ്ങനെയാണെന്നതിന് ക്ലാസിക് ഉദാഹരണമാണത്. പ്രശാന്തന്‍ എഡിഎമ്മിന് പണം നല്‍കിയിട്ടുണ്ടോ, ഗംഗാധരന്‍ എഡിഎമ്മിനെതിരെ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിക്കാനാണ് എസ്‌ഐടി രൂപീകരിച്ചതെന്നാണ് ലഭ്യമായ വിവരം. ഉപതെരഞ്ഞെടുപ്പ് നടക്കുന്നില്ലായിരുന്നെങ്കില്‍ എസ്‌ഐടി പോലും രൂപീകരിക്കില്ലായിരുന്നെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളില്‍ നവീന്‍ബാബുവിന്റെ മരണം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് കൂടി മുന്നില്‍ കണ്ടാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യാജ ഒപ്പിട്ടതാര്? പ്രശാന്തന്റെ ബിനാമി ആര് തുടങ്ങിയ കാര്യങ്ങളിലൊന്നും എസ്‌ഐടി അന്വേഷണം നടത്തുമെന്ന് തോന്നുന്നില്ല. എകെജി സെന്ററിലുള്ള ആരോ ആണ് ഒപ്പിട്ടതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കൈക്കൂലി കൊടുത്തതിന് തന്റെ പക്കല്‍ ഓഡിയോ, വീഡിയോ തെളിവുകള്‍ ഉണ്ടെന്നാണ് പ്രശാന്തന്‍ ആദ്യം പറഞ്ഞത്. അതെല്ലാം കളവായിരുന്നെന്ന് ബോധ്യമായി. മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ ആര്‍ക്കാണ് പരാതി അയച്ച് കൊടുത്തതെന്ന് പ്രശാന്തന്‍ പറയുകയോ, അതിനെ കുറിച്ച് അന്വേഷണം നടത്തുകയോ ചെയ്യുന്നില്ല. അതുകൊണ്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും പ്രഹസനം മാത്രമാണ്.
പിപി ദിവ്യയെയും പ്രശാന്തനെയും രക്ഷിക്കാനാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ പാര്‍ട്ടി തലത്തില്‍ കൂടി ദിവ്യയ്‌ക്കെതിരെ നടപടിയെടുക്കും. മാസങ്ങള്‍ക്ക് ശേഷം അതും സെറ്റാക്കി ദിവ്യ പൂര്‍വാധികം ശക്തിയോടെ മടങ്ങിവരും. അതാണ് സംഭവിക്കാന്‍ പോകുന്നത്. കണ്ണൂര്‍ ജില്ലയിലെ അടക്കം പെട്രോള്‍ പമ്പുകളിലെ ബിനാമി ഇടപാട് അറിയുന്നതിനായി അനുമതി സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞ് പോയതല്ലാതെ ഒരു ചുക്കും ഇതുവരെ സംഭവിച്ചിട്ടില്ല.
പരിയാരം മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരനായ പ്രശാന്തനെതിരെ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇയാള്‍ ജോലിക്ക് ഹാജരാകാതിരുന്നിട്ട് ഒരാഴ്ചയിലധികമായി, ആ നിലയ്ക്ക് സ്ഥാപനം അച്ചടക്കനടപടി എടുക്കേണ്ടതല്ലേ അതുമുണ്ടായിട്ടില്ല. അതുകൊണ്ട് വളരെ കൃത്യമായി ഈ കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കവും നടത്തുന്നു എന്ന് ഉറപ്പാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം വക്കീലായിരുന്ന വിശ്വനാഥന്‍ പിപി ദിവ്യയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് തന്നെ അതുകൊണ്ടാണ്.
കൈക്കൂലി ആരോപണം സംബന്ധിച്ച് ലാന്‍ഡ് റവന്യൂ അഡീഷണല്‍ കമ്മിഷ്ണര്‍ നടത്തിയ അന്വേഷണത്തില്‍ എഡിഎം കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അത് മാത്രമാണ് നിലവില്‍ നീതിയുക്തമായി നടന്ന അന്വേഷണം. കോടതിയില്‍ ഒരു പക്ഷെ, ഇത് വലിയ തെളിവാകാം. സിപിഐ ശക്തമായ നിലപാട് സ്വീകരിച്ചത് കൊണ്ടാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തിയത്. അതുമായി സഹകരിക്കാന്‍ പിപി ദിവ്യ തയ്യാറായില്ല. അത് തന്നെ മുന്നണിമര്യാദയ്ക്ക് നിരക്കാത്ത കാര്യമാണ്. ദിവ്യയുടെ നടപടി മുന്നണിക്ക് വലിയ നാണക്കേടായെന്ന വിലയിരുത്തലാണ് സിപിഐക്കുള്ളത്.
നവീന്‍ബാബു മരിച്ചതിന് പിന്നാലെയാണ് പ്രശാന്തന്‍ പരാതി തയ്യാറാക്കിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. അങ്ങനെ പരാതി നല്‍കണമെങ്കില്‍ പ്രശാന്തന്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ല. അതിന് പിന്നില്‍ സിപിഎമ്മിലെ ഉന്നതരില്‍ ചിലരുടെയെങ്കിലും അറിവുണ്ടാകുമെന്നാണ് ആരോപണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരാത്ത കാര്യത്തെ കുറിച്ചാണ് പിപി ദിവ്യ എഡിഎമ്മിനോട് സംസാരിച്ചത്. ഇക്കാര്യവും അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിലൊന്നും അന്വേഷണം നടക്കാനുള്ള സാധ്യതയില്ല.
29ന് ദിവ്യയ്ക്ക് ജാമ്യം കിട്ടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അതിന് ശേഷമായിരിക്കും അന്വേഷണ സംഘം അവരെ അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുക. എത്ര നാണംകെട്ട രീതിയിലാണ് പിണറായി വിജയന്റെ പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കൂവെന്നാണ് വിമർശനം. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊലീസിന്റെ ഷീല്‍ഡ് പാടിച്ചുവാങ്ങി തകര്‍ത്തെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീടുവളഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നവകേരള സദസിന്റെ ബസിന് നേരെ ഷൂസ് എറിഞ്ഞ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് പിണറായിയുടെ പൊലീസ് കേസെടുത്തത്. അവസാനം ഹൈക്കോടതി അതെടുത്ത് തോട്ടിലെറിയുകയായിരുന്നു. പൊലീസിനെ തങ്ങള്‍ക്ക് അനുകൂലമായ ഉപകരണമാക്കി സിപിഎം എങ്ങനെ മാറ്റുന്നു എന്നതിന് ഇതൊക്കെ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
#NaveenBabu #SITInvestigation #KeralaPolitics #CPI #OppositionCriticism #Justice