Fact Check | സ്വാതി മലിവാളും ധ്രുവ് റാഠിയും തമ്മിൽ ഫോണിൽ സംസാരിച്ചോ? വൈറലായ ഓഡിയോയുടെ യാഥാർഥ്യമറിയാം
ബിജെപി സർക്കാരിനെ വിമർശിച്ച് രാഷ്ട്രീയ വിഷയങ്ങളിൽ വീഡിയോകൾ നിർമ്മിക്കുകയും എല്ലാ ദിവസവും വാർത്തകളിൽ നിറയുകയും ചെയ്യുന്ന യൂട്യൂബറാണ് ധ്രുവ് റാഠി
ന്യൂഡെൽഹി: (KVARTHA) എഎപി രാജ്യസഭാ എംപി സ്വാതി മലിവാളും യൂട്യൂബർ ധ്രുവ് റാഠിയും തമ്മിലുള്ള ഫോൺ സംഭാഷണമെന്ന പേരിൽ ഒരു ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മെയ് 13ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാർ ആക്രമിച്ചതായി സ്വാതി മലിവാൾ ആരോപിച്ചിരുന്നു. അന്നുമുതൽ, സ്വാതി മലിവാൾ തലക്കെട്ടുകളിൽ തുടരുന്നു. ഭരിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച് രാഷ്ട്രീയ വിഷയങ്ങളിൽ വീഡിയോകൾ നിർമ്മിക്കുകയും എല്ലാ ദിവസവും വാർത്തകളിൽ നിറയുകയും ചെയ്യുന്ന യൂട്യൂബറാണ് ധ്രുവ് റാഠി.
വൈറൽ വീഡിയോ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെയും ഭാര്യ സുനിത കേജ്‌രിവാളിൻ്റെയും മുന്നിൽ വെച്ച് താൻ എങ്ങനെയാണ് ആക്രമിക്കപ്പെട്ടതെന്ന് 'മലിവാൾ' 'ധ്രുവ് റാഠി'യോട് വിശദീകരിക്കുന്നതും അത് വീഡിയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നതും വൈറൽ ഓഡിയോയിൽ കേൾക്കാം. ധ്രുവ് റാഠിക്ക് കൃത്യസമയത്ത് പണം ലഭിക്കുന്നുണ്ടോ എന്നും ഇരുവരും ചർച്ച ചെയ്യുന്നു.
യഥാർഥ വസ്തുത ഇതാണ്
സ്വാതി മലിവാളും ധ്രുവ് റാഠിയും തമ്മിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിർമ്മിത ഫോൺ സംഭാഷണമാണ് ഇരുവരും തമ്മിലുള്ള യഥാർത്ഥ സംഭാഷണമായി സോഷ്യൽ മീഡിയയിൽ പങ്കിടുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. ഓഡിയോ വ്യാജമാണെന്നും ഓഡിയോ എഐ ഉപയോഗിച്ചാണ് കൃത്രിമമായി തയ്യാറാക്കിയതെന്നും പ്രമുഖ ഫാക്‌ട് ചെക്ക് വെബ്‌സൈറ്റായ ബൂം കണ്ടെത്തി. ഡീപ്ഫേക്ക് (Deepfake) സാങ്കേതിക വിദ്യ ഇതിനായി ഉപയോഗിച്ചതായും വിദഗ്ധർ അഭിപ്രായപ്പെട്ടു.
दिल्ली
— Sudheer Pandey(मोदी का परिवार ) (@SudhirPandey_IN) May 24, 2024
स्वाति मालिवाल और ध्रुव राठी का बिडियो हुआ वायरल
स्वाति मालिवाल ने ध्रुव राठी को आप के कहने बिडियो नही बनाने को कहा
केजरीवाल और सुनिता के कहने पर हुआ पिटाई
घ्रूव बिपक्ष के एजेंडे पर बनाता है बिडियो pic.twitter.com/gwaecsSanf
ഡീപ്ഫേക്ക് എന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും കൃത്രിമമായി സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയാണ്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരാളുടെ മുഖം മറ്റൊരാളുടെ ശരീരത്തിലേക്ക് മാറ്റിവെക്കുകയോ അല്ലെങ്കിൽ ഒരാൾ ഒരിക്കലും പറയാത്ത കാര്യങ്ങൾ പറയുന്ന രൂപത്തിൽ വീഡിയോകളും മറ്റും സൃഷ്ടിക്കാൻ സാധിക്കും.
മെയ് 13ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ സഹായി ബിഭാവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് തന്നെ ആക്രമിച്ചതായി ഡെൽഹി പൊലീസിന് നൽകിയ പരാതിയിൽ സ്വാതി മലിവാൾ ആരോപിച്ചിരുന്നു. എന്നാൽ ബിഭാവ് കുമാർ ഈ ആരോപണം നിഷേധിക്കുകയും തൻ്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിന് കത്തെഴുതുകയും ചെയ്തു. മെയ് 18 ന് ഡൽഹി പൊലീസ് കുമാറിനെ അറസ്റ്റ് ചെയ്തു, അദ്ദേഹം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇതിനെത്തുടർന്ന്, യൂട്യൂബർ ധ്രുവ് ഈ സംഭവത്തെക്കുറിച്ച് വീഡിയോ തയ്യാറാക്കുകയും സ്വാതി മലിവാളിൻ്റെ പരാതി വ്യാജമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവരും തമ്മിലുള്ള സംഭാഷണമെന്ന പേരിൽ ഓഡിയോ പ്രചരിക്കുന്നത്.