Criticism | 'ഫെബ്രുവരി 20ന് അറസ്റ്റ് ചെയ്ത ഒരാളെ എങ്ങനെ ഫെബ്രുവരി 18ന് മോചിപ്പിക്കും', പെരിയ കേസിൽ സിബിഐയുടെ കള്ളക്കഥ പൊളിഞ്ഞെന്ന് എം വി ജയരാജൻ
● കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചു.
● 'സിപിഎം വിരുദ്ധ പ്രചരണത്തിനുള്ള തിരിച്ചടികൂടിയാണ് ഈ വിധി'
● 'പ്രതിയെ മോചിപ്പിച്ചു എന്ന് പറയുന്ന സമയത്ത് എസ്ഐ സ്റ്റേഷനിലുണ്ടായിരുന്നു'
കണ്ണൂർ: (KVARTHA) പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേതാക്കളായ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർക്ക് ഹൈകോടതി ജാമ്യം അനുവദിച്ചതോടെ, കേസിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ വലതുപക്ഷ മാധ്യമങ്ങളും കോൺഗ്രസും നടത്തിയ വ്യാജപ്രചാരണങ്ങൾക്ക് തിരിച്ചടിയേറ്റതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. സത്യം ഒടുവിൽ വിജയം കണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2019 ഫെബ്രുവരി 19ന് നടന്ന കൊലപാതകത്തിൽ കെ വി കുഞ്ഞിരാമനോ മറ്റ് സിപിഎം നേതാക്കൾക്കോ യാതൊരു പങ്കുമില്ലെന്ന് ജയരാജൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. കൊലപാതകത്തിന് മുൻപോ ശേഷമോ ഇവർ ഗൂഢാലോചനയിൽ പങ്കെടുത്തതായോ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായതായോ സിബിഐയുടെ കുറ്റപത്രത്തിൽ പോലും പറയുന്നില്ല. സിബിഐയുടെ പ്രധാന ആരോപണം, രണ്ടാം പ്രതിയായ സിബി ജോർജിനെ 2019 ഫെബ്രുവരി 18-ന് പൊലീസ് ജീപ്പിൽ നിന്ന് കെ വി കുഞ്ഞിരാമനും കൂട്ടാളികളും ചേർന്ന് മോചിപ്പിച്ചു എന്നതാണ്. എന്നാൽ, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജയരാജൻ സമർത്ഥിക്കുന്നു.
സിബിഐയുടെ വാദങ്ങളെ ഖണ്ഡിക്കുന്ന സുപ്രധാന തെളിവുകളും ജയരാജൻ നിരത്തുന്നു. സിബി ജോർജിനെ ഫെബ്രുവരി 20-നാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും, അങ്ങനെയെങ്കിൽ ഫെബ്രുവരി 18-ന് ഇയാളെ മോചിപ്പിച്ചു എന്ന സിബിഐയുടെ വാദം എങ്ങനെ വിശ്വസിക്കാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു. പ്രതിയെ മോചിപ്പിച്ചു എന്ന് സിബിഐ പറയുന്ന സമയത്ത്, ബേക്കൽ എസ്ഐയും എഎസ്ഐയും പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നു എന്ന് പൊലീസ് സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറൽ ഡയറി (ജി.ഡി) വ്യക്തമാക്കുന്നു.
എസ്ഐ ആ സമയത്ത് മറ്റൊരു എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നും ജിഡിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ സ്വന്തം കൈപ്പടയിൽ ജിഡിയിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന മഞ്ചേശ്വരം സിഐ പ്രതികളെ സഹായിച്ചു എന്ന് സിബിഐ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, കാസർകോട് അഡീഷണൽ എസ്.പി നടത്തിയ അന്വേഷണത്തിൽ ഈ ആരോപണവും തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
സിബിഐയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ ജാമ്യം ലഭിച്ചതെന്ന് ജയരാജൻ പറയുന്നു. സിപിഎമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചരണങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഈ കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.വി. ജയരാജന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
നിറംപിടിപ്പിച്ച നുണകളുടെ ദയനീയമായ അന്ത്യം
പെരിയ കേസിൽ സത്യം തെളിഞ്ഞു എന്നും ഗൂഢാലോചയിൽ പങ്കാളിയായ നേതാക്കളെ ശിക്ഷിച്ചു എന്നും മറ്റുമുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും കോൺഗ്രസ്സുകാരുടെയും ആഹ്ലാദത്തിന് അല്പായുസ്സ് മാത്രം. സത്യം ഒരുനാൾ തെളിയുമെന്ന് നിറം പിടിപ്പിച്ച വാർത്തകൾ പടയ്ക്കുന്ന മാധ്യമങ്ങൾ കരുതേണ്ടതായിരുന്നു. കെ.വി. കുഞ്ഞിരാമൻ അടക്കമുള്ള സിപിഐ(എം) നേതാക്കൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സിപിഐ(എം) നേരത്തെ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്.
