Allegation | മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന: നിലപാട് മാറ്റിയത് മുസ്ലിം ലീഗിന്റെയും പി വി അൻവറിന്റെയും ഭീഷണിയെ തുടര്‍ന്നെന്ന് കെ സുരേന്ദ്രൻ

 
pinarayi changed stance due to muslim league threat surendr

Photo Credit: Facebook / K Surendran

ADVERTISEMENT

● യുഡിഎഫിനെ ദുർബലപ്പെടുത്താൻ അതിതീവ്രമത ശക്തികളുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് ഇപ്പോൾ മുഖ്യമന്ത്രി അനുഭവിക്കുന്നത്.
● മലപ്പുറത്ത് നടന്ന ഹവാലാ ഇടപാടോ കള്ളപ്പണ ഇടപാടോ കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടതെന്നും സുരേന്ദ്രൻ.

എറണാകുളം: (KVARTHA) മുസ്ലിം ലീഗിന്റെയും പി.വി. അൻവറിന്റെയും ഭീഷണിയെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ നിലപാട് മാറ്റിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. മലപ്പുറത്ത് നടന്ന ഹവാലാ ഇടപാടോ കള്ളപ്പണ ഇടപാടോ കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടതെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ ചോദിച്ചു.

Aster_MIMS

'ഇത് ഇന്നലെ രാവിലെ മുതൽ പുറത്തുവന്ന വാർത്തയാണ്. എന്നാൽ ഇന്ന് വൈകുന്നേരമാണ് മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റം വന്നത്. കരിപ്പൂരിൽ പിടിച്ചെടുത്ത പണത്തിന്റെയോ സ്വർണ്ണത്തിന്റെയോ കണക്കിന് തെറ്റുകളില്ലെങ്കിൽ, മുഖ്യമന്ത്രി എന്തിന് ഭയപ്പെടണം?' സുരേന്ദ്രൻ ചോദിച്ചു.

'അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് മുമ്പിൽ പകച്ചു പോയ മുഖ്യമന്ത്രി നിക്കക്കള്ളിയില്ലാതെയാണ് അൻവറിനെതിരെ പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ കള്ളക്കടത്തുകാരെയും വർഗീയവാദികളെയും സംരക്ഷിച്ച് ഭരിച്ചയാളാണ്. ഇപ്പോൾ അവർക്ക് എതിരെ സംസാരിക്കുന്നത് കപടമായ സമീപനമാണ്. എസ്ഡിപിഐയെ 37 സീറ്റുകളിൽ മത്സരിപ്പിച്ച വ്യക്തിയാണ് പിണറായി. അതിൽ 30 സീറ്റിലും ജയിച്ചത് ഇടതുപക്ഷമായിരുന്നു. അവരുടെ സഹായത്തോടെയാണ് പല തദ്ദേശസ്ഥാപനങ്ങളിലും എൽഡിഎഫ് ഭരണം തുടരുന്നത്,' സുരേന്ദ്രൻ പറഞ്ഞു.

യുഡിഎഫിനെ ദുർബലപ്പെടുത്താൻ അതിതീവ്രമത ശക്തികളുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് ഇപ്പോൾ മുഖ്യമന്ത്രി അനുഭവിക്കുന്നത്. മദനിയുടെ ഒപ്പം ചേർന്ന് മത്സരിച്ച ആളാണ് പിണറായി വിജയൻ. ജമാഅതെ ഇസ്ലാമിയെയും പിഡിപിഎയും അടുക്കള വാതിലിലൂടെ സമീപിച്ചവരാണ് ഇടതുപക്ഷക്കാർ. കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ അതിനെ എതിർത്ത ഏക മുഖ്യമന്ത്രിയാണ് പിണറായി. അദ്ദേഹം നടത്തിയ തീവ്രവാദ അനുകൂല സമീപനങ്ങൾക്കെതിരെയുള്ള പ്രതികരണം ഹിന്ദു വോട്ടുകൾ നേടാൻ ശ്രമിക്കുന്ന തന്ത്രമെന്നും ഇത്‌ ഭൂരിപക്ഷ സമുദായം മുഖവിലയ്ക്കെടുക്കില്ലെന്നും സുരേന്ദ്രൻ വിലയിരുത്തി.

'അൻവറിനെതിരെ പറഞ്ഞാൽ ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് കിട്ടുമെന്നത് വെറും മോഹം മാത്രമാണ്. വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ് പിണറായി വിജയൻ. ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. വോട്ട് ബാങ്കിനായി ഇത്തരത്തിലുള്ള വഴിതെറ്റിയ രാഷ്ട്രീയ നിലപാടുകളാണ് ഇടതു പാർട്ടിയെ കേരളത്തിലുടനീളം തകർത്തത്,' സുരേന്ദ്രൻ പറഞ്ഞു.

#KeralaPolitics #BJP #MuslimLeague #PinarayiVijayan #PVAnwar #GoldSmuggling #Corruption #India

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia