Controversy | പൊലീസില്‍ ആര്‍എസ്എസ് ഗ്യാംങില്ലേ, ദേശാഭിമാനി ലേഖകനെ ജീപ്പില്‍ കയറ്റി മര്‍ദിച്ച് ആശുപത്രിയിലാക്കിയത് എന്തിന്?


● അക്രമം നടന്നത് കണ്ണൂരിൽ
● കോളജ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു
● സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അർണവ് അനിത
(KVARTHA) പൊലീസില്‍ ആര്‍എസ്എസ് ഗ്യാംങ് ഉണ്ടെന്ന് ആദ്യം ആരോപിച്ചത് സിപിഐ ദേശീയ നേതാവ് ആനിരാജയാണ്. അന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനും അതിനെ പരിഹസിച്ച് തള്ളി. ക്രമസമാധാന ചുമതലയുള്ള എഡിജിപി അടക്കമുള്ള ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന കാര്യം പൊലീസ് സേനയിലെ പരസ്യമായ രഹസ്യമാണ്. സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇക്കാര്യം വ്യക്തമായി അറിയാം. എന്നിട്ടും കര്‍ശന നടപടിയെടുക്കാന്‍ രണ്ട് കൂട്ടരും അധികാരത്തിലിരിക്കുമ്പോള്‍ യാതൊരു ശ്രമവും നടന്നിട്ടില്ല.
വോട്ട് കച്ചവടം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഇതിന് പിന്നിലെന്ന് ഏവര്‍ക്കും അറിയാം. സിപിഎമ്മുമായി രഹസ്യമായ വോട്ട് മറിക്കല്‍ ഇല്ലെങ്കിലും കോണ്‍ഗ്രസിനെയോ, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനോ ആര്‍എസ്എസ് സിപിഎമ്മിനെ സഹായിക്കാറുണ്ട്. നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം ഇടത് സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന പല കേസുകളും ചവിട്ടിപ്പിടിക്കുന്നുണ്ട്. അതുകൊണ്ട് പൊലീസിലെ ഉന്നതര്‍ ആര്‍എസ്എസ് നേതാക്കളുമായി ആശയവിനിമയം നടത്തുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കും.
അങ്ങനെ പൊലീസിലെ പലരെയും കണ്ണടച്ച് വിട്ടത് കൊണ്ടാണ് അവരിന്ന് പാര്‍ട്ടി നേതാക്കളെയും ദേശാഭിമാനി ലേഖകരെയും വേട്ടയാടുന്നത്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസുകാര്‍ ആണെന്ന് അറിയാമായിരുന്നിട്ടും സിപിഎം നേതാക്കളായ കാരായി രാജനെയും ഐ.പി ബിനുവിനെയും പൊലീസ് കുടുക്കാന്‍ നോക്കിയിരുന്നുവെന്നും ആരോപണമുണ്ട്. ഇതിനൊക്കെ പിന്നാലെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ദേശാഭിമാനി ലേഖകനെ പൊലീസുകാര്‍ മര്‍ദ്ദിച്ചത്. പാർട്ടി പത്രത്തില്‍ നിന്നാണെന്നും ഐഡി കാര്‍ഡ് കാണിച്ചിട്ടും പൊലീസ് പൊതിരെ തല്ലിയെന്നാണ് ആരോപണം. മട്ടന്നൂര്‍ ഏര്യ ലേഖകന്‍ ശരത് പുതുക്കുടിയെയാണ് പൊതിരെ തല്ലിയത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കിട്ടത്.
ശനിയാഴ്ച പോളിടെക്‌നിക് കോളജ് തെരഞ്ഞെടുപ്പായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ ഏരിയാ ലേഖകനെന്ന നിലയില്‍ മട്ടന്നൂര്‍ പോളിടെക്‌നിക് കോളേജിന് മുന്നില്‍ എസ്എഫ്‌ഐ ആഹ്ലാദപ്രകടനം റിപ്പോര്‍ട്ട് ചെയ്യാനായി 3.45ടെയാണ് ലേഖകന്‍ എത്തിയത്. 4.45 കഴിഞ്ഞതോടെ എസ്എഫ്‌ഐ ജയിച്ചതായി ഫലപ്രഖ്യാപനം വരുന്നു. തുടര്‍ന്ന് വിജയികളെ ആനയിച്ച് എസ്എഫ്‌ഐയുടെ പ്രകടനം. പ്രകടനത്തിനിടയില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുടലെടുത്തു. ഇതെല്ലാം ദൂരെനിന്ന് ലേഖകനും കാണുന്നുണ്ടായിരുന്നു. അതിനിടെ പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തീവീശി.
