വ്യാജ വാർത്തയിൽ കടുത്ത മാനഹാനിയുണ്ടായെന്ന് പി കെ ശ്രീമതി; മാനനഷ്ട കേസിൽ നിന്നും കടുകിട പിന്നോട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സിപിഎം നേതാവ്
ADVERTISEMENT
● മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലെന്ന് സിപിഎം നേതാവ്
● ആലക്കോട് സൈബർ പൊലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി
● സുദിനം പത്രത്തിന്റെ ഖേദപ്രകടനം തള്ളിയതായി അറിയിപ്പ്
● ബി ഗോപാലകൃഷ്ണനും പി ടി തോമസിനുമെതിരായ മുൻ അനുഭവങ്ങൾ വിശദീകരിച്ചു
● ആഭ്യന്തര വകുപ്പും ഡിജിപിയും ഉടൻ നടപടിയെടുത്തതിൽ സന്തോഷം
കണ്ണൂർ: (KVARTHA) തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ കടുത്ത മാനഹാനിയുണ്ടായിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവുമായ പി കെ ശ്രീമതി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
തേച്ചാലും മായ്ച്ചാലും തനിക്കുണ്ടായ മാനഹാനി പോകില്ല. മാനനഷ്ട കേസ് കൊടുക്കുന്നതിൽ നിന്നും കടുകിട പിന്നോട്ടില്ല. മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലിത്. തൻ്റെ മനസ് ഈ കാര്യത്തിൽ അലിയില്ലെന്നും പി കെ ശ്രീമതി പറഞ്ഞു.
മുൻപും ഉണ്ടായ വ്യാജ പ്രചാരണങ്ങൾ
തനിക്കെതിരെ വസ്തുതകളുമായി പുലബന്ധമില്ലാത്ത പ്രചാരണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ എൻ്റെ മകന് ഒരു മെഡിക്കൽ കമ്പനിയുണ്ടെന്ന് ആരോപിച്ചിരുന്നു. ഹൈകോടതിയിൽ അഭിഭാഷകരുടെയും മാധ്യമങ്ങളുടെയും മുൻപിൽ ഗോപാലകൃഷ്ണൻ തനിക്ക് തെറ്റുപറ്റി പോയെന്നും ടീച്ചറുടെ മകന് അങ്ങനെയൊരു കമ്പനിയുമില്ലെന്ന് മാപ്പു പറഞ്ഞതിനെ തുടർന്നാണ് കേസ് അവസാനിപ്പിച്ചത്.
മരിച്ചുപോയ മുൻ എംഎൽഎ പി ടി തോമസ് കോവിഡ് കാലത്ത് കുട്ടികൾ പോലും മരിച്ചു വീഴുമ്പോൾ എൻ്റെ മകൻ സുധീറിന്റെ കമ്പിനി ഓക്സിജൻ സിലിൻഡർ പൂഴ്ത്തി വയ്ക്കുകയാണെന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വസ്തുതയുമായി പുലബന്ധം പോലുമില്ലാത്ത ആരോപണമായിരുന്നു അത്.
എനിക്കോ മകൻ സുധീറിനോ അങ്ങനെയൊരു കമ്പനിയുണ്ടായിരുന്നില്ല. പയ്യന്നൂർ കോടതിയിൽ പി ടി ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതാണ്. എന്നാൽ അദ്ദേഹം ഗുരുതരമായ രോഗം ബാധിച്ചു കിടപ്പിലായതിനാൽ താൻ സ്വമേധയാ കേസ് അഭിഭാഷകനോട് പറഞ്ഞ് പിൻവലിക്കുകയായിരുന്നു.
ആഭ്യന്തര വകുപ്പ് നടപടികളും മൊഴി രേഖപ്പെടുത്തലും
തൻ്റെ പരാതിയിൽ ആഭ്യന്തര വകുപ്പ് ഉടൻ നടപടിയെടുത്തതിൽ സന്തോഷമുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഈ കാര്യത്തിൽ ഇടപെട്ടു. ഡിജിപി തന്നെ നേരിട്ടു വിളിച്ചു വിവരങ്ങൾ ചോദിച്ചു. ആലക്കോട് സൈബർ പൊലീസ് ഇന്ന് രാവിലെ എരിപുരത്തുള്ള എൻ്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പി കെ ശ്രീമതി പറഞ്ഞു.
കുന്നംകുളം മുൻ എംഎൽഎയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയെന്ന പേരിൽ സിപിഎം നേതാവ് പി കെ ശ്രീമതി കുടുംബ പെൻഷൻ വാങ്ങിയെന്ന വ്യാജ വാർത്തയിൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്. ആലക്കോട് സൈബർ പൊലീസ് സംഘം പി കെ ശ്രീമതിയുടെ എരിപുരത്തുള്ള വീട്ടിലെത്തി രാവിലെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യും. ജനം ടിവി, ഓൺലൈൻ സ്ഥാപനമായ കർമ്മ ന്യൂസ്, സായാഹ്ന പത്രമായ സുദിനം തുടങ്ങിയ സ്ഥാപനങ്ങളെയും വാർത്ത നൽകിയവരെയും പ്രതി ചേർക്കും.
ഖേദപ്രകടനം തള്ളി നിയമനടപടിയുമായി മുൻപോട്ട്
കുന്നംകുളം എംഎൽഎയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയുടെ പേരും പി കെ ശ്രീമതി എന്നായിരുന്നു. 2020ൽ പി കെ ശ്രീമതി മരിക്കുന്നതുവരെ പെൻഷനും വാങ്ങിയിരുന്നു. ഇതിനെയാണ് സിപിഎം നേതാവും മുൻ എംപിയുമായ പി കെ ശ്രീമതിയുടെ പേരിൽ ഏതാനും മാധ്യമങ്ങൾ വാർത്ത നൽകിയത്. സംഭവം വിവാദമായതിനെ തുടർന്നാണ് പൊലീസിൽ പി കെ ശ്രീമതി പരാതി നൽകിയത്.
കോൺഗ്രസ് എസ് സംസ്ഥാന നേതാവായ യു ബാബു ഗോപിനാഥാണ് കണ്ണൂരിലെ സുദിനം സായാഹ്ന പത്രത്തിന്റെ എഡിറ്റർ. വാർത്ത വ്യാജമാണെന്ന് തെളിഞ്ഞതോടെ സുദിനം ഇന്നലെ ഒന്നാം പേജിൽ ഖേദപ്രകടനം നടത്തിയിരുന്നു. സുദിനം പത്രത്തിന്റെ കണ്ണൂർ പ്ലാസയിലുള്ള ഓഫീസിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു. പത്രാധിപസമിതി നേരിട്ട് ഖേദപ്രകടനം നടത്തിയെങ്കിലും അതു സ്വീകരിക്കാതെ നിയമനടപടികളുമായി മുൻപോട്ടു പോകാനാണ് പി കെ ശ്രീമതിയുടെ തീരുമാനം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ രാഷ്ട്രീയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: PK Sreemathi insists on legal action over fake family pension news.
#PKSreemathi #CPIM #KeralaNews #DefamationCase #FakeNews #KeralaPolice #AmmuNews
