CPM | കണ്ണൂരിലും വിമർശന പ്രകമ്പനങ്ങൾ; ചോദ്യം ചെയ്യപ്പെടാത്ത പിണറായി യുഗത്തിന് കൊടിയിറങ്ങുന്നുവോ?

 
pinarayi vijayan


'സർക്കാരിൻ്റെ ഭരണപരാജയമാണ് വലിയൊരു വിഭാഗം വോട്ടുകൾ മറിച്ചത്. ക്ഷേമ പെൻഷൻ ഉൾപ്പെടെ മുൻഗണനാ ക്രമത്തിൽ കൊടുക്കാൻ കഴിഞ്ഞില്ല'

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) സംസ്ഥാനമാകെയെന്നതു പോലെ കണ്ണൂരിലെ പാർട്ടിയിലും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിടി അയയുന്നു. പാർട്ടിയിലും സർക്കാരിലും  ഉഗ്രപ്രതാപിയും പ്രബലനുമായ മുഖ്യമന്ത്രിക്കെതിരെ വിമർശനം കണ്ണൂരിൽ നിന്നുയരുന്നത് പാർട്ടിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. മുഖ്യമന്ത്രിയുടെ കൂടെ നിഴലുപോലെ നിന്നവർ തന്നെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തിറങ്ങിയതെന്നാണ് റിപ്പോർട്ട്. 

CPM

വി.എസ്-പിണറായി വിഭാഗീയത നടന്ന കാലയളവിൽ പിണറായിക്കൊപ്പം പാർട്ടിയിൽ ആധിപത്യം നേടാൻ അടരാടിയവർ തന്നെ പ്രതിസന്ധി ഘട്ടത്തിൽ തിരിഞ്ഞു കൊത്തുന്നത് തൻ്റെ തട്ടകമായ കണ്ണൂർ ജില്ലയിൽ മുഖ്യമന്ത്രിക്ക് പിടി അയയുന്നതിൻ്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കണ്ണൂരിലെ പാർട്ടിയിൽ പി ജയരാജൻ മാത്രമേ പിണറായി വിഭാഗത്തിൽ നിന്നും തെറിച്ചു നിന്നിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ വിമർശിച്ചില്ലെങ്കിൽ പാർട്ടിയുണ്ടാവില്ലെന്നാണ് പലരും പറയുന്നത്. 

അത്ര മാത്രം ഏകാധിപത്യ പ്രവണതകൾ നിറഞ്ഞു നിൽക്കുകയാണ്  പാർട്ടിയിൽ അതു കൊണ്ടു തന്നെ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആധിപത്യം നിലനിർത്താൻ ഒരു ശുദ്ധികലശം അനിവാര്യമാണെന്നും ഇവർ പറയുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ തട്ടകമായ കണ്ണൂരിൽ അതിരൂക്ഷവിമർശനമുയർന്നത് വരാനിരിക്കുന്ന നാളുകളിൽ കേരളത്തിൻ്റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരിൽ പ്രകമ്പനങ്ങൾ തന്നെ സൃഷ്ടിച്ചേക്കാം.

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ കാരണങ്ങൾ വിശദീകരിക്കുന്ന സംസ്ഥാന കമ്മിറ്റി അവലോകന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയാണ് കണ്ണൂരിലെ സഖാക്കൾ വിമർശനങ്ങളുടെ മൂർച്ച കൂട്ടിയതെന്നാണ് ശ്രദ്ധേയം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് കരട് റിപ്പോർട്ട് അവതരിപ്പിച്ചത്. ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദനും അവതരിപ്പിച്ചു. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചത്. വെള്ളിയാഴ്ച മുഴുവൻ റിപ്പോർട്ട് അവതരണങ്ങൾ നടന്നു. ശനിയാഴ്ച രാവിലെ നടന്ന ചർച്ചയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് പങ്കെടുത്തത്. 

പറയാനുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞുകൊള്ളുവെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രോത്സാഹനമാണ് നേതാക്കൾ കൈ മെയ് മറന്ന് വിമർശനം അഴിച്ചുവിടാൻ കാരണമായത്. നരേന്ദ്ര മോദിക്കെതിരെയുള്ള ജനവികാരം യു.ഡി.എഫിന് അനുകൂലമായി കേരളത്തിൽ ജനങ്ങളെ വോട്ടു ചെയ്യിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്ന മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും വിലയിരുത്തലുകൾ ശരിവെച്ചു കൊണ്ടാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ഭൂരിഭാഗം പേർ സംസാരിച്ചുവെങ്കിലും നേതാക്കളുടെ ശൈലിയും ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായെന്ന് ഇവർ ചൂണ്ടിക്കാട്ടി. 

നവകേരള സദസ് സർക്കാർ നടത്തിയിട്ട് യാതൊരു പ്രയോജനവും ചെയ്തില്ല, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാർ മർദിച്ച സംഭവം രക്ഷാ പ്രവർത്തനമായി മുഖ്യമന്ത്രി വിശേഷിപ്പിച്ചത് പൊതുജനങ്ങളിൽ അവമതിപ്പുണ്ടാക്കി, ഇത്തരം പ്രസ്താവനകൾ നടത്തുന്നത് മാധ്യമപ്രവർത്തകർക്കു മുൻപിലാണെങ്കിലും അതു ജനങ്ങളിലേക്കാണ് എത്തുന്നതെന്ന കാര്യം മുഖ്യമന്ത്രി ഓർക്കണമായിരുന്നു, പ്രസംഗിക്കവെ കോടായ മൈക്ക് കടന്നു പിടിച്ചു ഒടിക്കുന്ന അസഹിഷ്ണുത മുഖ്യമന്ത്രി കാണിച്ചു, മൈക്ക് ഓപറേറ്റേർക്ക് ക്ലാസെടുത്ത് കൊടുക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ചെയ്തത്, ഇതൊന്നും ജനങ്ങൾ കാണുന്നുണ്ടെന്നു നേതാക്കൾ മറന്നുപോയെന്നും വിമർശനം ഉണ്ടായെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി മാത്രമല്ല പാർട്ടിയിലെ മറ്റു ചില നേതാക്കളും നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പോളിങ് ദിവസം രാവിലെ പറഞ്ഞത് മാധ്യമങ്ങൾ വലിയ ചർച്ചയാക്കി. ഇതു ന്യൂനപക്ഷങ്ങളിൽ ആശങ്കയുണ്ടാക്കുകയും വോട്ടു മാറി ചെയ്യുകയും ചെയ്തു. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലമായ തളിപ്പറമ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ സുധാകരൻ വമ്പൻ ലീഡുയർത്തിയത് എങ്ങനെയെന്ന് പരിശോധിക്കണം. ധർമ്മടത്തും മട്ടന്നൂരും ഭൂരിപക്ഷം ഗണ്യമായ രീതിയിൽ കുറഞ്ഞു. 

സർക്കാരിൻ്റെ ഭരണപരാജയമാണ് വലിയൊരു വിഭാഗം വോട്ടുകൾ മറിച്ചത്. ക്ഷേമ പെൻഷൻ ഉൾപ്പെടെ മുൻഗണനാ ക്രമത്തിൽ കൊടുക്കാൻ കഴിഞ്ഞില്ല. കേന്ദ്രത്തിൽ നിന്നും അർഹമായ വിഹിതം കിട്ടാത്തത് സാമ്പത്തിക ഞെരുക്കമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതു വേണ്ട വിധം ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഞായറാഴ്ച തുടരുന്ന ജില്ലാ കമ്മിറ്റിയംഗങ്ങളുടെ ചർച്ചയോടെ രാത്രി ജില്ല കമ്മിറ്റി യോഗം സമാപിക്കും. കണ്ണൂരിൽ നിന്നുയർന്ന അഭിപ്രായങ്ങളും വിമർശനങ്ങളും ക്രോഡീകരിച്ചു സംസ്ഥാന കമ്മിറ്റിക്ക് അയക്കും. കണ്ണൂർ ഉൾപ്പെടെ 14 ജില്ലകളിൽ നിന്നുയരുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചതിന് ശേഷമാണ് മേഖലാ യോഗത്തിൽ അവതരിപ്പിക്കുക.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia