Oath | നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തി രാജിസമര്‍പ്പിച്ചു; ശനിയാഴ്ച സത്യപ്രതിജ്ഞ
സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ രാഷ്ട്രപതി അഭ്യര്‍ഥിച്ചു
മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണെന്ന് മോദി
ന്യൂഡെല്‍ഹി: (KVARTHA) പ്രധാനമന്ത്രിയായി നരേന്ദ്രമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. ബുധനാഴ്ച രാഷ്ട്രപതി ഭവനിലെത്തിയ മോദി രാഷ്ട്രപതി ദ്രൗപതി മുര്‍വിനെ കണ്ട് രാജി സമര്‍പ്പിച്ചു. സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
മൂന്നാം തവണയും സര്‍കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞിരുന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണെന്നുമായിരുന്നു മോദിയുടെ പ്രതികരണം.
വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയാല്‍ ജവഹര്‍ലാല്‍ നെഹ് റുവിന് ശേഷം മൂന്നുതവണ പ്രധാനമന്ത്രിയാകുന്ന നേതാവാകും മോദി. എന്നാല്‍ നെഹ് റു മൂന്നുതവണയും അധികാരത്തിലെത്തിയത് തനിച്ച് ഭൂരിപക്ഷം നേടിയാണ്. എന്നാല്‍ മോദി എത്തുന്നത് സഖ്യകക്ഷികളുടെ പിന്തുണയോടെയാണെന്ന് മാത്രം.
2014-ല്‍ 282 സീറ്റുകളായിരുന്നു ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നത്. 2019-ല്‍ ഇത് 303 ആയി ഉയര്‍ന്നു. എന്നാല്‍ ഇത്തവണ 240 സീറ്റുകള്‍ നേടാന്‍ മാത്രമേ ബിജെപിക്ക് സാധിച്ചുള്ളൂ. 272 എന്ന കേവലഭൂരിപക്ഷത്തിലേക്കെത്താന്‍ 32 സീറ്റുകളുടെ കുറവ് ഉണ്ടാവുകയും ചെയ്തു. അതുകൊണ്ടുതന്നെ മൂന്നാം തവണ അധികാരത്തിലേക്കെത്താന്‍ എന്‍ഡിഎ സഖ്യ കക്ഷികളുടെ പിന്തുണ ബിജെപിക്ക് വേണ്ടിവരും.
400 സീറ്റെന്ന പ്രഖ്യാപനവുമായി തിരഞ്ഞടുപ്പിനെ നേരിട്ട ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. എക്‌സിറ്റ് പോളുകളെ മുഴുവന്‍ തള്ളിക്കൊണ്ട് ഇന്‍ഡ്യ മുന്നണി 232 സീറ്റുകള്‍ നേടി എന്‍ഡിഎ യേയും ബിജെപിയെയും ഞെട്ടിച്ചു. വിജയത്തില്‍ രാഹുല്‍ ഗാന്ധിയുടെ പങ്ക് ഒട്ടും ചെറുതല്ല. പ്രചാരണ വേദികളില്‍ അടക്കം ഭരണ കക്ഷികളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ കേട്ട നേതാവാണ് രാഹുല്‍.
2019-ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച വാരാണസി ലോക്സഭ മണ്ഡലത്തില്‍ ഇത്തവണ 1,52,513 വോടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ വിജയം. 2019-ലെ ഭൂരിപക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷത്തിലേറെ വോടുകളാണ് ഇത്തവണ മോദിക്ക് കുറഞ്ഞത്. വോടെണ്ണലിന്റെ ആദ്യമണിക്കൂറില്‍ വാരാണസിയില്‍ മോദി പിന്നിലായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയുടെ കുതിപ്പിനാണ് ആദ്യമണിക്കൂറില്‍ വാരാണസി സാക്ഷ്യം വഹിച്ചത്. ഒരു ഘട്ടില്‍ മോദി പരാജയപ്പെടുമോ എന്നുവരെ ആളുകള്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ പതിനായിരത്തിലേറെ വോടുകള്‍ക്ക് ലീഡ് നേടിയെങ്കിലും അത് നിലനിര്‍ത്താന്‍ അജയ് റായിക്കായില്ല. പിന്നാലെ നരേന്ദ്രമോദി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. ആകെ 6,12,970 വോടുകളാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്ക് 4,60,457 വോടും ലഭിച്ചു.