പി കെ ശ്രീമതിയെ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയത് സാങ്കേതിക നടപടി മാത്രം; സിപിഎം ന്യായീകരിക്കുന്നു.


● മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്ന് എം.വി. ഗോവിന്ദൻ.
● എ.കെ. ബാലൻ പ്രത്യേക ക്ഷണിതാവാണ് സംസ്ഥാന കമ്മിറ്റിയിൽ.
● കേന്ദ്ര കമ്മിറ്റിയംഗത്തിന് പങ്കെടുക്കാമെന്ന കീഴ് വഴക്കം മറികടന്നു.
● പിണറായി വിജയൻ്റെ ഇടപെടൽ ശരിയായില്ലെന്ന വിമർശനം ഉയർന്നു.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) സി.പി.എമ്മിൽ പ്രായപരിധി മാനദണ്ഡമാക്കിയുള്ള വെട്ടിനിരത്തൽ തുടരുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിലും സംസ്ഥാന സമ്മേളനത്തിലും പ്രായപരിധിയുടെ പേരിൽ ഒഴിവാക്കിയ നേതാക്കളോട് മൃദുസമീപനം സ്വീകരിക്കാതെ കേരളത്തിലെ പാർട്ടി നേതൃത്വം മുഖ്യമന്ത്രിക്ക് വഴങ്ങുന്നതിൽ അണികൾക്കും നേതാക്കൾക്കുമിടയിൽ അതൃപ്തി പുകയുന്നു.
പാർട്ടിയിലെ മുതിർന്ന നേതാവായ പി.കെ. ശ്രീമതി കേന്ദ്ര കമ്മിറ്റിയെന്ന നിലയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണെന്നിരിക്കെ, കമ്മിറ്റി യോഗത്തിൽ വെച്ച് പി.ബി. അംഗം മാത്രമായ പിണറായി വിജയൻ ‘നിങ്ങൾ ഇവിടെ ഇരിക്കേണ്ടതില്ല’ എന്ന് പറഞ്ഞത് ശരിയായില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നു.
കഴിഞ്ഞ 25-ന് നടന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അരനൂറ്റാണ്ടോളം പ്രവർത്തന പാരമ്പര്യമുള്ള പി.കെ. ശ്രീമതിക്ക് ഇത്തരമൊരു ദുരനുഭവമുണ്ടായത്. അങ്ങനെയൊരു വാർത്ത അടിസ്ഥാനരഹിതമാണെന്ന് പി.കെ. ശ്രീമതി ടീച്ചർ തന്റെ ഫേസ്ബുക്ക് പേജിൽ വിശദീകരിച്ചിട്ടുണ്ടെങ്കിലും, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമ പ്രവർത്തകരോടുള്ള തന്റെ പ്രതികരണം വഴി ഇതിനെ സാധൂകരിച്ചിരിക്കുകയാണ്.
ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന സെക്രട്ടറിയുമാണെങ്കിലും ഇതിനെ മറികടന്ന് പി.ബി. അംഗം മാത്രമായ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ പി.കെ. ശ്രീമതിയെ വിലക്കിയതാണ് വിവാദമായത്. എന്നാൽ പാർട്ടിയിൽ ഉരുണ്ടുകൂടിയ വിവാദങ്ങളെ ലാഘവത്തോടെ വീക്ഷിക്കുകയാണ് സി.പി.എം. സംസ്ഥാന നേതൃത്വം.
സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്നും പി.കെ. ശ്രീമതിയെ ഒഴിവാക്കിയത് സാങ്കേതിക നടപടി മാത്രമെന്ന വിശദീകരണവുമായി പാർട്ടി നേതൃത്വം രംഗത്തുവന്നു. കഴിഞ്ഞ 19-ന് നടന്ന പ്രഥമ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്നും പി.കെ. ശ്രീമതിയെ മുഖ്യമന്ത്രി വിലക്കിയതായി ഒരു പ്രമുഖ ദൃശ്യ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവം വിവാദമായതിനെ തുടർന്നാണ് പാർട്ടി നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നത്. സംഭവം അടിസ്ഥാനരഹിതമാണെന്ന് പി.കെ. ശ്രീമതി തന്റെ ഫേസ്ബുക്ക് പേജിലൂടെ തള്ളിക്കളഞ്ഞുവെങ്കിലും പുറത്തുവന്ന വാർത്തയെ സാധൂകരിക്കുകയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പി.കെ. ശ്രീമതിയെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
75 വയസ്സ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സെൻട്രൽ കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ല. എ.കെ. ബാലൻ പ്രത്യേക ക്ഷണിതാവാണ് സംസ്ഥാന കമ്മിറ്റിയിലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ഇതോടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗത്തിന് പങ്കെടുക്കാമെന്ന കീഴ് വഴക്കം മറികടക്കുകയാണ് സി.പി.എം. നേതൃത്വം. നേരത്തെ താൻ എ.കെ.ജി. സെൻ്ററിൽ നിന്നും കുടിയിറക്കൽ വക്കിലാണെന്ന് മുൻ മന്ത്രിയും സി.പി.എം. നേതാവുമായ എ.കെ. ബാലൻ വെളിപ്പെടുത്തിയിരുന്നു.
പി കെ ശ്രീമതിയെ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Summary: The CPM leadership has justified the exclusion of PK Sreemathy from the state secretariat, stating it was a technical procedure. 1 They clarified that she was removed due to completing 75 years of age and was included in the central committee to work at the national level. The party also denied any special interest of the Chief Minister in this decision.
#CPM, #PKSreemathy, #KeralaPolitics, #MVGovindan, #PinarayiVijayan, #AKBalan