പ്രകോപനം സൃഷ്ടിക്കാന്‍ കൂടിനിന്ന പത്തോ പതിനഞ്ചോ കെഎസ്യു-എബിവിപി പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റിയാല്‍ തീര്‍ന്നേക്കാവുന്ന ഒരു പ്രശ്‌നം പൊലീസ് ലാത്തിച്ചാര്‍ജ് വരെ കൊണ്ടെത്തിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. ശേഷം ഇടിവണ്ടിയില്‍ കയറ്റി ബൂട്ടും ലാത്തിയും ഉപയോഗിച്ച് വീണ്ടും പൊതിരെ തല്ലുന്നു. പഴയചോറ്റുപട്ടാളത്തെപോല. പൊലീസ് ഇടിവണ്ടിയുടെ അടുത്തേക്ക് നീങ്ങിയ ലേഖകന്‍, അടച്ചിട്ട ഇടിവണ്ടിയില്‍ എത്തിവലിഞ്ഞ് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്ന ചിത്രമെടുക്കാന്‍ ശ്രമിച്ചു. തല്ലാന്‍ നേതൃത്വം കൊടുത്ത എഎസ്‌ഐ ഇടിവണ്ടിയില്‍ നിന്ന് ഇറങ്ങിവന്നു. കെ ഷാജി എന്നാണ് പേര്. ആ പേര് ലേഖകന്‍ കുറിച്ചുവച്ചു. ഇതയാളും കണ്ടു.
ലാത്തിച്ചാര്‍ജിനിടെ ആരുടെയോ നഖംകൊണ്ട് അയാളുടെ നെറ്റിയില്‍ ചെറുതായി ചോരപൊടിഞ്ഞിട്ടുണ്ട്. കുറച്ചുനിമിഷങ്ങള്‍ക്ക് ശേഷം ഷാജി എന്ന എഎസ്‌ഐ കുറച്ച് പൊലീസുകാരെയും കൂട്ടി ലേകഖന്റെ അടുക്കല്‍ വന്നു. ആരുടെയോ നഖംകൊണ്ട് ചോരപൊടിഞ്ഞ അയാളുടെ നെറ്റി കാട്ടി ഇവനെന്റെ തലയടിച്ച് പൊട്ടിച്ചുവെന്ന് ഒപ്പമുള്ള പൊലീസുകാരോട് പറഞ്ഞു. അവര്‍ ലേഖകന്റെ നേര്‍ക്ക് പാഞ്ഞടുത്തു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ദേശാഭിമാനി ലേഖകനാണെന്ന് പലതവണ അവരോട് പറഞ്ഞുനോക്കി. തിരിച്ചറിയല്‍ കാര്‍ഡ് അവര്‍ക്ക് നേരെ നീട്ടി. വീണ്ടും വീണ്ടും പറഞ്ഞുനോക്കി. നീ ദേശാഭിമാനീല്‍ ആയാല്‍ ഞങ്ങക്കെന്താടാ എന്നായീ പിന്നീടുള്ള ചോദ്യം.
പരിധിവിട്ടപ്പോള്‍ ലേഖകനും എന്തൊക്കെയോ തിരിച്ചുപറഞ്ഞു. കോണ്‍സ്റ്റബിള്‍മാരായ സന്ദീപ്, ജിനീഷ്, അശ്വിന്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പൂട്ടിട്ട് ഭീകരവാദിയെ പോലെ ലേഖകനെ നടുറോഡിലൂടെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെ നിന്നായി മര്‍ദനം. കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാര്‍ടി നേതാക്കളെയും അസഭ്യം പറയുന്നു. ഞാനിതിലും വലിയ കളികളിച്ചിട്ടാണ് ഇവിടെയെത്തിയെതെന്ന് വെല്ലുവിളിക്കുന്നു. എന്നെ സസ്‌പെന്‍ഡ് ചെയ്താല്‍ എനിക്ക് പുല്ലാണെന്ന് പറയുന്നു.
അന്‍പത്തി രണ്ട് തികഞ്ഞ ഒരു എഎസ്‌ഐയും ഇടിവണ്ടിയിലുണ്ട്. അങ്ങേരുടെ നെഞ്ചില്‍ നെയിംബോര്‍ഡില്ല. എനിക്കിനി അത്രയേ സെര്‍വീസുള്ളൂ നിങ്ങളേക്കൊണ്ട് ആവുന്നത് ചെയ്യൂ എന്ന് സൗമ്യമായി അയാളും പറയുന്നു. പൊലീസ് സ്റ്റേഷനിലെത്തുന്നതുവരെ ഇത് നീണ്ടു. സ്റ്റേഷന് മുന്നില്‍ പാര്‍ടി സഖാക്കള്‍ ഇടിവണ്ടിതടഞ്ഞു. എല്ലാവരെയും പുറത്തിറക്കി. മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ എം മട്ടന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി റെജിലിനും മര്‍ദ്ദനമേറ്റു. ഇതാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലെ അവസ്ഥ.
സിപിഐ എം ഭരണത്തിലിരിക്കുമ്പോള്‍ അതിനോടൊപ്പം ചേര്‍ന്ന് അവരുടെ ആളാണെന്ന് പക്ഷംപിടിക്കുക. അതേ പാര്‍ടി പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ വലതുപക്ഷത്തിന്റെ നാവായി സിപിഐ എമ്മിനെതിരെ നന്നാക്കല്‍ തിയറി രചിക്കുക, അതും നിലവിലെ പൊലീസ് തിയറിയാണെന്ന് സഖാക്കള്‍ പറയുന്നു. പൊലീസുമായി ബന്ധപ്പെട്ട് അവരുടെ തലയില്‍ കുറച്ച് കാലങ്ങളായി രൂപപ്പെട്ട ചില കാര്യങ്ങളുണ്ട്. അതിനെ ഇവിടെ സംഭവിക്കുന്ന എല്ലാറ്റിലേക്കും കൂട്ടിക്കെട്ടി അവരുടെ വാദങ്ങള്‍ ശരിയായിരുന്നെന്ന് സ്ഥാപിച്ച് കൊണ്ടിരിക്കലാണ്. ആ തിയറികള്‍ വായിച്ച് പാര്‍ടിയെ സ്‌നേഹിക്കുന്ന ചിലര്‍ക്കെങ്കിലും ഉള്ളുപൊള്ളുന്നുണ്ടാവും എന്നാണ് ശരത് പറയുന്നത്.
ഒരുതരം നിസഹായത രൂപപ്പെട്ടിട്ടുണ്ടാവും. അവരോടാണ്.. തളരരുത്. ഇതിലും വലിയ പ്രതിസന്ധികള്‍ നാം നേരിട്ടിട്ടുണ്ട്. ഗൗരിയമ്മയും, എം വി രാഘവനും കലഹിച്ച് പാര്‍ടി വിട്ടുപോയ കാലത്തും സിപിഐ എം കുലുങ്ങിയിട്ടില്ല. മരണശൈയയില്‍ കിടക്കുന്ന കാലത്ത് പോയവരൊക്കെ ഈ ചെങ്കൊടിത്തണലിലേക്ക് വന്നിട്ടുണ്ട്. അതാണ് ചരിത്രവും. പൊലീസിന്റെ നടപടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ എത്രത്തോളം അതൃപ്തരാണ് എന്നതിന് ശരതിന്റെ ഫേസ്ബുക്ക് പേജിലൂടെ പോയാല്‍ മനസിലാകും. പൊലീസിനെ പ്രൊഫഷണലാക്കാനുള്ള തീരുമാനം നല്ലത് തന്നെയാണ്. എന്നാല്‍ അവര്‍ക്ക് മേലൊരു രാഷ്ട്രീയ നിയന്ത്രണം വേണം. ഇല്ലെങ്കില്‍ അവര്‍ അവരുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കും. കേരളത്തില്‍ നടക്കുന്നതും അതാണ്.
#policebrutality #journalistsafety #pressfreedom #kerala #kannur #deshabhimani