കെ.വി. കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾക്ക് 2019 ഫെബ്രുവരി 19ന് നടന്ന പെരിയ കൊലപാതകത്തിൽ യാതൊരു പങ്കുമില്ല.
കൊലയ്ക്ക് മുമ്പ് ഗൂഢാലോചനയിലോ കൊലനടക്കുമ്പോൾ പങ്കാളിയായോ ഇവർ കുറ്റക്കാരാണെന്ന ആരോപണം പോലും സിബിഐ ഉയർത്തിയിട്ടില്ല. രണ്ടാം പ്രതി സിബി ജോർജ്ജിനെ പോലീസ് സ്‌റ്റേഷനിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഒരിടത്തുവെച്ച് പോലീസ് ജീപ്പിൽ നിന്നും 2019 ഫെബ്രുവരി 18-ാം തീയതി കെ.വി. കുഞ്ഞിരാമൻ അടക്കമുള്ളവർ മോചിപ്പിച്ചു എന്ന കുറ്റമാണ് അവരുടെ മേൽ സിബിഐ ചുമത്തിയിരുന്നത്. നേരത്തേ പോലീസ് അന്വേഷണം നടത്തിയപ്പോൾ ഇവർ കുറ്റക്കാരായിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തി എന്ന സിബിഐ ആരോപണം വിചാരണക്കോടതി പോലും തള്ളി. ഫെബ്രുവരി 18ന് രണ്ടാം പ്രതിയായ സജി ജോർജ്ജിനെ പോലീസ് അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിരുന്നില്ല.
അറസ്റ്റ് ചെയ്തതാവട്ടെ, ഫെബ്രുവരി 20നാണ്. ഫെബ്രുവരി 20ന് പോലീസ് അറസ്റ്റ് ചെയ്ത ഒരാളെ എങ്ങനെയാണ് ഫെബ്രുവരി 18ന് മോചിപ്പിക്കുക? പ്രതിയെ മോചിപ്പിച്ചതായി സിബിഐ ആരോപണം ഉന്നയിച്ച ഇല്ലാത്ത സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നതായി സിബിഐ പറയുന്നത് ബേക്കൽ എസ്.ഐ., എ.എസ്.ഐ., എന്നീ പോലീസുദ്യോഗസ്ഥന്മാരാണ്. എന്നാൽ ആ സമയത്ത് ഇവർ രണ്ടുപേരും ബേക്കൽ പോലീസ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നു എന്നാണ് പോലീസ് സ്‌റ്റേഷനിലെ സുപ്രധാന രേഖയായ ജി.ഡി. പ്രകാരം തെളിഞ്ഞത്. എസ്.ഐ. ആവട്ടെ ആ സമയത്ത് മറ്റൊരു എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
രണ്ട് പോലീസ് ഉദ്യോഗസ്ഥന്മാരുടെയും സ്വന്തം കൈപ്പടയിൽ ജി.ഡി.യിൽ വസ്തുതകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ എസ്.ഐ. ആകട്ടെ, സംഭവസമയത്ത് ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതായി ജി.ഡി.യിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രതികളെ മോചിപ്പിക്കുന്ന സമയത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്ന മഞ്ചേശ്വരം സിഐ പ്രതികളെ സഹായിച്ചു എന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിബിഐ ആഭ്യന്തര സെക്രട്ടറിക്ക് ഒരു പരാതി നൽകിയിരുന്നു.
ആ പരാതിയിന്മേൽ സംസ്ഥാന സർക്കാർ നിർദ്ദേശമനുസരിച്ചു കാസർഗോഡ് അഡീഷണൽ എസ്.പി.യെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ബേക്കൽ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്മാരെയെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിസ്തരിക്കുകയും ചെയ്തിരുന്നു. പ്രതികളെ മോചിപ്പിച്ചു എന്ന സംഭവമേ ഉണ്ടായിട്ടില്ലെന്നും ക്രമസമാധാന ചുമതല നിർവ്വഹിക്കുന്ന സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തെളിഞ്ഞതാണ്. സിബിഐ കള്ളക്കഥയാണുണ്ടാക്കിയത് എന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്.
വലതുപക്ഷ മാധ്യമങ്ങൾ സിപിഐ(എം)നെതിരായി വലിയതോതിലാണ് വാർത്തകൾ വിന്യസിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ സിപിഐ(എം) വിരുദ്ധ പ്രചരണത്തിനുള്ള തിരിച്ചടികൂടിയാണ് ഈ വിധി.
#PeriyaCase #CBI #MVJayarajan #KeralaPolitics #CourtVerdict #FalseAllegations