Results | ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ചിത്രം വ്യക്തമായതോടെ സര്‍കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി നേതാക്കള്‍; ചന്ദ്രബാബു നായിഡുവിനെ ഫോണില്‍ ബന്ധപ്പെട്ട് അണിയറ നീക്കങ്ങള്‍ ശക്തമാക്കി മോദി
 

 
PM Narendra Modi, Amit Shah Dial Chandrababu Naidu As Trends Show TDP Gaining Huge In Lok Sabha & Assembly Elections, New Delhi, News, PM Narendra Modi, Amit Shah, Phone Call, LOk Sabha Election, National News


മുന്നണിയിലെ പാര്‍ടികളെ ചേര്‍ത്ത് നിര്‍ത്താനും, പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ശ്രമം തുടങ്ങി ബിജെപി

ഇന്‍ഡ്യാ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവുമായി ബന്ധം പുലര്‍ത്തുന്നതായുള്ള വിവരങ്ങളും പുറത്ത്
 

ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമായതോടെ സര്‍കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി നേതാക്കള്‍. ലഭ്യമായ ഫലങ്ങള്‍ അനുസരിച്ച് എന്‍ഡിഎ 295 സീറ്റിലും ഇന്‍ഡ്യ സഖ്യം 231 സീറ്റിലും ലീഡ് ചെയ്യുകയാണ്. 400 സീറ്റുകളില്‍ വിജയം നേടുമെന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. എന്നാല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആ അവകാശവാദങ്ങളെല്ലാം വിഫലമായ കാഴ്ചയാണ് കാണുന്നത്. 

 

പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, മുന്നണിയിലെ പാര്‍ടികളെ ചേര്‍ത്ത് നിര്‍ത്താനും, പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപി ശ്രമം തുടങ്ങി. എന്‍ഡിഎയ്ക്ക് കഴിഞ്ഞ തവണത്തേതുപോലെ മികച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് ഇത്തവണ സര്‍കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. നിതീഷ് കുമാര്‍ അല്പം ചാഞ്ചാട്ടം കാണിക്കുന്നുവെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. 

 

ഇതിന്റെ ഭാഗമായി ആന്ധ്രയില്‍ മികച്ച തിരിച്ചുവരവു നടത്തിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ബന്ധപ്പെട്ടു. സര്‍കാര്‍ രൂപീകരണത്തിന് ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.

മറുവശത്ത്, എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ നഷ്ടമായ ആത്മവിശ്വാസം വോടെണ്ണല്‍ ദിനത്തിലെ മികച്ച പ്രകടനത്തിലൂടെ തിരിച്ചുപിടിച്ച് സര്‍കാര്‍ രൂപീകരണത്തിനുള്ള സാധ്യത തേടി ഇന്‍ഡ്യ സഖ്യ നേതാക്കളും സജീവമായിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ തകര്‍പ്പന്‍ പ്രകടനവുമായി തിരിച്ചുവരവ് നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറില്‍ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ് കുമാര്‍ എന്നിവരുടെ പിന്തുണ തേടി ഭരണ, പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്.

ഇന്‍ഡ്യാ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവുമായി ബന്ധം പുലര്‍ത്തുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ചന്ദ്രബാബു നായിഡുവിനെ ഫോണില്‍ വിളിച്ചു. എന്‍സിപി നേതാവ് ശരദ് പവാറും സര്‍കാര്‍ രൂപീകരണത്തിന് ഇന്‍ഡ്യാ മുന്നണിക്കായി മറ്റ് കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്. അദ്ദേഹം മുന്‍ സഹയാത്രികനും ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി സമ്പര്‍ക്കത്തിലാണ്.

ഇന്‍ഡ്യാ സഖ്യം 232 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് വിവരം. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ക്ക് പുറമേ സീറ്റുകള്‍ കുറവാണെങ്കിലും വൈ എസ് ആര്‍ കോണ്‍ഗ്രസിനെക്കൂടി കൂടെക്കൂട്ടാന്‍ ഇന്‍ഡ്യ മുന്നണി ശ്രമം നടത്തുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരുടെ പിന്തുണ ഉറപ്പിക്കാനായാല്‍ ഇന്‍ഡ്യ മുന്നണിക്ക് 30ലധികം സീറ്റ് അധികം ലഭിക്കും. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിര്‍ദേശം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഉള്‍പെടെ മുന്നോട്ടു വച്ചിട്ടുണ്ട്. ഇന്‍ഡ്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനമെങ്കിലും നല്‍കി അദ്ദേഹത്തെ കൂടെക്കൂട്ടാനാണ് ശ്രമം.

ഇപ്പോഴത്തെ ലീഡ് നില വച്ച് 241 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 99 സീറ്റുകളില്‍ ലീഡുമായി മുന്നേറുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുണ്ട്. 35 സീറ്റുകളില്‍ മുന്നേറ്റം നടത്തുന്ന സമാജ്വാദി പാര്‍ടിയാണ് മൂന്നാമത്തെ വലിയ പാര്‍ടി. തൃണമൂല്‍ കോണ്‍ഗ്രസ് (31), ഡിഎംകെ (21), ടിഡിപി (16), ജെഡിയു (14), ശിവസേന  ഉദ്ധവ് താക്കറെ  (11), എന്‍സിപി  ശരദ് പവാര്‍ (6) എന്നിങ്ങനെയാണ് മറ്റു പാര്‍ടികളുടെ പ്രകടനം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia